'സതീശൻ ഭംഗിയായി ഉത്തരവാദിത്തം നിറവേറ്റി, മുഖ്യമന്ത്രി തീരുമാനം ലീഗിനോടും ആലോചിച്ചാവുമെന്ന് വിശ്വസിക്കുന്നു'

'മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളോട് ചര്‍ച്ച ചെയ്താവും മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്ന് വിശ്വസിക്കുന്നു'

മലപ്പുറം: വി ഡി സതീശനെ പുകഴ്ത്തി മുസ്ലിം ലീഗ്. വി ഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് നേടിയത് മികച്ച വിജയമാണെന്നും അഞ്ചുവര്‍ഷം അദ്ദേഹം ഭംഗിയായി ഉത്തരവാദിത്തം നിറവേറ്റിയെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഹൈക്കമാന്‍ഡ് ആണ് വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയത്. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതും ഹൈക്കമാന്‍ഡ് ആണ്. മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളോട് ചര്‍ച്ച ചെയ്താവും ആ തീരുമാനം എടുക്കുക. മുസ്‌ലിം ലീഗിനോടും ആലോചിച്ചാവും തീരുമാനിക്കുകയെന്ന് വിശ്വസിക്കുന്നുവെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

പി കെ കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയായേക്കുമെന്ന സൂചനയും സാദിഖലി തങ്ങള്‍ പങ്കുവെച്ചു. യുഡിഎഫിനെ ശക്തിപ്പെടുത്തുന്നതില്‍ അദ്ധ്വാനിക്കുന്ന നേതാവാണ് കുഞ്ഞാലിക്കുട്ടി. അദ്ദേഹത്തിന് അര്‍ഹിക്കുന്നത് ആ രീതിയില്‍ മുന്നോട്ട് പോകും. കേരള രാഷ്ട്രീയത്തില്‍ മുസ്‌ലിം ലീഗിന് അര്‍ഹതപ്പെട്ടത് തരാന്‍ യുഡിഎഫ് സര്‍വ്വതാ സന്നദ്ധമാണെന്ന് വിശ്വസിക്കുന്നു. അത് പ്രത്യേകിച്ച് ചോദിക്കേണ്ട കാര്യമില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

യുഡിഎഫ് മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ ഉണ്ടാകുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. പി കെ കുഞ്ഞാലിക്കുട്ടിയോടൊപ്പം മന്ത്രിമാരായി പുതുമുഖങ്ങളും ഉണ്ടാകും. മുസ്ലിം ലീഗിന് ഇഷ്ടം പോലെ പുതുമുഖങ്ങള്‍ ഉണ്ട്. അവരെയായിരിക്കും പരിഗണിക്കേണ്ടി വരികയെന്നായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം.

വര്‍ഗീയതയ്ക്കെതിരായ തെരഞ്ഞെടുപ്പ് ഫലമായിരുന്നു കേരളത്തിന്റേതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. 'പച്ച വര്‍ഗീയത സംസാരിക്കുന്ന ആളുകളുണ്ട്. അവര്‍ക്ക് പറ്റിയ മണ്ണല്ല കേരളമമെന്ന് തെളിയിച്ചു. ന്യൂനപക്ഷ സമുദായത്തില്‍ നിന്നും ഭൂരിപക്ഷ സമുദായത്തില്‍ നിന്നും പച്ച വര്‍ഗീയത പറയുന്ന ആളുകളെ അടക്കി നിര്‍ത്താന്‍ തെരഞ്ഞെടുപ്പ് ഫലത്തിന് സാധിച്ചു. ഞങ്ങള്‍ അംഗീകരിക്കാത്ത പാര്‍ട്ടികളുടെ പിന്തുണ വന്നപ്പോള്‍ യുഡിഎഫ് ഉറച്ച തീരുമാനമെടുത്തു. വര്‍ഗീയത പ്രോത്സാഹിപ്പിക്കരുതെന്ന നിലപാട്. അത് പൊതുസമൂഹം വെറുക്കും. അയ്യേ എന്ന് പറഞ്ഞ് തള്ളും. അത് മനസിലാക്കാതെ എല്‍ഡിഎഫ് പോയത് അവിശ്വസനീയമാണ്. വര്‍ഗീയതയോട് സമരസപ്പെടുക എന്ന് പറയുന്നത് ചിന്തിക്കാനേ വയ്യ. കേന്ദ്രത്തില്‍ ബിജെപി സാമുദായിക വേര്‍തിരിവ് നടത്തിയാണ് വോട്ട് നേടുന്നത്. കേരളത്തിലും അത് വന്നു. ഇടതുപക്ഷം അതിന് ശ്രമിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ന്യൂനപക്ഷ വര്‍ഗീയതയെയും അതിന് ശേഷം ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ചു. അത് സംഭവിക്കാന്‍ പാടില്ലായിരുന്നു' എന്നാണ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

Content Highlights: Muslim League sadiq ali shihab thangal Praise V D Satheesan

To advertise here,contact us