'പേരാമ്പ്രയിൽ തഹ്‌ലിയയുടേത് വൻ വിജയം, ജോയ് ജയിച്ചത് അഭിമാനം'; വർഗീയതയ്‌ക്കെതിരായ ഫലമെന്ന് PK കുഞ്ഞാലിക്കുട്ടി

യുഡിഎഫ് അനുകൂല തരംഗമുണ്ടാകുമെന്ന് കുറച്ച് കാലമായി തോന്നിയിരുന്നുവെന്നും പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ചരിത്ര ഭൂരിപക്ഷം നേടിയത് സന്തോഷമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും നിയുക്ത മലപ്പുറം എംഎല്‍എയുമായ പി കെ കുഞ്ഞാലിക്കുട്ടി. തിരിച്ച് മണ്ഡലത്തിലെത്തിയപ്പോള്‍ അസാധാരണമായ സ്വാഗതം കിട്ടിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് അനുകൂല തരംഗമുണ്ടാകുമെന്ന് കുറച്ച് കാലമായി തോന്നിയിരുന്നുവെന്നും കരുതിയ ഭൂരിപക്ഷം കിട്ടിയെന്നും പി കെ കുഞ്ഞാലിക്കുട്ടി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

'2008ന് ശേഷമുണ്ടായ മണ്ഡല പുനര്‍നിര്‍ണയത്തില്‍ എല്‍ഡിഎഫിന് അനുകൂലമായാണ് മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിച്ചത്. അങ്ങനെയുള്ള പരിതസ്ഥിതിയില്‍ ഇങ്ങനൊരു തോല്‍വിയുണ്ടായത് രാഷ്ട്രീയ മാറ്റമാണ്. പയ്യന്നൂരിലെ ഫലത്തിന് എന്ത് വിശദീകരണമാണ് നല്‍കാനുള്ളത്. 2001ല്‍ ഉള്ളത് പോലെ അല്ല, രാഷ്ട്രീയമായ അടിയൊഴുക്കാണ് ഇത്തവണ ഉണ്ടായത്', പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പേരാമ്പ്രയില്‍ ഫാത്തിമ തഹ്‌ലിയയുടേത് വന്‍ വിജയമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫിന്റെ കണ്‍വീനറെ അവരുടെ കോട്ടയില്‍ തോല്‍പ്പിച്ചു. പേരാമ്പ്രയിലെ വിജയത്തില്‍ നിന്നും കേരളത്തില്‍ വര്‍ഗീയത വിലപോകില്ല എന്ന സന്ദേശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തവനൂരില്‍ വി എസ് ജോയി ജയിച്ചതില്‍ അഭിമാനമുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തവനൂരില്‍ എല്ലാ പഞ്ചായത്തും ലീഗിന്റേതാണ്. അവിടെ സമുദായമില്ല. അതുപോലെ പാര്‍ട്ടിയില്ലെന്നും അങ്ങനെ ഒരു രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ പറ്റുന്നുവെന്നതില്‍ അഭിമാനമുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

വര്‍ഗീയതയ്‌ക്കെതിരായ തെരഞ്ഞെടുപ്പ് ഫലമായിരുന്നു കേരളത്തിന്റേതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 'പച്ച വര്‍ഗീയത സംസാരിക്കുന്ന ആളുകളുണ്ട്. അവര്‍ക്ക് പറ്റിയ മണ്ണല്ല കേരളമമെന്ന് തെളിയിച്ചു. ന്യൂനപക്ഷ സമുദായത്തില്‍ നിന്നും ഭൂരിപക്ഷ സമുദായത്തില്‍ നിന്നും പച്ച വര്‍ഗീയത പറയുന്ന ആളുകളെ അടക്കി നിര്‍ത്താന്‍ തെരഞ്ഞെടുപ്പ് ഫലത്തിന് സാധിച്ചു. ഞങ്ങള്‍ അംഗീകരിക്കാത്ത പാര്‍ട്ടികളുടെ പിന്തുണ വന്നപ്പോള്‍ യുഡിഎഫ് ഉറച്ച തീരുമാനമെടുത്തു.

വര്‍ഗീയത പ്രോത്സാഹിപ്പിക്കരുതെന്ന നിലപാട്. അത് പൊതുസമൂഹം വെറുക്കും. അയ്യേ എന്ന് പറഞ്ഞ് തള്ളും. അത് മനസിലാക്കാതെ എല്‍ഡിഎഫ് പോയത് അവിശ്വസനീയമാണ്. വർഗീയതയോട് സമരസപ്പെടുക എന്ന് പറയുന്നത് ചിന്തിക്കാനേ വയ്യ. കേന്ദ്രത്തില്‍ ബിജെപി സാമുദായിക വേര്‍തിരിവ് നടത്തിയാണ് വോട്ട് നേടുന്നത്. കേരളത്തിലും അത് വന്നു. ഇടതുപക്ഷം അതിന് ശ്രമിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ന്യൂനപക്ഷ വര്‍ഗീയതയെയും അതിന് ശേഷം ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ചു. അത് സംഭവിക്കാന്‍ പാടില്ലായിരുന്നു', പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഏകപക്ഷീയമായി ഇന്ത്യന്‍ രാഷ്ട്രീയം പോകുന്നത് വലിയ അപകടമാണെന്നും മമതയുടെ തോല്‍വിയും സ്റ്റാലിന്റെ തോല്‍വിയും ആ ഗണത്തില്‍ വരുമെന്ന് അദ്ദേഹം പറഞ്ഞു. ഉപമുഖ്യമന്ത്രി ചര്‍ച്ച ഈ ഘട്ടത്തില്‍ കൊണ്ടുവന്ന് വലിച്ചിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തെരഞ്ഞെടുപ്പിന് മുമ്പും അത് തന്നെയാണ് പറഞ്ഞതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇപ്പോഴും അങ്ങനെ ഒരു ആവശ്യം ഇല്ലെന്നും ലീഗിനെ എംഎല്‍എമാരുടെ എണ്ണം നോക്കിയല്ല കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

'ഞങ്ങളുടെ ശക്തിയെക്കുറിച്ച് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. അതിന് അനുസരിച്ചുള്ള സീറ്റിന്റെ എണ്ണമോ പദവിയുടെ എണ്ണമോ നമുക്ക് കാലങ്ങളായി കിട്ടാറില്ല. അതിന് പരാതിപ്പെടാറുമില്ല', പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഷ്ട്രീയത്തില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലമായി അനുഭവപ്പെട്ടത് ബാബരി മസ്ജിദ് തകര്‍ത്ത കാലഘട്ടമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതൊരു ടെസ്റ്റ് സമയമായിരുന്നു. ആ ഒരു കാലഘട്ടം തരണം ചെയ്തിട്ടുണ്ട്. ആ സമയത്ത് ആലപ്പുഴയില്‍ പ്രസംഗിക്കാന്‍ ചെന്നപ്പോള്‍ വലിയ കല്ലേറിന് നടുവിലാണ് പ്രസംഗിച്ചത്. ആ കാലഘട്ടത്തില്‍ മതേതരത്വം പരിരക്ഷിക്കാന്‍ പാട്‌പെട്ടു. പാര്‍ട്ടി തകര്‍ന്നു. ആ ഘട്ടം തരണം ചെയ്തതാണ് രാഷ്ട്രീയം ഏറ്റവും വലിയ പ്രതിസന്ധിയായി കണക്കാക്കുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Content Highlights: Muslim League leader P K Kunhalikkutty about Kerala Assembly Election 2026

To advertise here,contact us