ഭരണത്തുടര്‍ച്ച തേടിയിറങ്ങിയ എല്‍ഡിഎഫിന് നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാണ് നേരിട്ടത്. 102 സീറ്റുകൾ നേടി യുഡിഎഫ് മുന്നേറിയപ്പോൾ പത്ത് വര്‍ഷത്തെ ഭരണത്തിനിപ്പുറം എല്‍ഡിഎഫിന്റെ പ്രാതിനിധ്യം മൂന്നിലൊന്നായി ചുരുങ്ങി. മുന്‍ സഭയിലെ എംഎല്‍എമാര്‍ക്ക് പുറമെ മന്ത്രിമാര്‍ക്ക് ഉള്‍പ്പെടെ അടിപതറി. എല്‍ഡിഎഫ് സര്‍ക്കാരിലെ 13 മന്ത്രിമാരാണ് തെരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങിയത്.
വി ശിവന്‍കുട്ടി
തുടര്‍ വിജയം പ്രതീക്ഷിച്ച് നേമത്ത് മത്സരത്തിനിറങ്ങിയ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനോടാണ് തോൽവി ഏറ്റുവാങ്ങിയത്. 4,978 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു രാജീവ് ചന്ദ്രശേഖറിൻ്റെ ജയം. കോണ്‍ഗ്രസിന്റെ അഡ്വ. കെ എസ് ശബരീനാഥന് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
പി രാജീവ്
കളമശേരി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, മുസ്ലിം ലീഗിന്റെ വി ഇ അബ്ദുല്‍ ഗഫൂറിനോട് 16,312 വോട്ടിനാണ് പരാജയപ്പെട്ടത്. രാജീവ് 64294 വോട്ടുകൾ നേടിയപ്പോൾ വി ഇ അബ്ദുൽ ഗഫൂർ നേടിയത് 80606 വോട്ടുകളാണ്. മന്ത്രിയെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന വിലയിരുത്തലുകള്‍ക്കിടെ അപ്രതീക്ഷിതമാണ് രാജീവിൻ്റെ തോൽവി.
എം ബി രാജേഷ്
തദ്ദേശ സ്വയംഭരണം, എക്സൈസ് വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന എം ബി രാജേഷ് തൃത്താലയിൽ നിന്നായിരുന്നു ജനവിധി തേടിയത്. ഇവിടെ കോണ്‍ഗ്രസിന്റെ വി ടി ബല്‍റാം 8385 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. 68,042 വോട്ടുകള്‍ എം ബി രാജേഷ് നേടിയപ്പോള്‍, ബല്‍റാമിന്റെ അക്കൗണ്ടിലെത്തിയത് 76,427 വോട്ടുകളാണ്.
വീണാ ജോര്‍ജ്
ആറന്മുളയിൽ നിന്ന് രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട വീണാ ജോർജിന് മന്ത്രി സ്ഥാനമായിരുന്നു നൽകിയത്, അതും ആരോഗ്യവകുപ്പ്. ആരോഗ്യമന്ത്രിയെന്ന നിലയില്‍ വീണാ ജോർജ് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിരുന്നു. ഇതിനിടെ വിമർശനങ്ങളും പ്രതിപക്ഷ പ്രതിഷേധങ്ങളും നേരിട്ടു.
കോണ്‍ഗ്രസിന്റെ അബിന്‍ വര്‍ക്കിയോട് അപ്രതീക്ഷിതമായാണ് വീണാ ജോർജിൻ്റെ തോൽവി. 18,985 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു അബിൻ വർക്കിയുടെ ജയം. അബിൻ വർക്കി 70,083 വോട്ടുകൾ നേടിയപ്പോൾ വീണാ ജോർജിന് 51,098 വോട്ടുകൾ മാത്രമാണ് നേടാനായത്.
കടന്നപ്പള്ളി രാമചന്ദ്രന്
കണ്ണൂരില്‍ ഹാട്രിക് വിജയം ലക്ഷ്യംവെച്ചായിരുന്നു കടന്നപ്പള്ളി രാമചന്ദ്രന് ഇക്കുറി മത്സരത്തിനിറങ്ങിയത്. രജിസ്ട്രേഷന് വകുപ്പ് മന്ത്രിയായിരുന്ന കടന്നപ്പള്ളി, കോണ്‍ഗ്രസിന്റെ അഡ്വ. ടി ഒ മോഹനനോടാണ് പരാജയപ്പെട്ടത്. 18,551 വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്.
വി എന്‍ വാസവന്
ഏറ്റുമാനൂരില്‍ കോണ്‍ഗ്രസിന്റെ നാട്ടകം സുരേഷിനോടാണ് ദേവസ്വം മന്ത്രി വി എന്‍ വാസവന് പരാജയപ്പെട്ടത്. 19,752 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു സുരേഷിൻ്റെ ജയം.
ആര് ബിന്ദു
ഇരിങ്ങാലക്കുടയിൽ നിന്ന് ജനവിധി തേടിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന ആർ ബിന്ദുവിൻ്റെ പ്രധാന എതിരാളി കേരള കോൺഗ്രസിൻ്റെ അഡ്വ. തോമസ് ഉണ്ണിയാടനായിരുന്നു. 10,212 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു തോമസ് ഉണ്ണിയാടൻ്റെ ജയം. തോമസ് ഉണ്ണിയാടൻ 66,282 വോട്ടുകൾ നേടിയപ്പോൾ ബിന്ദുവിന് നേടാനായത് 56,070 വോട്ടുകളാണ്.
റോഷി അഗസ്റ്റിന്
2001 മുതല്‍ തുടര്‍ച്ചയായി അഞ്ചുതവണ മത്സരിച്ചു ജയിച്ച ഇടുക്കി മണ്ഡലം ഇത്തവണ റോഷി അഗസ്റ്റിനെ കൈവിട്ടു. ജലവിഭവ മന്ത്രിയെന്ന നിലയിലുള്ള വികസന നേട്ടങ്ങളും മൃദുഭാഷിയായ എംഎല്‍എ എന്ന പ്രതിഛായയും ഇത്തവണ അദ്ദേഹത്തിന് തുണയായില്ല. കോൺഗ്രസിൻ്റെ റോയ് കെ പൗലോസിനോടായിരുന്നു റോഷി അഗസ്റ്റിൻ പരാജയം ഏറ്റുവാങ്ങിയത്. 23,822 വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു റോയ് കെ പൗലോസിൻ്റെ ജയം. ഇടുക്കിയുടെ രാഷ്ട്രീയ ചരിത്രത്തില്‍ 1987ന് ശേഷം ആദ്യമായാണ് ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൈപ്പത്തി ചിഹ്നത്തില്‍ വിജയിച്ചു കയറുന്നത്.
ജെ ചിഞ്ചുറാണി
മൃഗപരിപാലന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ചടയമംഗലത്ത് കോണ്‍ഗ്രസിന്റെ എം എം നസീറിനോടാണ് പരാജയം ഏറ്റുവാങ്ങിയത്. 7,486 വോട്ടിന്റെ ഭൂരിപക്ഷമാണ് നസീര്‍ നേടിയത്. എം എം നസീർ 68,281 വോട്ടുകൾ നേടിയപ്പോൾ ചിഞ്ചുറാണിക്ക് നേടാനായത് 68,281 വോട്ടുകളാണ്.
എ കെ ശശീന്ദ്രന്
മൂന്ന് തവണ എലത്തൂരിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എ കെ ശശീന്ദ്രനെ ഇത്തവണ ജനം കൈവിട്ടു. 12,162 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് കോൺഗ്രസിൻ്റെ വിദ്യ ബാലകൃഷ്ണനാണ് ശശീന്ദ്രനെ പരാജയപ്പെടുത്തിയത്. വിദ്യ ബാലകൃഷ്ണൻ 77,662 വോട്ടുകൾ നേടിയപ്പോൾ 65,500 വോട്ടുകളാണ് ശശീന്ദ്രൻ നേടിയത്. 1980 മുതൽ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടുവരുന്ന എ കെ ശശീന്ദ്രന് പിണറായി സർക്കാരിൽ രണ്ട് തവണയും മന്ത്രി സ്ഥാനം നൽകിയിരുന്നു. ഇത്തവണ വനം വകുപ്പായിരുന്നു ശശീന്ദ്രൻ കൈകാര്യം ചെയ്തിരുന്നത്. വന്യജീവി വിഷയങ്ങളിൽ വനംവകുപ്പിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.
വി അബ്ദുറഹിമാന്
കായിക വകുപ്പ് മന്ത്രിയായിരുന്ന വി അബ്ദുറഹിമാന് ഇത്തവണ തിരൂരിൽ നിന്നായിരുന്നു ജനവിധി തേടിയത്. മുസ്ലിം ലീഗിന്റെ കുറുക്കോളി മൊയ്തീനായിരുന്നു പ്രധാന എതിരാളി. 24,137 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മൊയ്തീൻ്റെ ജയം. അബ്ദുറഹിമാന് 81,971 വോട്ടുകള്‍ നേടിയപ്പോള്‍ 1,06,108 വോട്ടുകളാണ് മൊയ്തീന്റെ അക്കൗണ്ടിലെത്തിയത്.
കെ ബി ഗണേഷ് കുമാര്‍
നഷ്ടത്തിലായിരുന്ന കെഎസ്ആർടിസിയെ ലാഭത്തിലെത്തിച്ചത് ഗതാഗത മന്ത്രിയായിരുന്ന കെ ബി ഗണേഷ് കുമാർ ആയിരുന്നു. എന്നാൽ വോട്ടെടുപ്പിന് തൊട്ടുമുൻപ് ഗണേഷ് കുമാറിനെതിരെ ഭാര്യ ഉയർത്തിയ പരാതി പ്രതിപക്ഷം വലിയ രീതിയിൽ ആയുധമാക്കിയിരുന്നു. ഇതടക്കം ഗണേഷ് കുമാറിന് തിരിച്ചടിയായി. പത്തനാപുരത്ത് കോണ്‍ഗ്രസിന്റെ ജ്യോതികുമാര്‍ ചാമക്കാലയോടാണ് ഗണേഷ് കുമാർ പരാജയം ഏറ്റുവാങ്ങിയത്. 8,310 വോട്ടിന്റെ ഭൂരിപക്ഷമാണ് ചാമക്കാല നേടിയത്.
ഒ ആര് കേളു
മാനന്തവാടിയില്‍ ജനപ്രിയനായ എംഎല്‍എ എന്ന വിശേഷണം നേടിയിരുന്ന ഒ ആര് കേളുവിന്റെ പരാജയം പാര്‍ട്ടിക്ക് തിരിച്ചടിയായി. പട്ടിക ജാതി/ പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയെന്ന നിലയില്‍ രണ്ട് വര്‍ഷത്തോളമാണ് കേളു പ്രവര്‍ത്തിച്ചത്. ഇത്തവണ ഭൂരിപക്ഷം കുറഞ്ഞാലും ജയിക്കുമെന്നായിരുന്നു പാര്‍ട്ടിയുടെ വിലയിരുത്തല്‍. എന്നാൽ കോൺഗ്രസിൻ്റെ ഉഷ വിജയൻ വിജയം നേടി. 10,543 വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു ഉഷ വിജയൻ്റെ ജയം.
Content Highlights: 13 ministers from incumbent LDF government failed in Kerala assembly election 2026 - Kerala Election Results 2026