പാലക്കാട്: പാലക്കാട് നല്ല ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിക്കുമെന്ന് വി കെ ശ്രീകണ്ഠൻ എംപി. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തിനടുത്ത് തന്നെ എത്തുമെന്നും നല്ല ഭൂരിപക്ഷത്തില്‍ പാലക്കാട് യുഡിഎഫ് നിലനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ എല്‍ഡിഎഫിന് ഉണ്ടായിരുന്ന മേല്‍ക്കൈ ഇത്തവണ ഉണ്ടാകില്ലെന്നും യുഡിഎഫിന് ശക്തമായ മുന്നേറ്റമുണ്ടാകുമെന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞു. പത്തുവര്‍ഷത്തെ ഭരണവിരുദ്ധ വികാരം കൃത്യമായി പ്രതിഫലിച്ച ജില്ലയാണ് പാലക്കാടെന്നും രണ്ട് മന്ത്രിമാരുണ്ടായിട്ടും പാലക്കാട്ടെ കര്‍ഷകര്‍ക്കായി ഒന്നും ചെയ്തിട്ടില്ലെന്നും ശ്രീകണ്ഠൻ കുറ്റപ്പെടുത്തി. കോങ്ങാട് അട്ടിമറി വിജയം ഉണ്ടാകുമെന്നും ഒരു വീട്ടിൽ തന്നെ MPയും MLAയും ഉണ്ടായാൽ അത്ഭുതപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പന്ത്രണ്ടില്‍ ഏഴ് സീറ്റിലെങ്കിലും യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും വി കെ ശ്രീകണ്ഠൻ വ്യക്തമാക്കി. മാധ്യമങ്ങളോടായിരുന്നു എംപിയുടെ പ്രതികരണം.
'പാലക്കാടിന്റേത് മതേതര മനസാണ്. ഇവിടെ ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ല. ഇവിടുളളവര്‍ സമാധാനമായും സുരക്ഷിതമായും ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. പരസ്പരം എല്ലാ വിശ്വാസങ്ങളെയും ഉള്‍ക്കൊളളുന്നവരാണ്. പാലക്കാട് ഒരു വര്‍ഗീയ പാര്‍ട്ടിക്ക് വിജയിക്കാനുളള സാഹചര്യമില്ല. യുഡിഎഫിന്റെ മതേതര മുന്നണി ശക്തമാണ്. അത് തിരിച്ചറിയാനുളള കഴിവ് പാലക്കാടുകാര്ക്കുണ്ട്. പാലക്കാട് ജില്ലയില്‍ പാരമ്പര്യമായി സിപിഐഎം വിജയിച്ചിരുന്ന മണ്ഡലങ്ങള്‍ പലതിലും അട്ടിമറി വിജയം യുഡിഎഫിനുണ്ടാകും'- വി കെ ശ്രീകണ്ഠൻ പറഞ്ഞു.
കോൺഗ്രസിൽ നടക്കുന്ന മുഖ്യമന്ത്രി ചർച്ചകളിലും അദ്ദേഹം പ്രതികരിച്ചു. 'എന്തായാലും കോണ്‍ഗ്രസുകാരനായ നേതാവ് മുഖ്യമന്ത്രിയാകും. ഏത് നേതാവായാലും കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അത് താല്‍പ്പര്യമാണ്. പിന്നെ ഇഷ്ടമുളള നേതാക്കള്‍ക്കുവേണ്ടി അഭിപ്രായപ്രകടനം ഒക്കെ നടത്തിയെന്ന് വരും. ഇത് ജനാധിപത്യ പാര്‍ട്ടിയല്ലേ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നടക്കില്ലല്ലോ? അവിടെ അഭിപ്രായം പറഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ? കോണ്‍ഗ്രസിന് രീതികളുണ്ട്. അത് പ്രകാരം മുഖ്യമന്ത്രിയെ തീരുമാനിക്കും. പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ ആ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടാകും'- വി കെ ശ്രീകണ്ഠൻ കൂട്ടിച്ചേർത്തു.
Content Highlights: UDF will win at least seven out of 12 seats in Palakkad- VK Sreekandan