ബിജെപി അക്കൗണ്ട് തുറന്നാല്‍ എന്താണ് പ്രശ്‌നം; സിപിഐഎം തന്നെ വരണമെന്നാണ് ആഗ്രഹം: വെള്ളാപ്പള്ളി നടേശന്‍

യുഡിഎഫ് തോറ്റാല്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വനവാസത്തിന് പോകരുതെന്നും വെള്ളാപ്പള്ളി

കൊച്ചി: അധികാരത്തില്‍ വീണ്ടും സിപിഐഎം വരണമെന്നാണ് ആഗ്രഹമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സത്യസന്ധമായി കാര്യങ്ങള്‍ പറയുമ്പോള്‍ ചിലര്‍ക്ക് പരിഭവം തോന്നുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എക്‌സിറ്റ് പോള്‍ എല്ലായ്‌പ്പോഴും ശരിയാകണം എന്നില്ലെന്നും ബിജെപി നിര്‍ണായക ഘടകം ആകുമെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.

എന്‍ഡിഎ 14 സീറ്റ് ഒന്നും പിടിക്കില്ലെന്നും പക്ഷെ അക്കൗണ്ട് തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കലഹം അല്ലെ നടക്കുകയെന്നും വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു. ഭരണം കിട്ടുമെന്ന് തോന്നുമ്പോള്‍ ഇങ്ങനെ ആണെങ്കില്‍ കിട്ടിയാല്‍ എന്തായിരിക്കുമെന്നും ബിജെപി അക്കൗണ്ട് തുറന്നാല്‍ എന്താണ് പ്രശ്‌നമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

'രാജ്യം ഭരിക്കുന്ന പാര്‍ട്ടി അല്ലെ. ബിജെപി വന്നാല്‍ ഒരു പ്രശ്‌നവുമില്ല. ഒരു തിരുത്തല്‍ ശക്തിയായി ഉണ്ടാകുമല്ലോ. സതീശന്‍ മുഖ്യമന്ത്രി ആകണമെന്ന് ലീഗ് പറഞ്ഞത് ശരിയല്ല. ഒരു ഘടകകക്ഷിക്ക് അതിനുള്ള അധികാരം ഇല്ല. കോണ്‍ഗ്രസില്‍ ഹൈക്കമാന്‍ഡ് ഇല്ലേ. പാണക്കാട് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ആകുന്നു', വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

സിപിഐഎം അണികളില്‍ ഒരു അലസത വന്നിട്ടിട്ടുണ്ടെന്നും പത്ത് വര്‍ഷമായി അധികാരത്തില്‍ ഇരുന്നത് കൊണ്ട് അലസത വന്നെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു. താഴെ തട്ടില്‍ ഇത്തവണ പ്രവര്‍ത്തനം ശക്തമല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. തുടര്‍ച്ചയായ 10 വര്‍ഷത്തെ ഭരണം എല്‍ഡിഎഫില്‍ താഴെ തട്ടിലെ അണികളെ ആലസ്യത്തിലാക്കി.

പിണറായി വിജയന്‍ തന്നെ മുഖ്യമന്ത്രി ആകണമെന്നും എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പോരായെന്നും വെള്ളാപ്പള്ളി പറഞ്ഞു. കുറച്ചു കൂടി കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും പിണറായിയെ അടുത്ത് നിന്ന് പരിചയമുള്ളവര്‍ ആരും തള്ളി പറയില്ലെന്നും അദ്ദേഹം പറഞ്ഞു.അമ്പലപ്പുഴയില്‍ ശക്തമായ മത്സരം ആണ് നടക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. അവിടെ ഗുരുവും ശിഷ്യനും തമ്മിലാണ് പോരാട്ടമെന്നും ഭൂരിപക്ഷം ആഗ്രഹമായി പറയുന്നത് ജി സുധാകരന്‍ ജയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് തോറ്റാല്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വനവാസത്തിന് പോകരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു. 'ഫലം പ്രവചിക്കാന്‍ കഴിയില്ല. അരൂരില്‍ ടൈറ്റ് ഫൈറ്റ് ആണ്. വി ഡി സതീശന്‍ വനവാസത്തിന് പോകരുത്. അങ്ങനെ ഒരു കടും കൈ ചെയ്യരുത്. 100 സീറ്റ് എന്തായാലും കിട്ടാന്‍ പോണില്ല. കൊള്ളാവുന്ന നേതാവാണ് വി ഡി സതീശന്‍. വി ഡി സതീശനുമായി വഴക്ക് ഇല്ല', വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Content Highlights: SNDP General Secratary Vellappally Natesan says he want to CPIM win

To advertise here,contact us