ഉടുമ്പന്‍ചോല: മുഖ്യമന്ത്രി ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെ പരിഹസിച്ചും രൂക്ഷ വിമര്‍ശനം ഉന്നയിച്ചും മുന്‍ മന്ത്രിയും സിപിഐഎം നേതാവുമായ എം എം മണി. യാതൊരു നീതി ബോധവും മര്യാദയും ജനാധിപത്യ ബോധവുമില്ലാത്ത വൃത്തികെട്ടവന്മാരാണ് കോണ്‍ഗ്രസുകാര്‍ എന്ന് എം എം മണി പറഞ്ഞു. വോട്ട് പെട്ടിക്ക് അകത്ത് ഇരിക്കുന്നതേയുള്ളൂ, എണ്ണിയിട്ടില്ല. അവര്‍ വരും എന്നുള്ളതിന് യാതൊരു ഉറപ്പും ഇല്ല. ഇത്രയും പരമ വിഡ്ഢികള്‍ വേറെ ആരാണുള്ളതെന്നും എം എം മണി ചോദിച്ചു. കോണ്‍ഗ്രസിന്റെ കാര്യം നാറ്റക്കേസാണ്. കൂടുതല്‍ പറയാതിരിക്കുന്നതാണ് നല്ലതെന്നും എം എം മണി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു എം എം മണിയുടെ പ്രതികരണം.
എക്സിറ്റ് പോള്‍ വിട്ടുപിടിക്കേണ്ട കാര്യമാണ്. മുന്‍പും ഇത്തരത്തില്‍ പല പോളുകളും വന്നിട്ടുണ്ട്. പല പോളും തെറ്റിയിട്ടുണ്ട്. താന്‍ തോല്‍ക്കുമെന്ന് മുന്‍പ് ഒരു എക്സിറ്റ് പോള്‍ വന്നിരുന്നു. പക്ഷേ താന്‍ ജയിച്ചില്ലേ. 38,000ല്‍ അധികം വോട്ടുകള്‍ക്കാണ് കഴിഞ്ഞ തവണ താന്‍ ജയിച്ചത്. അതിലൊന്നും ഒരു കാര്യവുമില്ലെന്നും എം എം മണി പറഞ്ഞു. മൂന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് തന്നെയാണ് പ്രതീക്ഷ. ഇടുക്കിയില്‍ അഞ്ച് സീറ്റും ജയിച്ചാല്‍ അത്ഭുതപ്പെടാനില്ല. തൊടുപുഴയില്‍ പി ജെ ജോസഫ് ഇല്ലാത്തതും അനുകൂല സാഹചര്യമാണെന്നും എം എം മണി പറഞ്ഞു.
രാജ്യം മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയവരുടെ കൈയില്‍ എത്തിച്ചുകൊടുത്ത മഹാദ്രോഹികളാണ് ഗാന്ധിജിയുടെ ശിഷ്യന്മാര് എന്ന് പറഞ്ഞ് നടക്കുന്ന കോണ്‍ഗ്രസുകാരെന്നും എം എം മണി വിമര്‍ശിച്ചു. ബിജെപിയെ എതിര്‍ക്കാന്‍ കഴിയുന്ന ശക്തിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി. ബിജെപിയുടെ കടന്നുവരവ് തടയാന്‍ സൂര്യന് താഴെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയല്ലാതെ മറ്റൊരു ശക്തിയുമില്ല. കോണ്‍ഗ്രസിന് ഒരു ചുക്കും ചെയ്യാൻ കഴിയില്ല. നെഹ്റുവും ഇന്ദിരാ ഗാന്ധിയും അടക്കം എല്ലാവരും ചേര്‍ന്ന് രാജ്യത്തെ ഒരു പരുവമാക്കിയല്ലോയെന്നും എം എം മണി ചോദിച്ചു.
Content Highlights- CPI(M) leader M M Mani launched a strong attack on the Congress, alleging that the party lacks democratic awareness and making harsh remarks criticizing its leaders