'കൊച്ചി മണ്ഡലം കോണ്‍ഗ്രസ് തിരിച്ചുപിടിക്കും'- മുഹമ്മദ് ഷിയാസ്

അടിസ്ഥാന സൗകര്യ വികസനത്തിന്റെ അഭാവം ജനങ്ങളില്‍ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ടെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു

കൊച്ചി: താന്‍ സ്ഥാനാര്‍ത്ഥിയായതില്‍ ലത്തീന്‍ സഭയ്ക്ക് വിയോജിപ്പുണ്ടെന്ന് പറഞ്ഞത് സിപിഐഎം ആണെന്ന് എറണാകുളം ഡിസിസി പ്രസിഡന്റും കൊച്ചി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ മുഹമ്മദ് ഷിയാസ്. ലത്തീന്‍ സഭയുടെ നിലപാടുകളോട് ബഹുമാനമേയുളളുവെന്നും കൊച്ചി നിയമസഭാ മണ്ഡലം കോണ്‍ഗ്രസ് തിരിച്ചുപിടിക്കുമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിന്റെ അഭാവം ജനങ്ങളില്‍ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'മുനമ്പത്ത് വഖഫ് ഭേദഗതിയുമായി ബന്ധപ്പെട്ട് ഉണ്ടായ ചര്‍ച്ചയിലും ഭൂമിയുമായി ബന്ധപ്പെട്ട് ഉണ്ടായ കാര്യങ്ങളിലുമൊക്കെ എടുത്ത സമീപനം ജനങ്ങള്‍ തമ്മില്‍ അടിക്കട്ടെ എന്നുളളതാണ്. അതേ തീരുമാനം തന്നെയായിരുന്നു സര്‍ക്കാരിന്റേതും. ആ തീരുമാനത്തെ തുടക്കത്തിലേ ഇല്ലാതാക്കിയത് ലത്തീന്‍ സഭയാണ്. അന്ന് ലത്തീന്‍ സഭ എടുത്ത തീരുമാനം മതനിരപേക്ഷ കേരളത്തെ ഏറ്റവും മനോഹരമായി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്ന ഒന്നായിരുന്നു. മൂന്നുനാല് സിപിഐഎം നേതാക്കന്മാര്‍ കൂടി ഇതാണ് സഭയുടെ തീരുമാനം എന്ന് പറയുന്നതല്ല കണക്കിലെടുക്കേണ്ടത്'- മുഹമ്മദ് ഷിയാസ് പറഞ്ഞു.

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും അത്തരത്തിലുളള ഒരു ചര്‍ച്ചയിലേക്ക് തല്‍ക്കാലം പോകേണ്ടതില്ലെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. കോണ്‍ഗ്രസിന് കോണ്‍ഗ്രസിന്റേതായ തീരുമാനങ്ങളുണ്ടെന്നും ഉചിതമായ സമയത്ത് ഉചിതമായ രീതിയില്‍ പാര്‍ട്ടി അത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ നേതാക്കന്മാരും കൃത്യമായ നിലപാടുകള്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: 'Congress will regain Kochi constituency' - Muhammad Shiyas

To advertise here,contact us