'പട നയിച്ചവന്‍ നാട് നയിക്കും'; തൊടുപുഴയില്‍ വി ഡി സതീശന് വേണ്ടി കൂറ്റന്‍ ഫ്‌ളക്‌സ്

വി ഡി സതീശന്റെ പൂര്‍ണ്ണകായ ചിത്രത്തോടൊപ്പം 'നിലപാടിന്റെ രാജകുമാരന് അഭിവാദ്യം' എന്നും വാചകമുണ്ട്

ഇടുക്കി: തൊടുപുഴയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് വേണ്ടി കൂറ്റന്‍ ഫ്‌ളക്‌സ്. തൊടുപുഴ പട്ടയംകവലയ്ക്ക് സമീപമാണ് ഇന്നലെ രാത്രി ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്. 'പട നയിച്ചവന്‍ നാട് നയിക്കും' എന്നാണ് ഫ്‌ളക്‌സിലെ വാചകം. വി ഡി സതീശന്റെ പൂര്‍ണ്ണകായ ചിത്രത്തോടൊപ്പം 'നിലപാടിന്റെ രാജകുമാരന് അഭിവാദ്യം' എന്നും വാചകമുണ്ട്. ടീം യുഡിഎഫ് തൊടുപുഴ എന്ന പേരിലാണ് ഫ്‌ളക്‌സ് ഉയര്‍ത്തിയത്.

കണ്ണൂരിൽ വീണ്ടും വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ് ഉയര്‍ന്നു. നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ എന്നാണ് ഫ്ലക്സിലെ വാചകം. ശ്രീകണ്ഠപുരം കൊട്ടൂർവയൽ ബസ് സ്റ്റോപ്പിന് സമീപത്താണ് ഫ്ലെക്സ് ബോർഡ് വെച്ചത്. കോൺഗ്രസ് കമ്മിറ്റിയുടെ പേരിലാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്.

എറണാകുളം കങ്ങരപ്പടിയിലും ഫ്ലക്സ് പ്രത്യക്ഷപ്പെട്ടു. 'പട നയിച്ചവൻ നാട് നയിക്കട്ടെ' എന്നും

'നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ' എന്നും ഫ്ലക്സിലുണ്ട്. 'ടീം കങ്ങരപ്പടി' എന്ന പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്.

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച വിവാദമായി പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും ഫ്‌ളക്‌സ് ഉയര്‍ന്നത്. ഇതിനിടെ വി ഡി സതീശന് പിന്തുണയുമായി മുസ്‌ലിം ലീഗ് രംഗത്ത് വന്നിരുന്നു. എക്സിറ്റ് പോളില്‍ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവുമധികം പിന്തുണ കിട്ടിയത് വി ഡി സതീശനാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളുടെ അഭിപ്രായം പരിഗണിച്ചുവേണം മുഖ്യമന്ത്രി ആരാകണം എന്ന തീരുമാനം വരേണ്ടത് എന്നും ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ പറഞ്ഞു.

എന്നാല്‍ മൂവാറ്റുപുഴയില്‍ വി ഡി സതീശനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പി ആര്‍ വര്‍ക്കിന്റെ ബലത്തില്‍ രമേശ് ചെന്നിത്തലയെ പോലുള്ള സീനിയര്‍ നേതാക്കളെ താറടിക്കാന്‍ ശ്രമമെന്ന പോസ്റ്ററാണ് ഉയര്‍ന്നത്. മുഖ്യമന്ത്രി ആകാനുള്ള സതീശന്റെ വ്യാമോഹം വിലപോകില്ല എന്നും പോസ്റ്ററില്‍ പറഞ്ഞിരുന്നു.

വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉടലെടുത്തത്. മുഹമ്മദ് ഷിയാസായിരുന്നു ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. ആദ്യഘട്ടത്തില്‍ ആരോഗ്യപരമായ ചര്‍ച്ചകളായിരുന്നു എങ്കില്‍ അത് പിന്നീട് നേതാക്കളെ അധിക്ഷേപിക്കുന്ന തലത്തിലേക്ക് മാറുകയായിരുന്നു.

ഇതോടെ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ പരിധി വിട്ടുവെന്ന വിലയിരുത്തലിനെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കാന്‍ കെപിസിസിക്ക് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി ചര്‍ച്ചകളില്‍ ഘടക കക്ഷികള്‍ അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് ഹൈക്കമാന്‍ഡ് ഇടപെട്ടത്.

Content Highlights: Flex support for V D Satheesan at Thodupuzha

To advertise here,contact us