തിരുവനന്തപുരം: ബെംഗളുരുവിലെ നഴ്സിംഗ് വിദ്യാര്‍ത്ഥി ആദിത്യനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേരളത്തില്‍ പരാതി നല്കി കുടുംബം. അരുവിക്കര പൊലീസിലാണ് കുടുംബം പരാതി നല്‍കിയത്. ബാംഗ്ലൂര്‍ ഹെബ്ബഗോഡി പൊലീസ് സ്റ്റേഷനില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. എന്നാല്‍ അവരുടെ അന്വേഷണത്തില്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ല എന്നാണ് കുടുംബം പറയുന്നത്. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ കൂടി പരാതി നല്കാന് തീരുമാനിച്ചത്. പരാതി അരുവിക്കര പൊലീസ് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി.
ആദിത്യന്റെ മരണത്തിൽ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് കേരളം. ബെംഗളൂരുവില്‍ പരാതി നല്‍കിയിട്ടും അന്വേഷണം നടക്കുന്നില്ലെന്നാണ് ആദിത്യന്റെ കുടുംബം ആരോപിക്കുന്നത്. ആദിത്യന് പഠിച്ച ബെംഗളൂരു ബിടിഎല് നഴ്സിങ് കോളേജ് കർണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി കെ ശിവകുമാറിന്റെ ബന്ധുവിന്റേതാണെന്നും അതുകൊണ്ടുതന്നെ പൊലീസ് അനങ്ങുന്നില്ലെന്നുമാണ് കുടുംബം പറയുന്നത്.
കോളേജിലെ അധ്യാപകന് സന്ദീപ് പാണ്ഡ്യയ്ക്കെതിരെ അന്വേഷണം വേണമെന്നും കുടുംബം പറഞ്ഞു. ആദിത്യന്റെ മരണത്തിന് കാരണം മാനസിക പീഡനം തന്നെയാണ്. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകനെതിരെ പരാതിയുണ്ട്. മകന് ആത്മഹത്യ ചെയ്യില്ല. അധ്യാപകനെതിരെ നടപടി എടുക്കാന്‍ കോളേജ് തയ്യാറാകണം. മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരണം. നീതി കിട്ടും വരെ നിയമപോരാട്ടം തുടരുമെന്നും കുടുംബം വ്യക്തമാക്കി.
തിരുവനന്തപുരം അരുവിക്കര സ്വദേശിയായ ആദിത്യനെ ബുധനാഴ്ചയാണ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിടിഎല് സ്കൂള്‍ ഓഫ് നഴ്സിങിലെ രണ്ടാംവര്‍ഷം ബിഎസ്സി നഴ്സിങ് വിദ്യാര്‍ത്ഥിയായിരുന്നു ആദിത്യന്. ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിയ നിലയിലായിരിന്നു ആദിത്യനെ കണ്ടെത്തിയത്. നാലുപേരുളള മുറിയിലായിരുന്നു ആദിത്യന് താമസിച്ചിരുന്നത്. കൂടെയുളളവര്‍ കോളേജില്‍ നിന്ന് തിരിച്ചെത്തിയപ്പോഴാണ് ആദിത്യനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ ആദിത്യന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം ബെംഗളൂരു ഹെബ്ബഗോഡി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
Content Highlights: Bengaluru nursing student Adithyan's death; family filed a complaint in Kerala