കൊച്ചി: പൊതുപ്രവര്ത്തകന് ഡിജോ കാപ്പന്റെ മരണത്തില്‍ വൈകാരിക പ്രതികരണവുമായി തൃക്കാക്കര എംഎല്‍എ ഉമാ തോമസ്. കാപ്പന് ചേട്ടന് പോയി എന്നുവെച്ചാല്‍ ശരീരത്തിന്റെ ഒരു ഭാഗം പോയി എന്നാണ് അര്‍ത്ഥമെന്നാണ് ഉമാ തോമസ് പറഞ്ഞു. ജീവിതത്തിലുടനീളം പി ടി തോമസിന് തുണയായിരുന്ന ആളാണ് ഡിജോ കാപ്പനെന്നും തന്റെ അവസാന അഭിലാഷങ്ങള്‍ പി ടി പറഞ്ഞത് തന്നോടല്ല ഡിജോ കാപ്പനോടായിരുന്നെന്നും ഉമാ തോമസ് പറഞ്ഞു. 'പി ടീ, ദേ കാപ്പന് ചേട്ടന് വരുന്നൂ. നിങ്ങള്‍ പരസ്പരം തുണയാവുക' എന്നും ഉമാ തോമസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
'കാപ്പന് ചേട്ടന് പോയി. എന്നുവെച്ചാല്‍ ശരീരത്തിന്റെ ഒരു ഭാഗം പോയി എന്നര്‍ത്ഥം. വിദേശത്തുളള മകന്റെ ഭാര്യയെയും താനിതുവരെ കാണാത്ത കുഞ്ഞിനെയും കാണാന്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്ക് തിരിച്ചതായിരുന്നു കാപ്പന് ചേട്ടന്. ചെരിപ്പ് ആക്സിലറേറ്ററില്‍ കുരുങ്ങിയുണ്ടായ വാഹനാപകടം. ഒക്ടോബര്‍ മുതല്‍ ഏഴുമാസമാണ് ആ മനുഷ്യന് തളര്‍ന്നുകിടന്നത്. ജീവിതത്തിലുടനീളം പി ടിയുടെ തുണയായിരുന്നയാള്‍. തന്റെ അവസാന അഭിലാഷങ്ങളും എന്നോട് അല്ലല്ലോ പി ടി പറഞ്ഞത്. ഡിജോ കാപ്പന് എന്ന ആത്മസുഹൃത്തിനോടായിരുന്നല്ലോ. പി ടീ, ദേ കാപ്പന് ചേട്ടന് വരുന്നു. നിങ്ങള്‍ ഇനിയും പരസ്പരം തുണയാവുക'- ഉമാ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.
അൽപ്പസമയം മുൻപാണ് ഡിജോ കാപ്പൻ (68) അന്തരിച്ചത്. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2025 ഒക്ടോബറില്‍ തിരുവനന്തപുരത്ത് വച്ച് ഉണ്ടായ കാര്‍ അപകടത്തില്‍ പരിക്കേറ്റിരുന്നു. തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ ഫ്ളാറ്റിന്റെ മുകളിലത്തെ പാര്‍ക്കിംഗ് നിലയില്‍ നിന്നും കാര്‍ താഴേയ്ക്ക് ഇറക്കുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടായിരുന്നു അപകടം ഉണ്ടായത്. ഭാര്യയും ഒപ്പമുണ്ടായിരുന്നു.
അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങളിലും പൊതുജനപ്രശ്നങ്ങളിലും സജീവമായി ഇടപെട്ടയാളാണ് ഡിജോ കാപ്പൻ. ഉപഭോക്തൃ നിയമങ്ങളെക്കുറിച്ച് സാധാരണക്കാര്‍ക്ക് അറിവ് നല്‍കുന്നതിലും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും ശ്രദ്ധേയനായ വ്യക്തിയാണ്. തുടർന്ന് സെന്റർ ഫോർ കണ്‍സ്യൂമർ എഡ്യൂക്കേഷൻ സ്ഥാപിച്ചു. മാധ്യമ സ്ഥാപനങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. കെഎസ്സിയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ഡിജോ കാപ്പന് 1998ല്‍ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയായിരുന്നു.
Content Highlights: uma thomas remembers late social worker dijo kappan