കൊച്ചി: കൊച്ചിയില്‍ ലഹരിമാഫിയ കിങ്പിന്‍ കെവിന് പിടിയിലായ കേസില്‍ അന്വേഷണം ഡോക്ടര്‍മാരിലേക്കും. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരടക്കം ലഹരി ഉപയോഗിക്കാറുണ്ടെന്ന കെവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. തൃക്കാക്കര പൊലീസിന്റെ ചോദ്യംചെയ്യലിലാണ് ഞെട്ടിക്കുന്ന മൊഴി ലഭിച്ചത്. ഡോക്ടര്‍മാരുടെ മൊഴി ഉടന്‍ എടുക്കും. കെവിന്റെ കൂടുതല്‍ ഏജന്റുമാര്‍ക്കായി അന്വേഷണം തുടരുകയാണ്. രണ്ട് ഏജന്റുമാര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. വൈറ്റ് കോളര്‍ ഡ്രഗ് പാര്‍ട്ടിയില്‍ കെവിനെ കടവന്ത്ര പൊലീസ് ചോദ്യംചെയ്യും.
കഴിഞ്ഞ മാസമാണ് വൈറ്റ് കോളര്‍ ഡ്രഗ് പാര്‍ട്ടി നടന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കെവിനാണ് ലഹരി എത്തിച്ചുനല്‍കിയതെന്ന് പൊലീസ് കണ്ടെത്തി. ഇയാള്‍ കൊച്ചി നഗരത്തിലെ ലഹരി മാഫിയയുടെ കിങ്പിന്‍ ആണെന്നും കണ്ടെത്തി. പിന്നീട് ലഹരിയുമായി തൃക്കാക്കര പൊലീസ് കെവിനെ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന മൊഴി ലഭിച്ചത്.
കൊച്ചിയിലെ ആശുപത്രിയിലെ ഡോക്ടര്‍മാരും തന്നോട് ലഹരി വാങ്ങി ഉപയോഗിക്കാറുണ്ടെന്നായിരുന്നു കെവിന്റെ മൊഴി. ഇവരുടെ പേരുവിവരങ്ങള്‍ അടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടുതല്‍ വ്യക്തത വന്നതിന് ശേഷം ഇവരുടെ മൊഴിയെടുക്കുമെന്നാണ് വിവരം. ഡാന്‍സാഫും ഇതുസംബന്ധിച്ച അന്വേഷണം നടത്തുന്നുണ്ട്. കെവിന്റെ ഏജന്റുമാരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും.
Content Highlights: Drug mafia kingpin arrested in Kochi; Investigation extends to Kochi doctors