മുഖ്യമന്ത്രി ചർച്ച:'സാദിഖലി തങ്ങളുടെ അഭിപ്രായ പ്രകടനം അനുചിതം'; മുസ്‌ലിം ലീഗ് നിലപാടിൽ കോൺഗ്രസിൽ അമർഷം

മുഖ്യമന്ത്രി ചർച്ചയിൽ ഘടകകക്ഷികൾ പരസ്യ അഭിപ്രായ പ്രകടനം നടത്തേണ്ടതില്ലെന്നും കോൺഗ്രസിൽ വിമർശനം

തിരുവനന്തപുരം: മുഖ്യമന്ത്രി പദത്തിലേക്ക് വി ഡി സതീശനെ പിന്തുണച്ച മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിലപാടില്‍ കോണ്‍ഗ്രസില്‍ അമര്‍ഷം. സാദിഖലി തങ്ങളുടെ അഭിപ്രായ പ്രകടനം അനുചിതമാണെന്നാണ് കോണ്‍ഗ്രസില്‍ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും വിമര്‍ശനം ഉയര്‍ന്നു. മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഘടകക്ഷികള്‍ പരസ്യ അഭിപ്രായ പ്രകടനം നടത്തേണ്ടതില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് വി ഡി സതീശനെ പിന്തുണച്ച് സാദിഖലി ശിഹാബ് തങ്ങള്‍ രംഗത്തെത്തിയത്. സതീശന് ലഭിക്കുന്ന പിന്തുണ ജനങ്ങളുടെ അഭിപ്രായം ആണെന്നല്ലേ മനസിലാക്കേണ്ടതെന്നും ജനവികാരം പരിഗണിച്ചാകും യുഡിഎഫ് തീരുമാനങ്ങള്‍ കൈക്കൊള്ളുകയെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

'എക്സിറ്റ് പോളുകളില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന് ലഭിച്ച പിന്തുണ ജനവികാരം ആണ്. ആളുകളുടെ അഭിപ്രായം അത് തന്നെയാണെന്നാണ് തോന്നുന്നത്. യുഡിഎഫ് ജനവികാരം പരിഗണിച്ചു തന്നെയായിരിക്കും തീരുമാനം എടുക്കുക. മുഖ്യമന്ത്രി സ്ഥാനത്തേക്കും ജനവികാരം പരിഗണിക്കും. ഒരു എജന്‍സി മാത്രമല്ല യുഡിഎഫിന് വിജയം പ്രഖ്യാപിക്കുന്നത്. യുഡിഎഫിന് വിജയമെന്നാണ് എല്ലാവരും ഒരുപോലെ പറയുന്നത്. എക്സിറ്റ് പോള്‍ വലിയ ആത്മവിശ്വാസം നല്‍കുന്നു. എക്സിറ്റ് പോളില്‍ കാണിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്നു', എന്നാണ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞത്. മുഖ്യമന്ത്രി സ്ഥാനത്തില്‍ തീരുമാനം എടുക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും ജനവികാരം മാനിച്ചായിരിക്കും തീരുമാനം എടുക്കുകയെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. അവരും കാര്യങ്ങള്‍ മനസിലാക്കുന്നവരാണല്ലോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.

Content Higlights- Tensions have risen within Kerala’s Congress after criticism of Muslim League leader Sadik Ali Thangal’s remarks, which were deemed inappropriate during discussions involving the chief minister

To advertise here,contact us