കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം സമുദായത്തിന്റെ വോട്ടുകള്‍ ഒരു മുന്നണിയിലേക്കും ഏകീകരിക്കപ്പെട്ടിട്ടില്ലെന്ന് കാന്തപുരം എപി വിഭാഗം നേതാവ് അബ്ദുല്‍ ഹക്കീം അസ്ഹരി. മുസ്ലിം ന്യൂനപക്ഷങ്ങള്‍ വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടികളില്‍ വിശ്വസിക്കുന്നവരാണെന്നും എപി വിഭാഗം പരസ്യമായി ഒരു മുന്നണിക്കും പിന്തുണ പ്രഖ്യാപിക്കാറില്ലെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ആര്‍ക്കായിരുന്നു പിന്തുണയെന്ന് ഫലം വരുന്ന ദിവസം അറിയാമെന്നും അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു.
'തെരഞ്ഞെടുപ്പിന് മുമ്പാണെങ്കില്‍ എന്തെങ്കിലും അഭിപ്രായം പറയുന്നതിന് അര്‍ത്ഥമുണ്ട്. ഇനി ഫലം വന്നതിന് ശേഷം പറയുന്നതിലേ കാര്യമുള്ളു. മുസ്ലിം വോട്ടുകള്‍ ഏകീകരിക്കുക എന്ന പദ്ധതി ഉണ്ടായിട്ടില്ല. മുസ്ലിങ്ങള്‍ പല തട്ടിലും പല രാഷ്ട്രീയത്തിലും പല പാര്ട്ടിയിലുമാണല്ലോ. അങ്ങനെ തന്നെയാണ് മുസ്ലിങ്ങള്‍ എക്കാലത്തും വോട്ട് ചെയ്യാറുള്ളു. മതത്തിന്റെ പേരില്‍ വോട്ട് ഏകീകരിക്കാറില്ല', അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു.
തങ്ങളുടെ നിര്‍ദേശങ്ങള്‍ സംഘടന വഴിയാണ് പ്രവര്‍ത്തകര്‍ക്ക് കൊടുക്കാറുള്ളതെന്നും അബ്ദുല്‍ ഹക്കീം അസ്ഹരി കൂട്ടിച്ചേര്‍ത്തു. ആ നിലയ്ക്ക് തന്നെയാണ് കാലങ്ങളായി നടന്നു വരുന്നത്. അത് ആര്‍ക്കാണെന്ന് കാലങ്ങളായി പറയാറില്ല. ഫലം വന്നാല്‍ അവകാശവാദം ഉന്നയിക്കാന്‍ തങ്ങളുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ നേരത്തെ എല്‍ഡിഎഫിന് സമസ്ത എപി വിഭാഗം പിന്തുണ പ്രഖ്യാപിച്ചിരുന്നു. തങ്ങള്‍ക്ക് എല്ലാം ചെയ്ത് തന്നത് ഇടത് സര്‍ക്കാരാണെന്നും മണ്ഡലമോ സ്ഥാനാര്‍ത്ഥിയോ നോക്കാതെ ഇടതിനൊപ്പം നില്‍ക്കണമെന്നും അറിയിച്ചിരുന്നു.
Content Highlights: Kanthapuram AP leader Abdul Hakeem Ashari about their vote in Kerala Assembly Election