വൈക്കത്തെ സിപിഐ ഓഫീസിലെ കര്‍ഷകന്റെ മരണം: ദുരൂഹതകള്‍ ഇല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ബാഹ്യ ഇടപെടലുകളോ ബലപ്രയോഗം നടന്ന സാധ്യതകളോ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്താനായിട്ടില്ല

കോട്ടയം: വൈക്കം തലയാഴത്ത് ആത്മഹത്യ ചെയ്ത കര്‍ഷകന്‍ ചെല്ലപ്പന്‍ പുളിക്കശ്ശേരിയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണം ആത്മഹത്യ തന്നെയെന്നാണ് വിലയിരുത്തല്‍. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ദുരൂഹതകള്‍ ഒന്നുമില്ല. ബാഹ്യ ഇടപെടലുകളോ ബലപ്രയോഗം നടന്ന സാധ്യതകളോ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്താനായിട്ടില്ല. ചെല്ലപ്പന്റെ സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു.

ഇന്ന് രാവിലെയാണ് വൈക്കത്ത് സിപിഐ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ കര്‍ഷകനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സിപിഐക്കാര്‍ തന്നെ ദാരുണമായി ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ആരോപിച്ച് ചെല്ലപ്പന്‍ കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവെച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തര വകുപ്പില്‍ നിന്നും തനിക്ക് നീതി ലഭിച്ചിട്ടില്ല. കുറഞ്ഞ നിരക്കില്‍ തൈ നല്‍കാമെന്ന് പറഞ്ഞ് വികലാംഗനായ താന്‍ കൃഷി വകുപ്പ് മന്ത്രി പി പ്രസാദിനെ സമീപിച്ചിരുന്നു. എന്നാല്‍ പച്ചക്കൊടി കാട്ടിയിരുന്നില്ല തുടങ്ങിയ ആരോപണങ്ങളും വീഡിയോയിലൂടെ ഉയര്‍ത്തിയിരുന്നു.

സിപിഐയുമായി ചെല്ലപ്പന് നേരത്തെ മുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. തൈകള്‍ വില്‍പ്പന നടത്തിയിരുന്ന തന്റെ കൃഷി വ്യാപകമായി സിപിഐ പ്രാദേശിക നേതാക്കള്‍ നശിപ്പിച്ചു എന്നതായിരുന്നു ചെല്ലപ്പന്റെ ആരോപണം. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ഭിന്നശേഷിക്കാരന്‍ ആയ വ്യക്തി എങ്ങനെ തൂങ്ങിമരിച്ചു എന്നായിരുന്നു ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ആരോപണം. അന്വേഷണം നടത്തി സത്യം പുറത്തുവരണമെന്നും ബിജെപിയും കോണ്‍ഗ്രസും രാഷ്ട്രീയം കളിക്കുകയാണെന്നും സിപിഐ ആരോപിച്ചിരുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: Postmortem says there is no mystery on Death of farmer at vaikom

To advertise here,contact us