'ശ്രുതിക്ക് വീട് നൽകാമെന്ന് ഞാൻ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ?,ഫേസ്ബുക്ക് പോസ്റ്റ് കട്ടുചെയ്ത് പ്രചരിപ്പിച്ചു'

കെ റഫീഖിന് മറുപടിയുമായി ടി സിദ്ദിഖ്

കല്‍പ്പറ്റ: ചൂരല്‍മല ദുരന്തത്തിനിരയായ ശ്രുതിക്ക് വീട് നല്‍കുമെന്ന് പറഞ്ഞ് പറ്റിച്ചുവെന്ന സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിന്റെ ആരോപണത്തിന് മറുപടിയുമായി ടി സിദ്ദിഖ് എംഎല്‍എ. ശ്രുതിക്ക് വീട് നല്‍കാമെന്ന് താന്‍ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോയെന്ന് സിദ്ദിഖ് ചോദിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റ് പകുതിയായി കട്ട് ചെയ്ത് പ്രചരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. വീട് സ്‌പോണ്‍സര്‍ ചെയ്തവര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടായിരുന്നു പോസ്റ്റ്. തറക്കല്ലിടല്‍ കര്‍മ്മത്തില്‍ തന്നെ ഉള്‍പ്പെടെ പലരെയും വിളിച്ചു. ഇത് മുഴുവന്‍ മീഡിയയും വാര്‍ത്തയാക്കിയതാണെന്നും ടി സിദ്ദിഖ് പറഞ്ഞു.

സിപിഐഎം ജില്ലാ സെക്രട്ടറി പോസ്റ്റിലിരുന്നാണ് റഫീഖ് ഇത്തരത്തിലുള്ള ആരോപണം ഉന്നയിക്കുന്നതെന്നും സിദ്ദിഖ് പറഞ്ഞു. സിപിഐഎം ഇത്രയധികം വിഷയ ദാരിദ്ര്യം ഉള്ളവരാണെന്ന് തെളിയിച്ചു. ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഇരുന്ന് റഫീഖ് പച്ചക്കള്ളം പറയുകയാണ്. ഒരു കാര്യം പറയുമ്പോള്‍ അറിയാതെ പറയുന്നതല്ല. ഇത് ബോധപൂര്‍വ്വമായി പറഞ്ഞതാണ്. സിഎംഡിആര്‍എഫിലേക്ക് പണം കൊടുത്തില്ലെന്നു പറഞ്ഞു. കൂവി തോല്‍പ്പിക്കാനും ശ്രമിച്ചു. ഇപ്പോള്‍ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

ചൂരല്‍മല ദുരന്തബാധിതയായ ശ്രുതിയെ സിദ്ദിഖ് പറ്റിച്ചു എന്നായിരുന്നു റഫീഖിന്റെ ആരോപണം. ശ്രുതിയുടെ കണ്ണുനീരിനേയും പ്രയാസത്തേയും കണ്ട് മനുഷ്യപറ്റുള്ള എല്ലാവരും കണ്ണീര്‍തൂകി നില്‍ക്കുമ്പോള്‍ അതിനെ മുതലെടുപ്പിന് വേണ്ടി ഉപയോഗിച്ചവരാണ് കോണ്‍ഗ്രസുകാര്‍. മുതലെടുപ്പിന് വേണ്ടി ഉപയോഗിച്ചുകൊണ്ട് റീല്‍സ് ഉണ്ടാക്കി പ്രചരിപ്പിച്ചവരാണ് കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖും കോണ്‍ഗ്രസുകാരും. അദ്ദേഹം ആ ഘട്ടത്തില്‍ ആശുപത്രി കിടക്കയില്‍ നിന്നും ആംബുലന്‍സില്‍ കൊണ്ടുവന്ന് ശ്രുതിക്ക് വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. 120 ദിവസം കൊണ്ട് ശ്രുതിക്ക് വീട് വെച്ചുനല്‍കുമെന്നായിരുന്നു വാഗ്ദാനം. ഇത് ഇപ്പോഴും സിദ്ദിഖിന്റെ ഫേസ്ബുക്ക് പേജിലുണ്ടെന്നും റഫീഖ് പറഞ്ഞിരുന്നു.

Content Highlights- T Siddique stated that he never promised a house to Shruthi and accused others of editing his Facebook post to spread false claims

To advertise here,contact us