പാര്‍ട്ടിക്ക് പ്രകോപനം സൃഷ്ടിക്കുന്ന പണി ടി കെ ഗോവിന്ദന്‍ എടുക്കേണ്ട, വല്ലാതെ പ്രകോപിപ്പിക്കരുത്: കെ കെ രാഗേഷ്

'തീക്കൊളി കൊണ്ട് തല ചൊറിയാന്‍ നില്‍ക്കരുത്'

കണ്ണൂര്‍: തളിപ്പറമ്പിലെ യുഡിഎഫ് പിന്തുണയുളള സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി കെ ഗോവിന്ദന് മുന്നറിയിപ്പുമായി സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. പാര്‍ട്ടിക്ക് പ്രകോപനം സൃഷ്ടിക്കുന്ന പണി ടി കെ ഗോവിന്ദന്‍ എടുക്കേണ്ടെന്നായിരുന്നു രാഗേഷിന്റെ പ്രതികരണം.

തീക്കൊളി കൊണ്ട് തല ചൊറിയാന്‍ നില്‍ക്കേണ്ടതില്ല. ടി കെ ഗോവിന്ദന്‍ നല്‍കിയ പരാതിയിലാണ് ഇന്നലെ തളിപ്പറമ്പില്‍ റെയ്ഡ് നടന്നത്. പൊലീസിന് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പാര്‍ട്ടിക്ക് എതിരെ പൊതുബോധം സൃഷ്ടിക്കാന്‍ ആണ് ശ്രമമെന്നും കെ കെ രാഗേഷ് ആരോപിച്ചു. വല്ലാതെ പ്രകോപിപ്പിക്കരുതെന്നും രാഗേഷ് മുന്നറിയിപ്പ് നല്‍കി.

തളിപ്പറമ്പിൽ എം വി ഗോവിന്ദന്റെ പങ്കാളി പി കെ ശ്യാമളയെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയതിൽ അതൃപ്തി വ്യക്തമാക്കിയാണ് ടി കെ ഗോവിന്ദൻ സിപിഐഎം വിട്ടത്. തുടർന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.  പാര്‍ട്ടിയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രവണതകളാണ് കാണുന്നതെന്നും അതിനെ ശക്തമായി എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്‌തെങ്കിലും ആരും മാറ്റം വരുത്താന്‍ തയ്യാറായില്ലെന്നും ടി കെ ഗോവിന്ദന്‍ പറഞ്ഞു.

ഒന്നുകില്‍ ഇതിനെല്ലാം വഴങ്ങി അവിടെ നില്‍ക്കണം, അല്ലെങ്കില്‍ പുറത്തുപോകണം എന്ന അവസ്ഥയായെന്നും ഈ അനീതിയെ ചെറുത്തില്ലെങ്കില്‍ തളിപ്പറമ്പിലെ പാര്‍ട്ടി ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ടി കെ ഗോവിന്ദന്‍ പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചത്. അടുത്ത ദിവസം തന്നെ ടി കെ ഗോവിന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി  ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പ്രഖ്യാപിക്കുകയായിരുന്നു.

ടി കെ ഗോവിന്ദന്‍ സ്ഥാനമോഹിയാണെന്ന് അന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഗോവിന്ദന്‍ അവസരവാദിയാണെന്നും വിശ്വാസ വഞ്ചനയ്ക്കും അപ്പുറമുളള പ്രവൃത്തിയാണ് ടി കെ ഗോവിന്ദന്‍ ചെയ്തതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പി കെ ശ്യാമള അനുഭവ സമ്പന്നയായ നേതാവാണെന്നും അവരെ വമ്പിച്ച ഭൂരിപക്ഷം നല്‍കി തളിപ്പറമ്പിലെ ജനങ്ങള്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: k k ragesh against t k govindan

To advertise here,contact us