വിളവങ്കോട് ടി ടി പ്രവീണിനെ സ്ഥാനാര്‍ത്ഥിയാക്കി കോണ്‍ഗ്രസ്;തിരുവനന്തപുരത്ത് പ്രതിഫലിക്കുമോ ഈ നീക്കം

സിഎസ്‌ഐ ദക്ഷിണ കേരള മഹാ ഇടവക സെക്രട്ടറിയാണ് ടി ടി പ്രവീണ്‍.

തിരുവനന്തപുരം: തമിഴ്‌നാട് തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ അതിലൊരു സ്ഥാനാര്‍ത്ഥി തലസ്ഥാനത്തും ചര്‍ച്ചയായി. വിളവങ്കോട് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി ടി പ്രവീണ്‍ ആണിത്. സിഎസ്‌ഐ ദക്ഷിണ കേരള മഹാ ഇടവക സെക്രട്ടറിയാണ് ടി ടി പ്രവീണ്‍.

പ്രവീണിനെ സ്ഥാനാര്‍ത്ഥി ആക്കിയാല്‍ തലസ്ഥാനത്തെ ഒമ്പത് മണ്ഡലങ്ങളില്‍ സിഎസ്‌ഐ സഭയുടെ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാവുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസിന്റെ ഈ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. നെയ്യാറ്റിന്‍കര, പാറശാല, നേമം, കോവളം, തിരുവനന്തപുരം,അരുവിക്കര, കാട്ടാക്കട മണ്ഡലങ്ങില്‍ സഭയ്ക്ക് നിര്‍ണായകമായ വോട്ടുകളുണ്ട്. ഈ വോട്ടുകള്‍ പ്രവീണിന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ കോണ്‍ഗ്രസിന് അനുകൂലമാവുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

കേരളത്തിലെ കോണ്‍ഗ്രസിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കും. എല്ലാകാലത്തും താന്‍ ഉറച്ച കോണ്‍ഗ്രസുകാരനായിരുന്നുവെന്നും പ്രവീണ്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു.

2021ല്‍ കോണ്‍ഗ്രസിലെ വിജയധരിണിയാണ് മണ്ഡലത്തില്‍ വിജയിച്ചത്. 28,669 വോട്ടുകള്‍ക്കായിരുന്നു വിജയം. 2024ല്‍ വിജയധരിണി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന ശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം 40,174 വോട്ടായി മാറി. ഇത്തവണ 50,000 വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്ന് പ്രവീണ്‍ പറഞ്ഞു.

Content Highlights: Congress fields T. T. Praveen in Vilavancode; will this move impact Thiruvananthapuram?

To advertise here,contact us