കേരളത്തിൽ എൽഡിഎഫും യുഡിഎഫും മാറിമാറി വരണമെന്ന് കൽപ്പറ്റ നാരായണൻ; തുടർഭരണത്തിൽ പ്രശ്‌നമില്ലെന്ന് കെ ആർ മീര

ഞങ്ങൾക്ക് ഒരു നേതാവേയുളളു എന്ന് പറയുന്നതിനേക്കാൾ നല്ലതാണ് ഞങ്ങൾക്ക് പല നേതാക്കളുണ്ട് എന്ന് പറയുന്നതെന്നും കൽപ്പറ്റ നാരായണൻ പറഞ്ഞു

കോഴിക്കോട്: താന്‍ മാറ്റത്തിന്റെ ഭാഗത്ത് നില്‍ക്കുന്ന ആളാണെന്ന് എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍. മാറ്റം ഉണ്ടെങ്കില്‍ മാത്രമേ സമൂഹം ചലിക്കുകയുളളുവെന്നും കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും മാറിമാറി വരണമെന്നും കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. ഞങ്ങള്‍ക്ക് ഒരു നേതാവേയുളളു എന്ന് പറയുന്നതിനേക്കാള്‍ നല്ലതാണ് ഞങ്ങള്‍ക്ക് പല നേതാക്കളുണ്ട് എന്ന് പറയുന്നതെന്നും കൂടുതല്‍ നേതാക്കന്മാരുളള പ്രസ്ഥാനമാണ് ശരിയായ പ്രസ്ഥാനമെന്നും കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു.

'കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും മാറി മാറി വരണം. ഭരണപക്ഷം പ്രചാരണം നടത്തുന്നതുപോലെ പ്രതിപക്ഷത്തിന് പ്രചാരണം നടത്താന്‍ സാധിക്കില്ല. ഭരണപക്ഷത്താണ് സമ്പത്ത്. പ്രചരണ രംഗത്ത് ഭരണപക്ഷത്തോട് മത്സിക്കാന്‍ പ്രതിപക്ഷത്തിനാകില്ല' കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. ആരാകും മുഖ്യമന്ത്രിയെന്നത് തെരഞ്ഞെടുപ്പ് കഴിഞ്ഞ് തീരുമാനിക്കേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നവര്‍ ജനങ്ങള്‍ക്കിടയില്‍ അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. എസ്ഡിപിഐയുടെ വോട്ടുകള്‍ സ്വീകരിച്ചാല്‍ അഭിമന്യു ചോദ്യംചെയ്യുമെന്നും അങ്ങനെ സംഭവിച്ചാല്‍ രക്തസാക്ഷികള്‍ ഉറങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. പത്തുവര്‍ഷത്തെ പിണറായി ഭരണത്തില്‍ കേരളത്തില്‍ വികസനം ഉണ്ടായില്ലേ എന്ന ചോദ്യത്തിന്, ഇന്ത്യയിലും ലോകത്തും മാറ്റങ്ങളുണ്ടായിട്ടുണ്ട് എന്നായിരുന്നു കല്‍പ്പറ്റ നാരായണന്റെ മറുപടി.

അതേസമയം, തുടര്‍ഭരണത്തില്‍ പ്രശ്‌നമില്ലെന്നാണ് എഴുത്തുകാരി കെ ആര്‍ മീര അഭിപ്രായപ്പെട്ടത്. കല്‍പ്പറ്റ നാരായണന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും ജനാധിപത്യ മൂല്യങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കാന്‍കഴിയുന്ന മുന്നണി അധികാരത്തില്‍ വരണമെന്നും കെ ആര്‍ മീര പറഞ്ഞു. തനിക്ക് വിശ്വാസം തോന്നുന്ന പക്ഷത്തെയാണ് പിന്തുണയ്ക്കുന്നതെന്നും കെ ആര്‍ മീര കൂട്ടിച്ചേര്‍ത്തു.

Content Highlights: Kalpetta Narayanan wants LDF and UDF to alternate in Kerala; KR Meera wants ldf rule to continue

To advertise here,contact us