കൊച്ചി: ആരോഗ്യമേഖലയ്ക്ക് പ്രഥമ പരിഗണന നൽകുന്ന വമ്പൻ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക. ആരോഗ്യമേഖലയ്ക്കുള്ള സംസ്ഥാന ബജറ്റ് വിഹിതം വർധിപ്പിക്കുമെന്നും മരുന്നുകൾക്കും രോഗ പരിശോധനകൾക്കുമായി കൃത്യമായ ബജറ്റ് വിഹിതം നീക്കിവെയ്ക്കാൻ നടപടികൾ സ്വീകരിക്കുമെന്നും യുഡിഎഫ് പ്രകടനപത്രികയിൽ ഉണ്ട്.
സർക്കാർ ആശുപത്രികളിൽ രോഗികൾ നിലത്തു കിടക്കേണ്ട അവസ്ഥയുണ്ടാകില്ല എന്നും യുഡിഎഫ് ഉറപ്പുനൽകുന്നുണ്ട്. ഇതിനായി സർക്കാർ ആശുപത്രികളിൽ എത്തുന്ന രോഗികൾക്ക് ബെഡ് അവരുടെ അവകാശമാക്കും. ആശുപത്രികളിൽ ഔട്ട് ഓഫ് പോക്കറ്റ് ചിലവ് കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കും. അമിതമായ “ഔട്ട് ഓഫ് പോക്കറ്റ്" ചെലവുമൂലം മനുഷ്യരെ ഭാരിദ്ര്യത്തിലേയ്ക്ക് വലിച്ചിഴയ്ക്കുന്ന കാൻസർ, ഹൃദ്രോഗം, സ്ട്രോക്ക്, വൃക്ക രോഗം, തുടങ്ങിയ രോഗങ്ങൾക്ക് പൊതുമേഖലയിൽ ഏറ്റവും ഉയർന്ന നിലവാരമുള്ള ചികിത്സ ഉറപ്പാക്കും.
കേരളത്തെ ഒരു ലോകോത്തര ഹെൽത്ത് ഡെസ്റ്റിനേഷൻ ആക്കി മാറ്റാനുള്ള നടപടികൾ സ്വീകരിക്കും. അലോപ്പതി, ആയുർവേദം അടക്കമുള്ള വൈദ്യശാസ്ത്ര ശാഖകളെ സംയോജിപ്പിച്ചുകൊണ്ട് വിദേശ രാജ്യങ്ങളിൽ നിന്നടക്കം രോഗികളെ ആകർഷിക്കാൻ പദ്ധതികൾ ആരംഭിക്കുമെന്നും യുഡിഎഫ് പ്രകടനപത്രികയിൽ ഉണ്ട്.
ആരോഗ്യമേഖലയ്ക്കായി ബജറ്റ് വിഹിതത്തിനു പുറമെ ഗ്രാൻ്റുകൾ, സ്വകാര്യ നിക്ഷേപങ്ങൾ, സിഎസ്ആർ എന്നിവ വഴി ധനസമാഹരണം നടത്തി പുതിയ “ആരോഗ്യഫണ്ട്" രൂപീകരിക്കുമെന്നും യുഡിഎഫ് വാഗ്ദാനം നൽകുന്നുണ്ട്.
അനുവദിക്കുന്ന ഫണ്ട് വർധിപ്പിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുകയും, ആരോഗ്യമേഖലയുടെ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് കേന്ദ്ര സർക്കാർ അനുവദിക്കുന്ന കേന്ദ്ര ഫണ്ട് ലാപ്സ് ആകില്ലെന്ന് ഉറപ്പാക്കാൻ പ്രത്യേക നടപടികൾ സ്വീകരിക്കുകയും ചെയ്യും.മരുന്നില്ലാത്തത് മൂലമോ, ഉപകരണങ്ങളുടെ അപര്യാപ്തത മൂലമോ മതിയായ ചികിത്സ ലഭിക്കാത്ത കാരണത്താലോ, ചികിത്സാ പിഴവ് മൂലമോ ഒരു രോഗിയും ബുദ്ധിമുട്ടില്ല എന്ന് ഉറപ്പ് വരുത്താൻ കർശന നടപടി സ്വീകരിക്കും.
മരുന്നുകളുടെ ഗുണനിലവാരം കർശനമായി ഉറപ്പുവരുത്തും. ഗുണനിലവാരമില്ലാത്ത ഒരു മരുന്നും കേരളത്തിൽ വിൽക്കുന്നില്ല എന്നുറപ്പാക്കും. സർക്കാർ ആശുപ്രതികളിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും സംഭരണം കാര്യക്ഷമാക്കാനും നടപടി സ്വീകരിക്കുമെന്നും യുഡിഎഫ് പറയുന്നു.
ആശുപത്രികളിലെ വിലപിടിപ്പുള്ള ഉപകരണങ്ങൾ കേടായിക്കിടക്കുന്നത് മൂലം രോഗ പരിശോധനകൾ നടക്കാത്ത സാഹചര്യം ഒഴിവാക്കുമെന്നും ഉപകരണങ്ങൾ കൃത്യമായി മെയ്ന്റനൻസ് നടത്താൻ സംസ്ഥാന തലത്തിൽ സർക്കാർ ഏജൻസി സ്ഥാപിക്കുമെന്നും യുഡിഎഫ് പറയുന്നുണ്ട്.
സമഗ്രമായ റിസോഴ്സ് പ്ലാനിംഗിലൂടെ ആരോഗ്യ സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും പുനക്രമീകരണങ്ങൾ നടത്തും. ഇതുവഴി ഫലപ്രദമായി ഉപയോഗിക്കും എന്ന് ഉറപ്പുവരുത്തും. ഘട്ടംഘട്ടമായി ഡോക്ടർമാർ, നഴ്സുമാർ, ലാബ് ടെക്നീഷ്യൻമാർ, ഫാർമസിസ്റ്റുകൾ, അനുബന്ധ ആരോഗ്യ ഉദ്യോഗസ്ഥർ എന്നിവരെ നിയമിച്ച് ജീവനക്കാരുടെ കുറവ് പരിഹരിക്കും.
ഏത് അടിയന്തര രോഗത്തിനും 'ഗോൾഡൻ അവറി'ൽ ചികിത്സ ഉറപ്പാക്കാൻ എല്ലാ ജില്ലയിലും 24X7 പ്രവർത്തിക്കുന്ന സ്പെഷാലിറ്റിയും സൂപ്പർ സ്പെഷാലിറ്റിയുമുള്ള സർക്കാർ ആശുപത്രികൾ ഉറപ്പാക്കും. സെക്കൻഡറി ലവൽ ആശുപത്രികളിൽ ശക്തമായ അടിയന്തിര ചികിത്സ/ ട്രോമ കെയർ ഉറപ്പാക്കും. അടിയന്തിര ചികിത്സ സ്വകാര്യാശുപത്രികളിലും കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ നിലവിലുള്ള പദ്ധതികൾ പരിഷ്ക്കരിക്കുകയും അതിനായി റിസോഴ്സസ് കണ്ടെത്തുകയും ചെയ്യുമെന്നും യുഡിഎഫ് പറയുന്നു.
എല്ലാ പഞ്ചായത്തിലും അടിയന്തിര ചികിത്സാ സൗകര്യമുള്ള ആംബുലൻസ് എത്തുന്ന രീതിയിൽ ആംബുലൻസ് വിന്യാസം നടത്തുമെന്നും യുഡിഎഫ് വാഗ്ദാനം നൽകുന്നുണ്ട്. പബ്ലിക് ഹെൽത്ത് കേഡർ സമ്പൂർണമായി നടപ്പാക്കും.പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലൂന്നിയ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും.
സർക്കാർ ആശുപത്രികളിൽ കാര്യശേഷി വർധിപ്പിക്കാനും സേവന സംവിധാനം ആധുനികവൽക്കരിക്കുന്നതിനും കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും രോഗികളുടെ ഡാറ്റ ഡിജിറ്റലൈസ് ചെയ്യുന്നതിനും ഭരണപരമായ പരിഷ്കാരങ്ങൾ നടപ്പിലാക്കും.
നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് സമ്പൂർണ ഇ-ഹെൽത്ത് കോർഡിനേഷൻ നട്ടു പ്ലാക്കും. വ്യത്യസ്ത ആശുപത്രികൾക്കിടയിൽ രോഗികളുടെ മാറ്റം സുഗമമാക്കാൻ ഇത് സഹായിക്കുംസ്വകാര്യാശുപത്രികളെക്കൂടി ഉൾപ്പെടുത്തി ഡിജിറ്റൽ ഇൻറഗ്രേഷൻ നടപ്പാക്കും. മുടങ്ങിക്കിടക്കുന്ന ടെലികൺസൽട്ടേഷൻ ശക്തിപ്പെടുത്തുമെന്നും യുഡിഎഫ് പറയുന്നു. 'JIPMER' മാതൃകയിൽ ബിൽരഹിത ആശുപത്രികൾ, സെക്കൻഡറി തലത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിനായി ഷീ ഹോസ്പിറ്റൽ എന്നിവയും യുഡിഎഫ് വാഗ്ദാനം നൽകുന്നു.
Content Highlights: The UDF manifesto for the Kerala Assembly elections places strong emphasis on the health sector, promising increased budget allocation. It assures dedicated funding for medicines and diagnostic services, aiming to strengthen public healthcare infrastructure and improve access to essential medical services.