സാമൂഹ്യ സുരക്ഷാ പെൻഷൻ 3,000 രൂപ; ദാരിദ്ര്യ നിർമാർജനത്തിന് പദ്ധതികൾ; യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

'പെൻഷൻ അവകാശമാക്കും, ശമ്പള കമ്മീഷൻ മാതൃകയിൽ ക്ഷേമ പെൻഷൻ രൂപീകരിക്കും'

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. നേരത്തെ പ്രഖ്യാപിച്ച ഇന്ദിര ഗ്യാരന്റി അടക്കം നിരവധി വാഗ്ദാനങ്ങളാണ് യുഡിഎഫ് പ്രകടന പത്രികയിൽ ഉള്ളത്. യുഡിഎഫിന്റെ സ്വപ്ന പദ്ധതികളും വാഗ്ദാനങ്ങളും അടങ്ങുന്നതാണ് പ്രകടനപത്രിക.

സാമൂഹിക സുരക്ഷാ പെൻഷൻ 3000 രൂപയാക്കും, സ്ത്രീകള്‍ക്ക് KSRTCയില്‍ സൗജന്യ യാത്ര, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 1,000 രൂപ, എല്ലാ കുടുംബങ്ങള്‍ക്കും 25,00,000 രൂപ വരെയുള്ള സൗജന്യ 'ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷൂറന്‍സ്', മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ്, യുവജനങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിന് പലിശ രഹിത വായ്പ 5,00,000 രൂപ എന്നിങ്ങനെയാണ് പ്രകടന പത്രികയിലെ പ്രധാനപ്പെട്ട വാഗ്ദാനങ്ങള്‍.

പെൻഷൻ അവകാശമാക്കും, ശമ്പള കമ്മീഷൻ മാതൃകയിൽ ക്ഷേമ പെൻഷൻ രൂപീകരിക്കും എന്നതെല്ലാമാണ് വാഗ്ദാനങ്ങൾ. ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തി യുഡിഎഫിന്റെ മുൻകാല പദ്ധതിയായ 'ആശ്രയ' പദ്ധതി പരിഷ്കരിച്ച് നവ ആശ്രയ പദ്ധതി ആരംഭിക്കും, അന്ത്യോദയ - പിങ്ക് റേഷൻ കാർഡ് ഉടമകളെ കണ്ടെത്തി ദാരിദ്ര്യം നിർമാർജനം ചെയ്യാൻ പ്രത്യേക കർമ്മ പദ്ധതി, സംസ്ഥാനമെമ്പാടും ഇന്ദിര കാന്റീനുകൾ, അർഹരായവർക്ക് പ്രയോറിറ്റി റേഷൻ കാർഡ്, സൗജന്യ റേഷൻ എന്നിങ്ങനെയും വാഗ്ദാനങ്ങളുണ്ട്.

തൊഴിലുറപ്പ് പദ്ധതിയുടെ വേതനവും തൊഴിൽ ദിനങ്ങളും വർധിപ്പിക്കാൻ നടപടി, ഒറ്റപ്പെടൽ അനുഭവിക്കുന്ന മുതിർന്നവർക്കായി പ്രത്യേക പദ്ധതികൾ എന്നിങ്ങനെയും വാഗ്ദാനങ്ങളുണ്ട്. മുതിർന്നവർക്കായി അടഞ്ഞുകിടക്കുന്ന വീടുകൾ, കാടുപിടിച്ച വസ്തു വകകളും ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള പ്രത്യേക നടപടികൾക്ക് രൂപം നൽകും. യുവാക്കൾക്ക് വേണ്ടിയുള്ള വിവിധ പ്രവർത്തനങ്ങൾക്കായി 'യുവ ശക്തി നാടിൻ സമ്പത്ത്' എന്ന പദ്ധതി വിഹിതത്തിന്റെ 5 ശതമാനം നീക്കിവെയ്ക്കും. യുവാക്കൾക്ക് കുടുംബശ്രീ മോഡൽ 'യുവശ്രീ' സംഘങ്ങൾ ആരംഭിക്കാൻ നടപടിയെടുക്കും.

വയോജനങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കാൻ സർക്കാർ അംഗീകൃത പഞ്ചായത്ത് വോളണ്ടിയർമാരെ നിയമിക്കാൻ നടപടികൾ സ്വീകരിക്കും. വയോജനങ്ങൾക്ക് സേവനം ലഭ്യമാക്കാൻ ആരംഭിക്കുന്ന സ്ഥാപനങ്ങൾക്ക് സഹായം നൽകും. ഭിന്നശേഷിക്കാർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ്റെ 25% കൂടുതൽ നൽകണം എന്ന 2016 ലെ അവകാശ നിയമത്തിലെ വ്യവസ്ഥ നടപ്പിലാക്കും.

ട്രാൻസ്‌ജെൻഡർ വിഭാഗത്തോടുള്ള അവഗണന അവസാനിപ്പിക്കാൻ നടപടികൾ സ്വീകരിക്കും. ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് വേണ്ടി ആരോഗ്യ ഇൻഷുറൻസ്, പി.എസ്.സി സംവരണം, പാർപ്പിട പദ്ധതി അടക്കമുള്ള പ്രത്യേക വികസന പാക്കേജ് നടപ്പിലാക്കും എന്നും വാഗ്ദാനമുണ്ട്.

അർഹമായ സ്പെഷ്യൽ സ്‌കൂളുകൾക്ക് എയ്‌ഡഡ് പദവി നൽകാൻ നടപടി സ്വീകരിക്കുമെന്നും തമിഴ്, കന്നഡ അടക്കമുള്ള ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നടപടി സ്വീകരിക്കുമെന്നും യുഡിഎഫ് ഉറപ്പുനൽകുന്നുണ്ട്.

നിർധനരായ രോഗികൾക്ക് സഹായം എത്തിക്കാൻ യുഡിഎഫ് കാലഘട്ടത്തിൽ കാര്യക്ഷമമായി നടപ്പിലാക്കിയ കാരുണ്യ ബെനവലെന്റ് ഫണ്ട് പദ്ധതി, ശ്രുത തരംഗം, സ്നേഹപൂർവ്വം, സ്നേഹസ്‌പർശം, താലോലം, കാൻസർ സുരക്ഷാ സ്നേഹ സാന്ത്വനം, പകൽവീട്, വയോമിത്രം, ആശ്വാസകിരണം, സുകൃതം അടക്കമുള്ള പദ്ധതികൾ പുനരാരംഭിക്കും.ഇവ സംയോജിപ്പിച്ച് ഉമ്മൻ ചാണ്ടി കാരുണ്യ പദ്ധതി എന്ന പേരിൽ നടപ്പിലാക്കുമെന്നും യുഡിഎഫ് പറയുന്നു.

ആശ വർക്കർമാരുടെ ദിവസ വേതനം കുറഞ്ഞത് 700 രൂപയാക്കുമെന്നും വാഗ്ദാനമുണ്ട്. കലാകാരന്മാർക്ക് രാത്രി 10 മണിക്ക് ശേഷവും പരിപാടി അവതരിപ്പിക്കാനുള്ള അനുമതിക്കായി ഇടപെടൽ, ഗിഗ് ഓൺലൈൻ തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രത്യേക പദ്ധതികൾ എന്നിവയും യുഡിഎഫ് പ്രകടനപത്രികയിലുണ്ട്. കേരളത്തെ ലോക മാരിടൈം ഭൂപടത്തിൽ അടയാളപ്പെടുത്തുന്ന മിഷൻ സമുദ്ര, വ്യോമയാന വികസനം, എംഎസ്എംഇ സംരംഭങ്ങൾ, ഉന്നതവിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾ നിർദ്ദേശിക്കാൻ 'ജോബ് വാച്ച് ടവർ', വയനാട് ട്രൈബൽ യൂണിവേഴ്സിറ്റി എന്നിങ്ങനെയാണ് യുഡിഎഫിന്റെ സ്വപ്ന പദ്ധതികൾ.

Content Highlights: The United Democratic Front (UDF) has released its manifesto for the upcoming Kerala Assembly elections, outlining a range of promises including the previously announced Indira Guarantee scheme. The manifesto focuses on welfare initiatives, economic development, and measures aimed at addressing key concerns of voters.

To advertise here,contact us