ഇടുക്കി: വി ഡി സതീശന് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവെന്ന് എം എം മണി എംഎല്‍എ. രമേശ് ചെന്നിത്തലയും എ കെ ആന്റണിയും ഉമ്മൻചാണ്ടിയും വ്യത്യസ്തരായ നേതാക്കളെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ഇലക്ഷന് എക്സ്പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വി ഡി സതീശന് എത്രയും വേഗം വനവാസത്തിന് പോകണം. രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മത്സരിക്കാന്‍ താത്പര്യമില്ലെന്ന് നേരത്തെ താന്‍ അറിയിച്ചിരുന്നു. സ്വയം പിന്മാറിയതാണ്. ജില്ലാ കമ്മറ്റി നല്കിയ പട്ടികയില്‍ പേരുണ്ടായിരുന്നു. പാര്‍ട്ടി നല്‍കേണ്ടതെല്ലാം നല്കി. പാര്‍ലമെന്ററി വ്യാമോഹമില്ല.ബാല്യകാലത്ത് ഇന്‍ക്വിലാബ് വിളിച്ച് തുടങ്ങിയതാണ് താന്‍. വിശക്കുന്നവന് ഭക്ഷണം വാങ്ങിക്കൊടുക്കുന്നതാണ് പൊതുജീവിതം. ഇടതുപക്ഷത്തിന് ബദലായി മറ്റൊരു സംവിധാനവും കേരളത്തിലില്ലെന്നും എം എം മണി പറഞ്ഞു.
എല്‍ഡിഎഫിന് ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ കഴിഞ്ഞു. ഗാന്ധി ഘാതകരുടെ കയ്യില്‍ ഇന്ത്യയെ കൊടുത്ത പാരമ്പര്യമാണ് കോണ്‍ഗ്രസിന്റേത്. കോണ്‍ഗ്രസിന്റെ സൗജന്യ വാഗ്ദാനം വിഡ്ഡിത്തമാണ്. ഒന്നും നടപ്പാക്കാനാവില്ല. നെഹ്റു കുടുംബത്തില്‍ ജനിച്ച പാരമ്പര്യം മാത്രമാണ് രാഹുലിന്റെ കൈമുതല്‍. സോഷ്യലിസം നടപ്പാക്കുമെന്നായിരുന്നു കോണ്‍ഗ്രസ് വാഗ്ദാനം. ഇപ്പോള്‍ രാജ്യം എവിടെ എത്തിയെന്ന് ചിന്തിക്കണമെന്നും എം എം മണി പറഞ്ഞു. ക്ഷേമപ്രവര്‍ത്തനങ്ങളുമായി എല്‍ഡിഎഫ് കുതിക്കുകയാണ്. പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചാല്‍ എംഎം മണിയേയും പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: MM Mani says VD Satheesan is the lowest quality opposition leader in the history of kerala