'വ്യാജ ആധാർ കാർഡ് ആരോപണത്തിൽ കഴമ്പുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് ബോധ്യപ്പെട്ടു'; കണ്ണൂർ DCC പ്രസിഡന്റ്

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടത് പരാതിയുടെ ഗൗരവം കണക്കിലെടുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

കണ്ണൂർ: പയ്യന്നൂരിലെ സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസിൽ വ്യാജ ആധാർ കാർഡ് നിർമിക്കുന്നുണ്ടെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് ബോധ്യപ്പെട്ടെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് റിപ്പോർട്ടറിനോട് പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടത് പരാതിയുടെ ഗൗരവം കണക്കിലെടുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് കഴിഞ്ഞ ദിവസം പരാതി നൽകിയത്. മരിച്ചവരുടെ വോട്ടു ചെയ്യാനാണ് സാധാരണ സിപിഐഎം ശ്രമിക്കാറുള്ളതെന്നും എന്നാൽ എസ്‌ഐആറിലൂടെ ഇത്തവണ ആ നീക്കം ഏറെക്കുറേ പരാജയപ്പെട്ടെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. ഇതോടെയാണ് വ്യാജ ആധാർ കാർഡ് നിർമിക്കാൻ സിപിഐഎം ഒരുങ്ങിയതെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.

അതേസമയം പരാജയ ഭീതിയിൽ നിന്നും ഉണ്ടായ ആരോപണമാണ് ഇതെന്നാണ് സിപിഐഎമ്മിന്റെ പ്രസ്താവന. യുഡിഎഫ് സ്ഥാനാർത്ഥിയുടെ പരാജയം ഉറപ്പായത്തോടെയാണ് വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത്. പയ്യന്നൂരിൽ സ്വന്തം പാർട്ടിയിൽ നിന്നും സ്ഥാനാർത്ഥിയെ കോൺഗ്രസിനെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസിലാണ് വ്യാജ ഐഡി നിർമാണമെന്നും പരാജയഭീതിയിൽ സിപിഐഎം പഴയ തന്ത്രങ്ങൾ പുറത്തെടുക്കുന്നുവെന്നും പേരാമ്പ്രയിൽ സിപിഐഎം വർഗീയ പ്രചരണം നടത്തുന്നുവെന്നും കെ സി വേണുഗോപാൽ പറഞ്ഞിരുന്നു.

ആരോപണത്തിന് പിന്നാലെ വ്യാജ കാർഡ് നിർമാണം സിപിഐഎമ്മിന്റെ രീതിയല്ലെന്ന് ജനറൽ സെക്രട്ടറി എം എ ബേബിയും പ്രതികരിച്ചിരുന്നു. അതേസമയം വ്യാജ ഐഡി കാർഡ് ഉണ്ടാക്കി വോട്ടുനേടേണ്ട ആവശ്യം സിപിഐഎമ്മിന് ഇല്ലെന്ന് കെ രാധാകൃഷ്ണൻ എംപിയും പറഞ്ഞിട്ടുണ്ട്. എന്നാൽ വ്യാജ ഐഡിയുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടുണ്ടെന്നും പൊലീസിനും തെരഞ്ഞെടുപ്പ് കമ്മിഷനും തെളിവുകൾ ലഭിക്കുമെന്നും കെ സി വേണുഗോപാൽ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Content Highlights: Kannur DCC President Martin George claims the Election Commission found merit in allegations of fake Aadhaar card production at CPIM office in Payyannur

To advertise here,contact us