കണ്ണൂര്‍: കണ്ണൂരില്‍ എസ്ഡിപിഐ പിന്തുണ സ്വീകരിക്കുമെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടന്നപ്പളളി രാമചന്ദ്രന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ഒ മോഹനന്. പരാജയ ഭീതിയില്‍ എല്‍ഡിഎഫ് രാജ്യവിരുദ്ധരുടെ വോട്ട് വാങ്ങുകയാണെന്ന് ടി ഒ മോഹനന് പറഞ്ഞു. യുഡിഎഫിന് വര്‍ഗീയ വാദികളുടെ വോട്ട് വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു ടി ഒ മോഹനന്റെ പ്രതികരണം.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി രഘുനാഥും കടന്നപ്പളളി രാമചന്ദ്രന്റെ എസ്ഡിപിഐ പിന്തുണ സ്വീകരിക്കുമെന്ന പരാമര്‍ശത്തിനെതിരെ രംഗത്തെത്തി. ഗാന്ധിയനായ നേതാവ് ഇപ്പോള്‍ മതരാഷ്ട്ര വാദിയായി മാറിയെന്നും രക്തസാക്ഷികളോട് മാപ്പു ചോദിക്കാന്‍ എല്‍ഡിഎഫ് തയ്യാറാകണമെന്നുമാണ് സി രഘുനാഥ് പറഞ്ഞത്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കണ്ണൂരില്‍ ഓരോ വോട്ടും നിര്‍ണ്ണായകമാണെന്നും രഘുനാഥ് കൂട്ടിച്ചേര്‍ത്തു.
എല്‍ഡിഎഫിന് അനുകൂലമായി മാത്രമേ എസ്ഡിപിഐയ്ക്ക് ചിന്തിക്കാന്‍ കഴിയുകയുളളു എന്നാണ് കടന്നപ്പളളി രാമചന്ദ്രന് പറഞ്ഞത്. രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് ചിന്തിക്കാനും വിലയിരുത്താനും അവര്‍ക്ക് കഴിവുണ്ടെന്നും മറ്റ് സംവിധാനങ്ങളെല്ലാം എസ്ഡിപിഐയ്ക്ക് എതിരായി നീങ്ങുമ്പോള്‍ അവര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണി മാത്രമാണെന്നും കടന്നപ്പളളി പറഞ്ഞു. അതിനാല്‍തന്നെ ഇടതുപക്ഷത്തിന് അനുകൂലമായി മാത്രമേ അവര്‍ക്ക് ചിന്തിക്കാന്‍ കഴിയുകയുളളു എന്നും കടന്നപ്പളളി പറഞ്ഞിരുന്നു. ഇത്തവണ കണ്ണൂരില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല. അയ്യായിരത്തിനടുത്ത് വോട്ട് കണ്ണൂര്‍ മണ്ഡലത്തില്‍ എസ്ഡിപിഐയ്ക്ക് ഉണ്ടെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തവണ 1745 വോട്ടിനാണ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത്.
Content Highlights: 'LDF is buying votes of anti-nationals out of fear of defeat': T O Mohanan on sdpi votes kannur