പാലക്കാട്: പാലക്കാട് നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സ്വതന്ത്രമായി വോട്ട് പിടിക്കുക എന്നത് ഒരു സ്ഥാനാർത്ഥിയുടെ സ്വാതന്ത്ര്യമാണെന്നും തെരഞ്ഞെടുപ്പിൽ വിശ്വസിക്കാത്തവരാണ് സ്ഥാനാർത്ഥിയെ തടഞ്ഞുനിർത്തുന്നതെന്നും കെസി വേണുഗോപാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇത്തരത്തിൽ മറ്റുള്ളവരെ തടയാനും പ്രതിഷേധിക്കാനും ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
'ജനാധിപത്യത്തിന്റെ മഹോത്സവമായാണ് തെരഞ്ഞെടുപ്പിനെ കണക്കാക്കുന്നത്. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാണ് പ്രധാനപ്പെട്ട വ്യക്തി. സ്വതന്ത്രമായി സഞ്ചരിച്ച് വോട്ടുപിടിക്കുക എന്നത് ഒരു സ്ഥാനാർത്ഥിയുടെ അവകാശമാണ്. അതാണ് തെരഞ്ഞെടുപ്പ് മഹോത്സവം വിജയകരമാക്കാനുള്ള അഭിവാജ്യ ഘടകവും. രമേഷ് പിഷാരടിയെ പോലുള്ള ഒരു സ്ഥാനാർത്ഥിയെ അക്രമിക്കുക അല്ലെങ്കിൽ തടഞ്ഞുനിർത്തുന്നതും പ്രചരണം നടത്താൻ പാടില്ലെന്ന് പറയുന്നതും ജനാധിപത്യത്തിൽ വിശ്വസിക്കാത്തവരാണ്. ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ ജനങ്ങൾ അംഗീകരിക്കുന്നവരെ സ്വീകരിക്കുന്നതാണ് പതിവ്. വിചിത്രമായ സംഭവമാണ് പാലക്കാട് കണ്ടത്. ജനാധിപത്യത്തിന് പുതിയ നിർവചനം നൽകുന്ന രീതിയാണ് കണ്ടത്. ഇതിനെതിരെ കലാപം ഉണ്ടാക്കാനോ അവരെ തടയാനോ ഞങ്ങൾ ഇല്ല'- കെ സി വേണുഗോപാൽ പറഞ്ഞു.
പെസഹ വ്യാഴ ദിനത്തിൽ പ്രത്യേകിച്ച് പ്രതിഷേധങ്ങളോ പ്രകടനങ്ങളോ വേണ്ടെന്ന് നിശ്ചയിച്ചിരുന്നുവെന്നും പ്രചരണത്തിൽ തന്നെ ശ്രദ്ധകേന്ദ്രീകരിച്ചാൽ മതിയെന്ന് അപേക്ഷിച്ചിരുന്നുവെന്നും രമേഷ് പിഷാരടി പറഞ്ഞു. അങ്ങനെ അല്ലെങ്കിൽ ബിജെപി കുഴിച്ച കുഴിയിൽ വീഴും. താൻ പാലക്കാട് വന്ന ദിവസം മുതൽ പ്രകോപനമുണ്ട്. സ്ത്രീവിരുദ്ധമായ ഒന്നും പറഞ്ഞിട്ടില്ല. താൻ സംസാരിക്കുന്ന വീഡിയോകൾ എല്ലാം പബ്ലിക്ക് ഡൊമൈനിലുണ്ട്. മുഖ്യമന്ത്രിയും സാധാരണ ജനങ്ങളും ഉൾപ്പെടെ ജനാധിപത്യ ബോധ്യമുള്ള എല്ലാവരും ഇക്കാര്യത്തിൽ ഒരുപോലെ മോശമായി പോയെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ എൻഡിഎ ഇതിൽ പ്രതികരിച്ചിട്ടില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥിയായ രമേഷ് പിഷാരടി മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം വ്യാജ ഐഡി കാർഡ് ആരോപണത്തിലും കെ സി വേണുഗോപാൽ പ്രതികരിച്ചു.
"ഗോവിന്ദന്റെ പാർട്ടി പഴയ പാർട്ടിയല്ല. അവിടെ നടക്കുന്നത് അറിയാൻ പ്രത്യേക സംവിധാനമുണ്ട്. ഇപ്പോൾ അവിടെ രഹസ്യ അറകളൊന്നുമില്ല. എം വി ഗോവിന്ദൻ എന്റെ ആരോപണങ്ങൾ വ്യാജമാണെന്ന് പറയുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. സിപിഐഎമ്മിന്റെ ഓഫീസിൽ വ്യാജ ഐഡി കാർഡുകൾ പ്രിന്റ് ചെയ്യുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. അവിടെ മൂന്നാം നിലയിലാണ് ഇത് നടക്കുന്നത്. ഇലക്ഷൻ കമ്മിഷന് കഴിഞ്ഞ ദിവസം പരാതി നൽകിയിട്ടുണ്ട്. ഇത് തളിപ്പറമ്പിലും പയ്യന്നൂരിലും പുത്തരിയല്ല. വ്യാജ ഐഡി കാർഡുകൾ ഉണ്ടാക്കുകയും കള്ളവോട്ടുകൾ ചെയ്യുകയും ബാങ്കുകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. എം വി ഗോവിന്ദൻ പറയുന്ന കേട്ടാൽ അവരിതൊന്നും ചെയ്യുകയേയില്ല എന്ന് തോന്നും. മരിച്ച് പോയവർ പോലും തിരിച്ചുവരുന്നത് ഇലക്ഷൻ കാലത്താണ്. അത് കണ്ണൂരിൽ കണ്ടതാണ്. ഇക്കാര്യത്തിൽ പൊലീസും ഇലക്ഷൻ കമ്മിഷനും അന്വേഷിക്കട്ടെ അവർക്ക് തെളിവ് ലഭിക്കും."- കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights: KC Venugopal criticizes attempts to block a candidate’s campaign, calling it an act against democracy and electoral rights