കെ സി വേണുഗോപാലിന്റെ വ്യാജ ആധാർ കാർഡ് ആരോപണം പരാജയഭീതിയിൽ നിന്നുണ്ടായതെന്ന് സിപിഐഎം

പയ്യന്നൂരിൽ സ്വന്തം പാർട്ടിയിൽ നിന്നും കോൺഗ്രസിന് സ്ഥാനാർത്ഥിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി

കണ്ണൂർ: പയ്യന്നൂരിൽ വ്യാജ ആധാർ കാർഡ് നിർമിക്കുന്നുവെന്ന കെ സി വേണുഗോപാലിന്റെ ആരോപണത്തിൽ പ്രതികരണവുമായി സിപിഐഎം പയ്യന്നൂർ മണ്ഡലം കമ്മിറ്റി. പരാജയ ഭീതിയിൽ നിന്നും ഉണ്ടായ ആരോപണമാണ് ഇതെന്നാണ് സിപിഐഎമ്മിന്റെ പ്രസ്താവന. യുഡിഎഫ് സ്ഥാനാർത്ഥിയുടെ പരാജയം ഉറപ്പായത്തോടെയാണ് വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത്. പയ്യന്നൂരിൽ സ്വന്തം പാർട്ടിയിൽ നിന്നും കോൺഗ്രസിന് സ്ഥാനാർത്ഥിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസിലാണ് വ്യാജ ഐഡി നിർമാണമെന്നും പരാജയഭീതിയിൽ സിപിഐഎം പഴയ തന്ത്രങ്ങൾ പുറത്തെടുക്കുന്നുവെന്നും പേരാമ്പ്രയിൽ സിപിഐഎം വർഗീയ പ്രചരണം നടത്തുന്നുവെന്നും കെ സി വേണുഗോപാൽ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ വ്യാജ കാർഡ് നിർമാണം സിപിഐഎമ്മിന്റെ രീതിയല്ലെന്ന് ജനറൽ സെക്രട്ടറി എം എ ബേബിയും പ്രതികരിച്ചിരുന്നു. അതേസമയം വ്യാജ ഐഡി കാർഡ് ഉണ്ടാക്കി വോട്ടുനേടേണ്ട ആവശ്യം സിപിഐഎമ്മിന് ഇല്ലെന്ന് കെ രാധാകൃഷ്ണൻ എംപിയും പറഞ്ഞിട്ടുണ്ട്.

എന്നാൽ വ്യാജ ഐഡിയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ടെന്നാണ് കെ സി വേണുഗോപാൽ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. ഇക്കാര്യത്തിൽ പൊലീസും ഇലക്ഷൻ കമ്മിഷനും അന്വേഷിക്കട്ടെ അവർക്ക് തെളിവ് ലഭിക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസിന്റെ മൂന്നാം നില കേന്ദ്രീകരിച്ചാണ് വ്യാജ രേഖകളുടെ നിർമാണം നടക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഇതിനൊപ്പം മുഖ്യമന്ത്രിക്കെതിരെയും രൂക്ഷമായ ഭാഷയിൽ കെസി വേണുഗോപാൽ സംസാരിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം പിണറായി വിജയന്റെ സ്ഥാനം രാഷ്ട്രീയത്തിലെ മാലിന്യക്കൊട്ടയിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പയ്യന്നൂരിലെ വ്യാജ ആധാര്‍ കാര്‍ഡ് പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടിട്ടുണ്ട്. പരാതിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. ജില്ലാ കളക്ടറോടാണ് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശിച്ചത്. ഇന്ന് രാത്രിയോടെ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. കെപിസിസി നല്‍കിയ പരാതിയിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നടപടി. പയ്യന്നൂര്‍, കല്യാശേരി മണ്ഡലങ്ങളില്‍ വ്യാപകമായി ഇരട്ട വോട്ട് ചേര്‍ത്തെന്നും പരാതിയില്‍ പറയുന്നുണ്ട്.

Content Highlights: CPIM strongly denies allegations raised by KC Venugopal

To advertise here,contact us