'ഒരു രാഷ്ട്രീയക്കാരനും ക്രിസ്ത്യാനിയെ ചുമക്കേണ്ട, ബിഷപ്പുമാർ അടിമകളല്ല'; FCRA യിൽ പി സി ജോർജിനെതിരെ കെസിബിസി

'രണ്ടരശതമാനം വരുന്ന ക്രിസ്ത്യാനികളാണ് ഈ രാജ്യത്ത് ആതുരാലയങ്ങളും വിദ്യാകേന്ദ്രങ്ങളും നിർമ്മിച്ച് ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും വിപ്ലവം സൃഷ്ടിച്ചതെന്ന കാര്യം രാഷ്ട്രീയ നേതാക്കൾ വിസ്മരിക്കരുത്'

കോട്ടയം: വിദേശസംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്‌സിആർഎ) ഭേദഗതിയെ വിമർശിച്ച ക്രൈസ്തവ സഭാ നേതൃത്വത്തെ അധിക്ഷേപിച്ച പി സി ജോർജിനെതിരെ കടുത്ത വിമർശനവുമായി കെസിബിസി. എഫ്‌സിആർഎ ഭേദഗതി ബില്ലിലെ വിവാദ വ്യവസ്ഥകൾ പിൻവലിക്കണമെന്ന ക്രൈസ്തവസഭാ മേലദ്ധ്യക്ഷൻമാരുടെ പ്രതികരണങ്ങൾക്കെതിരെ ചില രാഷ്ട്രീയ നേതാക്കളിൽ നിന്നുയരുന്ന അപസ്വരങ്ങൾ അപക്വവും നീതിക്ക് നിരക്കാത്തതുമാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള പറഞ്ഞു.

'ക്രിസ്ത്യാനിയുടെ 'പേറ്റന്റ്' (കുത്തകാവകാശം) ഒരു രാഷ്ട്രീയ പാർട്ടിയും ഏറ്റെടുക്കണ്ട. സഭാപിതാക്കൻമാരുടെ ആശങ്കകൾക്കെതിരെ വെല്ലുവിളിച്ച് പ്രതികരിക്കുന്ന രാഷ്ട്രീയ പാർട്ടി നേതാക്കൾ ഒരു കാര്യം ഓർമ്മിക്കുന്നത് ഉചിതമായിരിക്കും സമുദായ നേതാക്കളോ, ബിഷപ്പുമാരോ നിങ്ങളുടെ ആരുടെയും അടിമകളല്ലെന്നുള്ളത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ അരമനകൾ കയറിയിറങ്ങുകയും, തെരഞ്ഞെടുപ്പ് കഴിയുമ്പോൾ 'പാലം കടക്കുവോളം നാരായണ പാലം കടന്നുകഴിഞ്ഞാൽ കൂരായണ' പ്രതിഭാസം ഇവിടെ വിലപ്പോവില്ല. വിരട്ടിയാൽ വിരളുന്നവരല്ല സഭാനേതൃത്വം. രാഷ്ട്രീയപാർട്ടികളുടെ ചരടിൽ സമുദായങ്ങളെ കെട്ടിയിടാമെന്ന് ആരും വ്യാമോഹിക്കേണ്ട. ആരും തലമറന്ന് എണ്ണ തേക്കരുത്.

ഒരു രാഷ്ട്രീയക്കാരനും ക്രിസ്ത്യാനിയെ ചുമക്കണ്ട. രണ്ടരശതമാനം വരുന്ന ക്രിസ്ത്യാനികളാണ് ഈ രാജ്യത്ത് ആതുരാലയങ്ങളും വിദ്യാകേന്ദ്രങ്ങളും നിർമ്മിച്ച് ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും വിപ്ലവം സൃഷ്ടിച്ചതെന്ന കാര്യം രാഷ്ട്രീയ നേതാക്കൾ വിസ്മരിക്കരുത്,' പ്രസാദ് കുരുവിള പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങൾ ക്രൈസ്തവ സഭകളുടെ മുഖമുദ്രയാണെന്നും എഫ്‌സിആർഎ വിഷയത്തിൽ ബിഷപ്പുമാരുടെ ആശങ്കയിൽ സഭാമക്കളുടെ സമ്പൂർണ്ണ പിന്തുണ അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

എഫ്‌സിആർഎ ഭേദഗതി സംബന്ധിച്ച ചോദ്യത്തിൽ ബിഷപ്പുമാരെ രൂക്ഷമായ ഭാഷയിലാണ് പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി ദേശീയ നിർവാഹകസമിതി അംഗവുമായ പി സി ജോർജ് അധിക്ഷേപിച്ചത്. രാജ്യത്ത് രണ്ടേകാൽ ശതമാനം മാത്രമാണ് ക്രിസ്ത്യാനികളെന്നും ബിജെപിയുടെ മാന്യതകൊണ്ടാണ് ക്രിസ്ത്യാനികളെ ചുമന്നുകൊണ്ട് നടക്കുന്നതെന്നും പി സി ജോർജ് പറഞ്ഞു. ക്രിസ്ത്യാനികളെ ഇത്രയും കൂടുതൽ അംഗീകരിച്ച രാഷ്ട്രീയ പാർട്ടി വറെയില്ലെന്നും പിസി ജോർജ് അവകാശപ്പെട്ടു. കോൺഗ്രസ് ഭരിച്ചപ്പോൾ പോലും ഇത്രയും ക്രിസ്ത്യൻ മുഖ്യമന്ത്രിമാർ ഉണ്ടായിട്ടില്ല. ഇതൊക്കെ മറച്ചുവെച്ച് ബിഷപ്പുമാർ ഊളത്തരം പറയാൻ പാടില്ലെന്നും ജോർജ് പറഞ്ഞു.

'കുറച്ച് പിതാക്കന്മാർ കോൺഗ്രസ് വരണമെന്ന അബദ്ധവിചാരവുമായി നടക്കുകയാണ്. താൻ ഇതും പരിഗണിക്കുന്നില്ല, ക്രിസ്ത്യാനികളും പരിഗണിക്കില്ല. കുറച്ച് പിതാക്കന്മാർ ഊളത്തരം പറഞ്ഞു നടക്കുകയാണ്. ബിജെപി എന്നു പറഞ്ഞാൽ ഹാലിളകുന്നു. അവർക്ക് തലയ്ക്ക് സ്ഥിരതയില്ല,' എന്നും പി സി ജോർജ് അധിക്ഷേപിച്ച് സംസാരിച്ചിരുന്നു.

അതേസമയം, വിവാദ എഫ്സിആർഎ ഭേദഗതി ബിൽ ലോക്‌സഭയിൽ കേന്ദ്രസർക്കാർ ചർച്ചയ്ക്ക് എടുത്തില്ല. പ്രതിപക്ഷം അടക്കം കനത്ത പ്രതിഷേധം അഴിച്ചുവിടവെയാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ലോക്‌സഭയ്ക്ക് അകത്തും പാർലമെന്റിന് പുറത്തും പ്രതിപക്ഷ എംപിമാർ വലിയ പ്രതിഷേധമാണ് നടത്തിയത്.

എൻജിഒകളെയും സ്ഥാപനങ്ങളെയും ലക്ഷ്യം വെയ്ക്കുന്നത് അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചത്. പാർലമെന്റ് കവാടത്തിന് മുൻപിലാണ് ബാനർ ഉയർത്തി പ്രതിഷേധം സംഘടിപ്പിച്ചത്. ലോക്‌സഭയിൽ കിരൺ റിജിജു പ്രസംഗിക്കുമ്പോഴും പ്രതിപക്ഷ പ്രതിഷേധം ഉണ്ടായി. ഭേദഗതിയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നുവെന്നും കോൺഗ്രസും ഇടതുപക്ഷവുമാണ് കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും കിരൺ റിജിജു പറഞ്ഞു. ബിൽ വിദേശപണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനാണെന്നും കിരൺ റിജിജു കൂട്ടിച്ചേർത്തു.

എഫ്സിആർഎ നിയമ ഭേദഗതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എംപിമാർക്കും സിബിസിഐ നിവേദനം നൽകിയിരുന്നു. വിശദ പരിശോധനയ്ക്കായി ബില്ല് പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റിക്ക് വിടണമെന്നും പരാതികൾ പരിഗണിച്ച് നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് സിബിസിഐ നിവേദനം നൽകിയത്.

ബിൽ നിയമമായാൽ കോടതിയെ സമീപിക്കുമെന്നും സിബിസിഐ മുന്നറിയിപ്പ് നൽകിയിരുന്നു. നിയമത്തിലൂടെ കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ ഭരണഘടന നൽകുന്ന അവകാശങ്ങൾ ലംഘിക്കുന്നതാണ്. ഇതിനോടകം തന്നെ ശക്തമായ നിയന്ത്രണമുള്ളപ്പോൾ തിടുക്കത്തിലുള്ള നടപടി രാജ്യമാകെയുള്ള എൻജിഒകളെയും സംഘടനകളെയും വരുതിയിലാക്കാനാണെന്നും സഭാ നേതൃത്വം വിമർശിച്ചിരുന്നു.

എഫ്സിആർഎ നിയമഭേദഗതിക്കെതിരെ രൂക്ഷവിമർശനവുമായി കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപികയും രംഗത്തെത്തിയിരുന്നു. എഫ്സിആർഎ (വിദേശ സംഭാവന നിയന്ത്രണ) ഭേദഗതി ബിൽ ന്യൂനപക്ഷ വേട്ടയ്ക്കുളള മറ്റൊരു മാരകായുധമാണെന്ന് ദീപിക മുഖപ്രസംഗത്തിൽ പറഞ്ഞത്.

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയമായിട്ടുപോലും ഒരു മറയുമില്ലാതെ ഇത്തരം അജണ്ടകൾ നടപ്പിലാക്കുന്നുണ്ടെങ്കിൽ ഇത് സൂചനയല്ല, കൃത്യമായ സന്ദേശമാണെന്നും ദീപിക കുറ്റപ്പെടുത്തി. 'സംഘപരിവാർ ആക്രമണങ്ങൾ, മതപരിവർത്തന നിരോധന നിയമം, എഫ്സിആർഎ, ന്യൂനപക്ഷ കമ്മീഷനിലെ അംഗത്വനിഷേധം. ക്രൈസ്തവരെക്കുറിച്ച് ബിജെപി ചിന്തിക്കുന്നില്ലെന്ന് പറയാനാവില്ല' എന്നും മുഖപ്രസംഗത്തിൽ പരിഹാസമുണ്ട്.

Content Highlights: KCBC against P C George over his derogatory remarks about Catholic bishops over the FCRA controversy

To advertise here,contact us