കോഴിക്കോട്: കുറ്റ്യാടിയിലെ അക്രമ രാഷ്ട്രീയത്തിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി നടത്തിയ 'പ്രഭാത സവാരി' ജനശ്രദ്ധനേടി. അക്രമത്തിന് ബദലായി സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യുഡിവൈഎഫിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ആയിരകണക്കിന് പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തു. പരിപാടിയിൽ കെ സി വേണുഗോപാലിനൊപ്പം മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റുമായ മുനവ്വറലി ശിഹാബ് തങ്ങൾ, യുഡിഎഫ് സ്ഥാനാർത്ഥികളായ പാറക്കൽ അബ്ദുള്ള, കെ എം അഭിജിത്ത്, കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപി, പ്രാദേശിക കോൺഗ്രസ് - യു ഡി എഫ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
'കൊലക്കത്തി താഴെവെയ്ക്കുക, സമാധാനം പുനഃസ്ഥാപിക്കുക' എന്ന മുദ്രാവാക്യം പ്രവർത്തകർ ഏറ്റ് ചൊല്ലി. എതിർക്കുന്നവരെ വകവരുത്താൻ ബോംബ് നിർമാണം കുടിൽ വ്യവസായം ആക്കിയ പാർട്ടിയാണ് സിപിഐഎമ്മെന്നും അവർ ബജറ്റിൽ ബോംബ് നിർമാണത്തിന് ഗ്രാൻഡ് അനുവദിക്കുമോ എന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂവെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
ചോദ്യം ചോദിക്കുന്നവരോട് വീട്ടിൽ പോയി ചോദിക്കാൻ പറയുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. പാർട്ടിക്കകത്ത് ചോദ്യം ചോദിച്ച ചന്ദ്രശേഖറിനെ 52 വെട്ട് വെട്ടിക്കൊന്ന പാർട്ടിയാണിത്. പ്രവാസികൾ വലിയ ആശങ്കയിലൂടെ കഴിഞ്ഞുപോകുന്ന നാളുകളാണ് ഇപ്പോൾ. അവർക്ക് നാടിനെ ഓർത്തെങ്കിലും സമാധാനം കിട്ടാൻ യുഡിഎഫ് അധികാരത്തിൽ എത്തേണ്ടതുണ്ടെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
നാടിന്റെ സമാധാനം തകർക്കുന്ന ശക്തികളെ ജനങ്ങൾ ഒറ്റപ്പെടുത്തണമെന്നും കോൺഗ്രസ് സമാധാനത്തിന് ഒപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. സാധാരണ നടത്തുന്ന റാലികളിൽ നിന്നോ പ്രകടനങ്ങളിൽ നിന്നോ വ്യത്യസ്തമായി, ജനങ്ങളുമായി നേരിട്ട് സംവദിക്കാനും സമാധാനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനുമാണ് പ്രഭാത സവാരി തെരഞ്ഞെടുത്തതെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
Content Highlights: AICC General Secretary K.C. Venugopal staged a morning walk protest against rising political violence