'എഫ്‌സിആർഎ ഭേദഗതി വളരെ ഗൗരവമുള്ളത്; സമസ്ത വിഷയം പഠിച്ചിട്ട് പ്രതികരിക്കും': കാന്തപുരം എ പി അബൂബക്കര്‍

എഫ്‌സിആർഎ ഭേദഗതി ഗൗരവമുള്ള കാര്യമാണെന്നും വിഷയം സമസ്ത പഠിച്ചുവരുകയാണെന്നും കാന്തപുരം പറഞ്ഞു

കോഴിക്കോട്: വിദേശസംഭാവന നിയന്ത്രണ നിയമമായ എഫ്‌സിആർഎ ഭേദഗതിയിൽ പ്രതികരിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. എഫ്‌സിആർഎ ഭേതഗതി ഗൗരവമുള്ള കാര്യമാണെന്നും വിഷയം സമസ്ത പഠിച്ചുവരുകയാണെന്നും കാന്തപുരം പറഞ്ഞു. എഫ്‌സിആർഎ വിഷയം പഠിച്ചശേഷം സമസ്ത വിശദമായി പ്രതികരിക്കുമെന്നും പഠിക്കാതെ പ്രതികരിച്ചാൽ അബദ്ധം സംഭവിക്കുമെന്നും അദേഹം പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ വിവാദ എഫ്‌സിആർഎ ഭേദഗതിയിൽ രൂക്ഷവിമർശനവുമായി വിവിധ നേതാക്കൾ ഇതിനകം രംഗത്തെത്തിയിരുന്നു. നിയമ ഭേദഗതിന്യൂനപക്ഷങ്ങൾക്കെതിരെയുള്ള കടന്നുക്കയറ്റമാണെന്നാണ് പ്രതികരണങ്ങൾ. ജനാധിപത്യ രാജ്യത്ത് ഈ തരത്തിലുള്ള ഭേദഗതി ആദ്യമെന്നും സുതാര്യതയില്ലാതെ കേന്ദ്ര സർക്കാർ ഒളിച്ചുകളിക്കുകയാണെന്നും ജോൺ ബ്രിട്ടാസ് എം പി പാർലമെൻ്റിൽ പറഞ്ഞു. വിഷയത്തിൽ കേന്ദ്ര സഹമന്ത്രിയായ ജോർജ് കുര്യനെയും ബ്രിട്ടാസ് വിമർശിച്ചു. ക്രൈസ്ത ലേബലിൽ മന്ത്രിയായ ജോർജ് കുര്യൻ പുറം തിരിഞ്ഞ് നിൽക്കുകയാണെന്നും അൽപ്പമെങ്കിലും ഉളുപ്പുള്ളവർ ഇത് ചെയ്യില്ല എന്നും ബ്രിട്ടാസ് വിമർശിച്ചു.

അതോടെപ്പം തന്നെ വിവാദ എഫ്‌സിആർഎ ഭേദഗതി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങളെയാണ് നിയനം ബാധിക്കുന്നതെന്നും ന്യൂനപക്ഷ വിഭാഗങ്ങളില്‍ ആശങ്ക ഉയര്‍ന്നുവന്നെങ്കിലും ഇതൊന്നും സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ജനങ്ങളെ ഒന്നിച്ചുനിര്‍ത്തിപ്പോകേണ്ട സര്‍ക്കാര്‍ ഒരുവിഭാഗത്തെ മാറ്റിനിര്‍ത്തുന്നുവെന്നും മുഖ്യ മന്ത്രി പ്രതികരിച്ചു.

Content Highlights: Kanthapuram AP Abubacker Musliyar responds to FCRA amendment

To advertise here,contact us