'ലീക്കായെന്ന് പറയുന്ന വീഡിയോ ഞാൻ തന്നെ പങ്കുവെച്ചത്'; മുഖ്യമന്ത്രിയുടെ വീഡിയോ വിവാദത്തിൽ സുജിത്ത് ഭക്തൻ

'എല്ലാ പാര്‍ട്ടിയില്‍ നിന്നുള്ള ആളുകളുടെ ഒപ്പവും താന്‍ പോഡ്കാസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ പിണറായി വിജയന്‍ മാത്രമല്ല, വി ഡി സതീശനും രാജീവ് ചന്ദ്രശേഖറും വരെയുണ്ട്'

'ലീക്കായെന്ന് പറയുന്ന വീഡിയോ ഞാൻ തന്നെ പങ്കുവെച്ചത്'; മുഖ്യമന്ത്രിയുടെ വീഡിയോ വിവാദത്തിൽ സുജിത്ത് ഭക്തൻ
dot image

കൊച്ചി: തനിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ ഒരു വീഡിയോ പിആര്‍ വര്‍ക്ക് എന്ന രീതിയില്‍ പ്രചരിക്കുന്നതില്‍ വിശദീകരണവുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ സുജിത്ത് ഭക്തന്‍. വീഡിയോ ലീക്കായെന്ന നിലയിലാണ് പ്രചരിക്കുന്നതെന്നും ആ വീഡിയോ താന്‍ തന്നെയാണ് തന്റെ ചാനലില്‍ ഇട്ടതെന്നും സുജിത്ത് ഭക്തന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. 'ടെക്ക് ട്രാവല്‍ ഈറ്റ് ബൈ സുജിത്ത് ഭക്തന്‍' എന്ന പേജില്‍ ഇത് സംബന്ധിച്ച ഒരു വീഡിയോയും സുജിത്ത് ഭക്തന്‍ പങ്കുവെച്ചിട്ടുണ്ട്.

'ഒരു പ്രമുഖ യൂട്യൂബര്‍ ചാനല്‍ വഴി പിണറായി വിജയനെ വെളുപ്പിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ സ്‌ക്രിപ്റ്റ് ലീക്കായി' എന്നതടക്കമായിരുന്നു കോണ്‍ഗ്രസ് ഗ്രൂപ്പുകൡ പ്രചരിച്ചത്. പിആര്‍ വര്‍ക്കിന്റെ ഭാഗമായിരുന്നു ആ വീഡിയോയെന്നും പലരും പ്രചരിപ്പിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് സുജിത്ത് ഭക്തന്‍ രംഗത്തെത്തിയത്. ലീക്കായെന്ന് പറഞ്ഞുപരക്കുന്ന ആ ക്ലിപ്പ് താന്‍ തന്റെ ചാനലില്‍ ഇട്ട വീഡിയോയില്‍ നിന്നുള്ള ഭാഗം മാത്രമാണെന്ന് സുജിത്ത് ഭക്തന്‍ വിശദീകരിച്ചു. ഇത് മുഖ്യമന്ത്രിയെ കൊണ്ട് താന്‍ പറഞ്ഞു പറയിപ്പിച്ചത് തന്നെയാണ്. അത് മുഖ്യമന്ത്രിയുടെ പോഡ്കാസ്റ്റിന്‍ താന്‍ ഇട്ടിട്ടുമുണ്ട്. വീഡിയോയുടെ അവസാന ഒരു മിനിറ്റ് കണ്ടാല്‍ അത് മനസിലാകുമെന്നും സുജിത്ത് ഭക്തന്‍ പറഞ്ഞു.

തന്റെ പോഡ്കാസ്റ്റില്‍ അദ്ദേഹം തന്നോട് അത്രയധികം കംഫര്‍ട്ടബിളായതുകൊണ്ട് മാത്രമാണ് ഒരു റീല്‍ ഒക്കെ ചെയ്യാന്‍ സഹകരിച്ചത് എന്ന് വിശ്വസിക്കുന്നു. മുഖത്ത് നോക്കി അദ്ദേഹത്തെ ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ വിളിക്കുന്ന പേരുകളും മറ്റും പറഞ്ഞതും അതുകൊണ്ട് മാത്രമാണ്. പലര്‍ക്കും സാധിക്കാത്ത ഒരു കാര്യം തന്നെകൊണ്ട് ചെയ്യാന്‍ സാധിച്ചു എന്നതില്‍ അഭിമാനിക്കുന്നു. പിആര്‍ വര്‍ക്ക് എന്ന് പറയുന്നവരോട് ഒരു കാര്യം മാത്രമാണ് പറയാനുള്ളത്. എല്ലാ പാര്‍ട്ടിയില്‍ നിന്നുള്ള ആളുകളുടെ ഒപ്പവും താന്‍ പോഡ്കാസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ പിണറായി വിജയന്‍ മാത്രമല്ല, വി ഡി സതീശനും രാജീവ് ചന്ദ്രശേഖറും വരെയുണ്ടെന്നും സുജിത്ത് ഭക്തന്‍ വിശദീകരിച്ചു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുന്നതിനൊപ്പം യൂട്യൂബ് ചാനലുകള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിമുഖം നല്‍കിയിരുന്നു. അത്തരത്തില്‍ സുജിത്ത് ഭക്തന് നല്‍കിയ അഭിമുഖത്തിലെ ഒരു ഭാഗമാണ് കോണ്‍ഗ്രസ് പ്രചാരണായുധമാക്കിയത്. ഒരു റീല്‍ ചിത്രീകരിക്കുന്നതിനായി താന്‍ ഒരു ഭാഗം പറയുമെന്നും അതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും സുജിത്ത് ഭക്തന്‍ ആവശ്യപ്പെടുന്നതാണ് വീഡിയോയില്‍.

Content Highlights- Sujith Bhaktan addressed the controversy surrounding a video of the Kerala Chief Minister, stating that the clip described as leaked was actually shared by him

dot image
To advertise here,contact us
dot image