സഹകരണ വകുപ്പ് സോഫ്റ്റ്‌വെയര്‍ കരാറില്‍ സര്‍ക്കാരിന് തിരിച്ചടി: ടെന്‍ഡര്‍ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു

നേരത്തെ ടാറ്റ കണ്‍സള്‍ട്ടന്‍സിക്ക് നല്‍കാന്‍ തീരുമാനിച്ച കരാര്‍ നാലിരട്ടിയ്ക്ക് മേല്‍ തുകയ്ക്ക് ദിനേശ് ബീഡി സഹകരണ സംഘത്തിന് കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു

തിരുവനന്തപുരം: സഹകരണ വകുപ്പ് സോഫ്റ്റ്‌വെയര്‍ കരാറില്‍ സര്‍ക്കാരിന് തിരിച്ചടി. ടെന്‍ഡര്‍ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. മെയ് 19 വരെ നടപടികളുമായി മുന്നോട്ടുപോകരുത് എന്നാണ് ഉത്തരവ്. ഏഴ് ഐടി കമ്പനികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ദിനേശ് ബീഡി സഹകരണ സംഘത്തിനാണ് കരാര്‍ നല്‍കിയത്. സോഫ്റ്റ്‌വെയര്‍ കരാറില്‍ രമേശ് ചെന്നിത്തല അഴിമതി ആരോപിച്ചിരുന്നു. 700 കോടി രൂപയുടെ അഴിമതി നടന്നു എന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. നേരത്തെ ടാറ്റ കണ്‍സള്‍ട്ടന്‍സിക്ക് നല്‍കാന്‍ തീരുമാനിച്ച കരാര്‍ നാലിരട്ടിയ്ക്ക് മേല്‍ തുകയ്ക്ക് ദിനേശ് ബീഡി സഹകരണ സംഘത്തിന് കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു. ടാറ്റ കണ്‍സള്‍ട്ടന്‍സിക്ക് 206 കോടി രൂപയ്ക്ക് ടെന്‍ഡര്‍ നല്‍കാനായിരുന്നു തീരുമാനം.

പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് അഴിമതി നടന്നതെന്നും ദിനേശ് ബീഡി സഹകരണ സംഘത്തിന്‍റെ ടെന്‍ഡറില്‍ വ്യക്തതയില്ലായെന്നുമാണ് രമേശ് ചെന്നിത്തല ആരോപിച്ചത്. ദിനേശ് ബീഡി സഹകരണ സംഘത്തിന് മാത്രം പങ്കെടുക്കാവുന്ന രീതിയിൽ ടെണ്ടർ വിളിച്ചുവെന്നും അത് സുതാര്യമായ കാര്യമല്ലായെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സഹകരണ മേഖലയെ പൂർണ്ണമായി സിപിഐഎമ്മിൻ്റെ നിയന്ത്രണത്തിലാകുന്ന ഒരു പ്രവർത്തനമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് ഇത്രയും പെട്ടെന്ന് പ്രഖ്യാപിക്കുമെന്ന് ഇവർ കരുതിയില്ല.ആരും അറിയാതെ ഇത് നടപ്പിലാക്കിയെടുക്കാനുള്ള പരിപാടിയായിരുന്നു സ‍ർക്കാരിന്‍റേതെന്നും ഇതിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

അഴിമതിയിൽ ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും 700 കോടി രൂപയിൽ അധികം നഷ്ടം വരുന്ന തരത്തിലാണ് ഈ പദ്ധതി സ‍ർക്കാർ നടപ്പാക്കാൻ പോയതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി വാസവന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചതെന്നും ടെന്‍ഡര്‍ ക്ഷണിച്ചത് എത്ര ശാഖകള്‍ക്കാണെന്ന് വ്യക്തമാക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നും ദിനേശ് ബീഡി സഹകരണ സംഘത്തിന് ടെന്‍ഡര്‍ നല്‍കണമെന്ന് മന്ത്രി ഉള്‍പ്പെടെ ആദ്യമേ തീരുമാനിച്ചിരുന്നെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഈ കള്ള കളിക്ക് കൂട്ട് നിന്ന എല്ലാവ‍ർക്കും എതിരെ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: setback to govt. in Cooperative Department software contract: High Court stays tender process

To advertise here,contact us