എഫ്‌സിആര്‍എ ഭേദഗതി ബില്‍ ന്യൂനപക്ഷ വേട്ടയ്ക്കുളള മാരക ആയുധം; ദീപിക മുഖപ്രസംഗം

ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ ക്രൈസ്തവ പ്രാതിനിധ്യമില്ലാത്തത് ഖേദകരമാണെന്നും ബിജെപി ക്രൈസ്തവരെ അത്രപോലും വിലമതിക്കുന്നില്ലെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തലുണ്ട്

തിരുവനന്തപുരം: എഫ്‌സിആര്‍എ നിയമഭേദഗതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപികയുടെ മുഖപ്രസംഗം. എഫ്‌സിആര്‍എ (വിദേശ സംഭാവന നിയന്ത്രണ) ഭേദഗതി ബില്‍ ന്യൂനപക്ഷ വേട്ടയ്ക്കുളള മറ്റൊരു മാരകായുധമാണെന്ന് ദീപിക മുഖപ്രസംഗത്തില്‍ പറയുന്നു. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയമായിട്ടുപോലും ഒരു മറയുമില്ലാതെ ഇത്തരം അജണ്ടകള്‍ നടപ്പിലാക്കുന്നുണ്ടെങ്കില്‍ ഇത് സൂചനയല്ല, കൃത്യമായ സന്ദേശമാണെന്നും ദീപിക കുറ്റപ്പെടുത്തി. 'സംഘപരിവാര്‍ ആക്രമണങ്ങള്‍, മതപരിവര്‍ത്തന നിരോധന നിയമം, എഫ്‌സിആര്‍എ, ന്യൂനപക്ഷ കമ്മീഷനിലെ അംഗത്വനിഷേധം.. ക്രൈസ്തവരെക്കുറിച്ച് ബിജെപി ചിന്തിക്കുന്നില്ലെന്ന് പറയാനാവില്ല' എന്നും മുഖപ്രസംഗത്തില്‍ പരിഹാസം.

ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ ക്രൈസ്തവ പ്രാതിനിധ്യമില്ലാത്തത് ഖേദകരമാണെന്നും ബിജെപി ക്രൈസ്തവരെ അത്രപോലും വിലമതിക്കുന്നില്ലെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തലുണ്ട്. 'ഒരുവശത്ത് സംഘപരിവാറിന്റെ ആക്രമണങ്ങളും മറുവശത്ത് മതപരിവര്‍ത്തന നിരോധന നിയമവും, എഫ്‌സിആറ്#എ തുടങ്ങി ക്രൈസ്വര്‍ ഉള്‍പ്പെടെയുളള ന്യൂനപക്ഷങ്ങളെ ലക്ഷ്യമാക്കിയുളള നിയമങ്ങളും ഭേദഗതികളും നടപ്പാക്കിക്കൊണ്ടിരിക്കെ ന്യൂനപക്ഷ കമ്മീഷന്‍ തന്നെ കേവലമൊരു ഔദ്യോഗികതയായി ചുരുങ്ങി': ദീപിക മുഖപ്രസംഗത്തില്‍ പറയുന്നു.

ന്യൂനപക്ഷ കാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്‍ 2020-ല്‍ കമ്മീഷനിലെ സ്ഥാനം ഒഴിഞ്ഞതുമുതല്‍ ക്രൈസ്തവ വിഭാഗത്തിന്റെ പ്രാതിനിധ്യം ഒഴിഞ്ഞുകിടക്കുകയാണെന്നും ആറുവര്‍ഷമായി ഇതാണ് സ്ഥിതിയെന്നും ദീപിക പറയുന്നു. എല്ലാ ന്യൂനപക്ഷ മതവിഭാഗങ്ങളുടെയും വ്യക്തിഗത സാന്നിദ്ധ്യം നിയമപരമായി നിര്‍ബന്ധമില്ലെങ്കിലും തുല്യത ഉറപ്പുവരുത്തുന്നതിനും ക്രൈസ്തവരെ ദേശീയതലത്തില്‍ കേള്‍ക്കുന്നതിനും ക്രൈസ്തവ പ്രതിനിധിയുടെ സാന്നിധ്യം അത്യാവശ്യമാണെന്ന് സഭാ പ്രതിനിധികളടക്കം നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ കേന്ദ്രസര്‍ക്കാര്‍ ഒരു വിലയും കൊടുത്തില്ല. മതരാഷ്ട്രങ്ങള്‍ക്ക് സമാനമായ രീതിയില്‍ ഏതൊരു വര്‍ഗീയവാദിക്കും ന്യൂനപക്ഷ വേട്ടയ്ക്ക് അവസരമൊരുക്കിയ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം ഭരണഘടനയെ എന്നേ നോക്കുകുത്തിയാക്കി കഴിഞ്ഞു' എന്നും മുഖപ്രസംഗത്തില്‍ വിമര്‍ശനം.

Content Highlights: FCRA Amendment Bill is a deadly weapon for minority persecution; Deepika's editorial

To advertise here,contact us