കൊച്ചി : തെരഞ്ഞെടുപ്പ് വോട്ടിങ് യന്ത്രത്തിലെ തന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഞ്ജലി നായര്‍ ഹൈക്കോടതിയില്‍. അഞ്ജലി പി വി എന്നാണ് വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അത് അഞ്ജലി നായര്‍ എന്ന് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അഞ്ജലിയുടെ ഹര്‍ജി നാളെ പരിഗണിച്ചേക്കും.
തെരഞ്ഞെടുപ്പ് പത്രികയില്‍ താന്‍ അഞ്ജലി പി വി എന്ന പേരാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും പൊതുജീവത്തിലും ചലച്ചിത്ര മേഖലയിലും തന്റെ പേര് അഞ്ജലി നായര്‍ എന്നാണെന്നും സ്ഥാനാര്‍ത്ഥി ചൂണ്ടിക്കാണിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതും പോസ്റ്ററുകളടിച്ചതുമെല്ലാം ആ പേരിലാണ്. എന്നാൽ വോട്ടിങ് യന്ത്രത്തിൽ അഞ്ജലി പി വി എന്നാണുള്ളത്. ഇത് തനിക്ക് വോട്ടു ചെയ്യാനെത്തുന്നവരിൽ ആശയക്കുഴപ്പമുണ്ടാക്കുകയും അർഹമായ വോട്ട് നഷ്ടപ്പെടുത്തുകയും ചെയ്യുമെന്നും അഞ്ജലി പറഞ്ഞു.
അഞ്ജലി പി വി എന്നതുമാറ്റി താൻ അറിയപ്പെടുന്ന അഞ്ജലി നായർ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ വരണാധികാരിക്ക് അപേക്ഷ നൽകിയിരുന്നു. ഇതിനുള്ള തെളിവുകളും സമർപ്പിച്ചിരുന്നു. ഇതിന് നിയമപ്രകാരം തനിക്ക് അവകാശമുണ്ട്. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ തന്റെ പേര് അഞ്ജലി പി വി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ കാരണം വ്യക്തമാക്കിയിട്ടുമില്ല. തുടർന്ന് ഇത് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ വരണാധികാരിക്ക് വീണ്ടും അപേക്ഷ നൽകിയെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമൊന്നും അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും അഞ്ജലി ഹർജിയിൽ വ്യക്തമാക്കി.
തൃപ്പൂണിത്തുറയിൽ ബിജെപി മത്സരിച്ചുവരുന്ന മണ്ഡലമാണെങ്കിലും ഇത്തവണ ആ സീറ്റ് ട്വന്റി 20ക്കാണ് നൽകിയത്. ‘ചക്ക’അടയാളത്തിലാണ് അഞ്ജലി നായർ മത്സരിക്കുന്നത്. സിപിഐഎമ്മിന്റെ കെ എൻ ഉണ്ണികൃഷ്ണനാണ് എൽഡിഎഫ് സ്ഥാനാർത്ഥി. കോൺഗ്രസിൻ്റെ ദീപക് ജോയി ആണ് യുഡിഎഫ് സ്ഥാനാർത്ഥി.
Content Highlight : Anjali Nair the NDA candidate from Tripunithura, has demanded that her name be corrected on the electronic voting machine (EVM).