തിരുവനന്തപുരം: ചിറയിന്‍കീഴിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ 'ഇന്ദിരാ ഗ്യാരണ്ടി' ബസ് യാത്ര വിവാദമായത്തോടെ വിശദീകരണവുമായി UDF സ്ഥാനാർത്ഥി രമ്യാ ഹരിദാസ്. പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും ചട്ടങ്ങളെക്കുറിച്ച് യുഡിഎഫിന് വ്യക്തമായ ബോധ്യമുണ്ടെന്നും യുഡിഎഫ് സ്ഥാനാർത്ഥി പറഞ്ഞു. യാത്ര നടത്തിയത് ചിറയിൻകീഴ് മുതൽ കോരാണി വരെയാണ്. ബസ്സിലുണ്ടായിരുന്നത് മഹിളാ കോൺഗ്രസ് പ്രവർത്തകർ മാത്രമായിരുന്നു. ഇന്ദിര ഗ്യാരണ്ടി ബസ് ആരും തടഞ്ഞിട്ടില്ലെന്നും രമ്യ ഹരിദാസ് പറഞ്ഞു.
വിവാദങ്ങൾക്ക് പിന്നിൽ പദ്ധതിയോടുള്ള അസഹിഷ്ണുതയാണെന്നാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ ആരോപണം. ഇന്ദിര ഗ്യാരണ്ടിയെ കേരളം ഏറ്റെടുത്തതിന്റെ തെളിവാണ് വാർത്തകളെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ അറിഞ്ഞിട്ടില്ലെന്നും രമ്യ ഹരിദാസ് പറഞ്ഞു.
ചിറയിന്‍കീഴിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ നേതൃത്വത്തില്‍ നടത്തിയ 'ഇന്ദിരാ ഗ്യാരണ്ടി' ബസ് യാത്രയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് തേടിയിരുന്നു. ജില്ലാ കളക്ടറോട് അടിയന്തര റിപ്പോര്‍ട്ട് നല്‍കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദേശം നല്‍കിയത്. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ട്രയല്‍ റണ്‍ പെരുമാറ്റച്ചട്ട ലംഘനമാണ് എന്നായിരുന്നു പരാതി. രമ്യ ഹരിദാസിന്റെ നേതൃത്വത്തില്‍ നടത്തിയ 'ഇന്ദിരാ ഗ്യാരണ്ടി ബസ്' യാത്ര ഇലക്ഷന് സ്ക്വാഡ് തടഞ്ഞിരുന്നു. നിയമലംഘനവും പെരുമാറ്റച്ചട്ടത്തിന് എതിരാണെന്നും ആരോപിച്ചാണ് ബസ് യാത്ര തടഞ്ഞത്. ചിറയിന്‍കീഴ് മുതല്‍ കോരാണി വരെയും തിരിച്ചുമാണ് ട്രയല്‍ റണ്‍ എന്ന നിലയില്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര അനുവദിച്ചത്. എന്നാല്‍ ബസ് കോരാണിയിലെത്തിയപ്പോള്‍ ഇലക്ഷന് സ്ക്വാഡ് തടയുകയായിരുന്നു.
Content Highlights: