കൊച്ചി: നഗരത്തിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്ന് ലഹരിയുമായി പ്രൊഫഷണലുകൾ ഉൾപ്പെടെയുള്ളവർ പിടിയിലായ സംഭവത്തിൻ്റെ അന്വേഷണം ക്രൂയിസ് പാർട്ടിയിലേക്കും വ്യാപിപ്പിച്ച് പൊലീസ്. പിടിയിലായ ഷോൺ കഴിഞ്ഞ ശനിയാഴ്ച കൊച്ചിയിൽ ക്രൂയിസ് പാർട്ടി നടത്തിയിരുന്നു. ഇതിലേക്കും ലഹരി ഒഴുക്കി എന്നാണ് സംശയം. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. പാർട്ടിയുടെ വീഡിയോ ദൃശ്യങ്ങളും മറ്റും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് ലഹരിയുമായി നിരവധി പേരെ പൊലീസ് പിടികൂടിയത്. ഡോക്ടർമാരും വക്കീലും ബിസിനസുകാരും വിദ്യാർത്ഥിയും അടക്കമുള്ളരാണ് പിടിയിലായത്.
കലൂർ സ്വദേശിയും അഭിഭാഷകനുമായ രോഹിത് നായർ, കലൂർ സ്വദേശിയും റെസ്റ്റോറൻ്റ് ഉടമയുമായ ഓസ്റ്റിൻ ജോസ്, കെമിക്കൽ ട്രീറ്റ്മെൻ്റ് ബിസിനസുകാരനായ ജിനോ മുരളി, ആലപ്പുഴ സ്വദേശിയും ന്യൂട്രീഷനുമായ അക്ബർ ഷാ, പന്തളം സ്വദേശിനിയും ദന്ത ഡോക്ടറുമായ ബെൻസി റാവുത്തർ, ഫിസിയോതെറാപ്പിസ്റ്റ് സെയ്തലി ഫാത്തിമ, കണ്ണൂർ സ്വദേശിനിയും ഏവിയേഷൻ വിദ്യാർത്ഥിനിയുമായ അമൽ റൗഫ്, തിരുവനന്തപുരം ശംഖുമുഖം സ്വദേശി ഷാജിഫെർണാഡോ എന്ന ഷോൺ എന്നിവരാണ് പിടിയിലായത്. കൊക്കെയ്ൻ അടക്കമുള്ള ലഹരിമരുന്നുകളാണ് പൊലീസ് ഇവരിൽ നിന്ന് പിടികൂടിയത്.
Content Highlights: Police have expanded the investigation into the drug seizure from a five-star hotel in Kochi to include a suspected cruise party. The probe intensified after it emerged that Shawn, one of the accused, had organized a cruise party in the city last Saturday