'തെരഞ്ഞെടുപ്പില്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണം; എ പി സമസ്ത

തെരഞ്ഞെടുപ്പ് സമയത്തും വിശ്വാസികള്‍ ഇസ്‌ലാമിക നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും എ പി സമസ്ത

കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ വിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്ന് എ പി സമസ്ത. തെരഞ്ഞെടുപ്പ് സമയത്തും വിശ്വാസികള്‍ ഇസ്‌ലാമിക നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ എതിരാളികളെ എന്തും വിളിച്ചുപറയാമെന്ന് ആരും കരുതരുതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും മുശാവറ അഭിപ്രായപ്പെട്ടു.

ഉമര്‍ ഫൈസി മുക്കത്തെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തളളിയിരുന്നു. സമസ്തയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആവശ്യപ്പെട്ടു. അനവസരങ്ങളില്‍ പ്രസ്താവനകളിറക്കരുതെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ അത്തരം കാര്യങ്ങളില്‍ നിന്നും പിന്തിരിയണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ഓരോ തെരഞ്ഞെടുപ്പിലും ആരെ സ്ഥാനാര്‍ത്ഥിയാക്കണം എന്നത് അതത് പാര്‍ട്ടി നേതൃത്വങ്ങളാണ് തീരുമാനിക്കേണ്ടതെന്നും മതത്തിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും കാഴ്ച്ചപ്പാടുകള്‍ വ്യത്യസ്തമാണെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

ഉമര്‍ ഫൈസി മുക്കത്തെ തളളി നാസര്‍ ഫൈസി കൂടത്തായിയും രംഗത്തെത്തിയിരുന്നു. സ്ത്രീസംവരണ സീറ്റുകളില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് മത്സരിക്കാമെന്ന് സമസ്ത തീരുമാനിക്കുന്നത് അനിവാര്യമായ സാഹചര്യത്തിലാണെന്നും ജനറല്‍ സീറ്റുകളില്‍ മുസ്‌ലിം സ്ത്രീകള്‍ മത്സരിക്കേണ്ടി വരുന്നതും അതുപോലെ ഒരു അനിവാര്യ സാഹചര്യത്തിലാണെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. തേതരത്വം ചോദ്യം ചെയ്യപ്പെടുക, പൊതു സമൂഹത്തില്‍ പാര്‍ട്ടിയുടെ ഇമേജ്, അവരെ മാറ്റി നിര്‍ത്തിയാല്‍ സ്ത്രീകള്‍ക്കിടയിലും പൊതുസമൂഹത്തിലും ചിലര്‍ ഉണ്ടാക്കാവുന്ന വിരുദ്ധ ധ്രുവീകരണം തുടങ്ങിയ പല അനിവാര്യ സാഹചര്യവും പരിഗണിച്ചുകൊണ്ട് ലീഗ് സ്ത്രീകളെ ജനറല്‍ സീറ്റുകളില്‍ പരിഗണിക്കാമെന്ന് സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ നേരത്തെ പറഞ്ഞത് കാലിക നിലപാടാണെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.

ജനറല്‍ സീറ്റില്‍ സ്ത്രീകളെ മത്സരിപ്പിക്കുന്നതിനോട് സമസ്തയ്ക്ക് യോജിപ്പില്ലെന്നാണ് ഉമര്‍ഫൈസി മുക്കം പറഞ്ഞത്. സമസ്തയ്‌ക്കൊപ്പം നില്‍ക്കുന്നതാണ് ലീഗിന് നല്ലതെന്നും പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ മുസ്‌ലിം സംഘടനകള്‍ക്ക് പരിഗണന ലഭിച്ചെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. 'ഭരണത്തെ കുറിച്ച് പരാതികളില്ല. കൂടുതല്‍ സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം നല്‍കിയ കാലഘട്ടത്തില്‍ അതിനെ കുറിച്ചുള്ള അഭിപ്രായം ലീഗിന്റെ അന്നത്തെ നേതാക്കള്‍ സമസ്തയോട് ചോദിച്ചിരുന്നു. സംവരണ സീറ്റില്‍ നിര്‍ബന്ധമായും സ്ത്രീകളെ നിര്‍ത്തണമെന്ന അവസ്ഥ വന്നത് കൊണ്ട് സ്ത്രീകളെ നിര്‍ത്താമെന്നും ജനറല്‍ സീറ്റുകളില്‍ അത് അനുവദിക്കേണ്ടതില്ലെന്ന മറുപടിയാണ് കൊടുത്തിട്ടുള്ളത്'എന്നാണ് ഉമര്‍ ഫൈസി മുക്കം പറഞ്ഞത്.

Content Highlights: 'Believers should be cautious in elections'; AP Samastha also opposes Umar Faizy Mukkam

To advertise here,contact us