ന്യൂഡല്‍ഹി: കെ സുധാകരന് എന്നും അടിയുറച്ച കോണ്‍ഗ്രസുകാരനാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. അദ്ദേഹത്തിന്റെ പാര്‍ട്ടിയോടുളള അചഞ്ചലമായ കൂറും വിശ്വാസ്യതയും ആര്‍ക്കും ചോദ്യംചെയ്യാവുന്നതിലും അപ്പുറമാണെന്നും മരണംവരെ കെ സുധാകരന് അടിമുടി കോണ്‍ഗ്രസായിരിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കെ സുധാകരന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി കുടുംബസമേതമെത്തി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് കെ സി വേണുഗോപാലിന്റെ പ്രതികരണം.
കെ സുധാകരന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അനാവശ്യ ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് ഇന്ന് രാഹുല്‍ ഗാന്ധിയുമായുളള കെ സുധാകരന്റെ കൂടിക്കാഴ്ച്ച നടന്നതെന്നും പലവിധ താല്‍പ്പര്യങ്ങള്‍ക്ക് വിധേയപ്പെട്ട് സുധാകരനുമായി ബന്ധപ്പെട്ട അനാരോഗ്യകരമായ ചര്‍ച്ചകള്‍ ഉയര്ത്തിയവര്ക്കുളള മറുപടിയായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനമെന്നും കെ സി പറഞ്ഞു.
'ഈ ദിവസങ്ങളില്‍ സുധാകരനോട് സംസാരിച്ചപ്പോള്‍ ഞാന്‍ തൊട്ടറിഞ്ഞതാണ് വാര്‍ത്തകള്‍ പൊളളിച്ച ആ നെഞ്ചിലെ ചൂട്. മുന്‍പെന്നത്തേയും എന്നതുപോലെ പാര്‍ട്ടി അദ്ദേഹത്തിന്റെ സേവനങ്ങളെ മുതല്‍ക്കൂട്ടായാണ് കാണുന്നത്. നേതൃത്വം എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനും കരുതലിനും ഖര്ഗെജിയെയും രാഹുല്‍ ജിയെയും നന്ദി അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്. മരണംവരെ കെ സുധാകരന് അടിമുടി കോണ്‍ഗ്രസായിരിക്കും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനം അതിന്റെ ഹൃദയത്തോട് എക്കാലവും ചേര്‍ത്തുപിടിക്കുന്ന പേരുകളില്‍ ഒന്നുകൂടിയാണ് കെ സുധാകരന്': കെ സി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്ന് വൈകിട്ടോടെയായിരുന്നു രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായുള്ള കെ സുധാകരന്റെ കൂടിക്കാഴ്ച. കുടുംബസമേതമായിരുന്നു സുധാകരന് ഡല്‍ഹിയില്‍ എത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. ഖര്‍ഗെയായിരുന്നു സുധാകരനെ അടിയന്തരമായി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി ജീവിതം മുഴുവന്‍ പോരാടിയ നേതാവാണ് കെ സുധാകരന് എന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. യഥാര്‍ത്ഥ പോരാളിയാണ് സുധാകരന്. യുഡിഎഫ് ഒറ്റക്കെട്ടാണെന്നും കേരളത്തില്‍ നൂറ് സീറ്റുകളോടെ കോണ്‍ഗ്രസ് വന്‍ വിജയം നേടുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.
രാഹുല്‍ ഗാന്ധിയെ കണ്ടതില്‍ അതീവ സന്തോഷമുണ്ടെന്നാണ് കെ സുധാകരൻ പറഞ്ഞത്. കൂടിക്കാഴ്ചയില്‍ തനിക്ക് ചില ഉറപ്പുകള്‍ ലഭിച്ചിട്ടുണ്ട്. ചില സഹായങ്ങള്‍ ചെയ്യാം എന്ന് പാര്‍ട്ടി അറിയിച്ചു. ആ ഉറപ്പുകള്‍ എപ്പോള്‍ പ്രാവര്‍ത്തികമാകും എന്നറിയില്ല. പ്രാവര്‍ത്തികമായാലും ഇല്ലെങ്കിലും സന്തോഷമുണ്ട്. താന്‍ പാര്‍ട്ടിക്ക് വിധേയനാണെന്നും കെ സുധാകരന് പറഞ്ഞു. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ കേരളത്തിന്റെ ഭാവി ചര്‍ച്ച ചെയ്തുവെന്നും കെ സുധാകരന് പറഞ്ഞു. പാര്‍ട്ടിയിലെ തന്റെ സ്ഥാനം തീരുമാനിക്കേണ്ടത് നേതൃത്വമാണ്. നേതാക്കള്‍ക്ക് മുന്നില്‍ താന്‍ ആവശ്യങ്ങളൊന്നും മുന്നോട്ടുവെച്ചിട്ടില്ലെന്നും കെ സുധാകരന് പറഞ്ഞു. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും കെ സുധാകരന് പറഞ്ഞു. പാര്‍ട്ടിയിലെ സീനിയര്‍ നേതാവിനെ പരിഗണിക്കണം എന്നാണ് തന്റെ നിലപാടെന്ന് സുധാകരന് പറഞ്ഞു. പാര്‍ട്ടി ആവശ്യപ്പെട്ടതിനാലാണ് കണ്ണൂരില്‍ മത്സരിക്കാത്തതെന്നും സുധാകരന് വ്യക്തമാക്കി.
Content Highlights: 'K Sudhakaran will be a staunch Congressman until his death': KC Venugopal