തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വിദേശ നിയന്ത്രണ നിയമ(എഫ്സിആര്‍എ) ഭേദഗതി ബില്ല് ന്യൂനപക്ഷ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് രമേശ് ചെന്നിത്തല. കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഈ ഭേദഗതി നീക്കത്തില്‍ നിന്നും പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു.
സന്നദ്ധ മേഖലയില്‍ രാജ്യത്തിന്റെ അഭിമാനമായ പല സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തെ ഇത് ഗുരുതരമായി ബാധിക്കും. ഈ ബില്ലിനെതിരെ ഇതിനോടകം തന്നെ കോണ്‍ഗ്രസ് പാര്‍ലമെന്റിലും പുറത്തും പ്രതിഷേധം ശക്തമായിക്കിയിട്ടുണ്ട്. ന്യൂനപക്ഷ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുകയും തകര്‍ക്കുകയും ചെയ്യുന്ന നടപടിയാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എന്‍ജിഒകളുടെയും സന്നദ്ധ സംഘടനകളുടെയും സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ ഈ ഭേദഗതിയിലൂടെ കേന്ദ്ര സര്‍ക്കാരിന് സാധിക്കും. ഈ മേഖലയില്‍ സ്തുത്യര്‍ഹമായി സേവനം ചെയ്യുന്ന സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ ഇത് ഗുരുതരമായി ബാധിക്കും. മത ന്യൂനപക്ഷങ്ങളുടെ കീഴിലുള്ള വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കം അത്യന്തം അപലപനീയമാണെന്നും രമേശ് ചെന്നിത്തല കൂട്ടിചേര്‍ത്തു.
കേന്ദ്ര സര്‍ക്കാരിന്റെ വിദേശ സംഭാവന നിയന്ത്രണ(എഫ്സിആര്‍ഐ) നിയമ ഭേദഗതി ബില്‍ ഭരണഘടന അവകാശങ്ങളിലുള്ള കടന്നുകയറ്റമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ഇത് ന്യൂനപക്ഷ സ്ഥാപനങ്ങള്‍ ഏറ്റെടുക്കാനുള്ള ഫാസിസ്റ്റ് നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരില്‍ അനിയന്ത്രിതമായ അമിതാധികാരം അടിച്ചേല്‍പ്പിക്കുന്ന നടപടിയാണിത്. വിദേശ സംഭാവനകള്‍ ഉപയോഗിച്ച് ഉണ്ടാകുന്ന സ്വത്തുക്കളില്‍ സര്‍ക്കാരിന് കൂടുതല്‍ നിയന്ത്രണാധികാരം നല്‍കുന്നതാണ് എഫ്സിആര്‍ഐ ഭേദഗതി ബില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
Content Highlights: FCRA amendment; Ramesh Chennithala wants the Center to back off from the move to destroy minority institutions