കേരള രാഷ്ട്രീയത്തിലെ പവര്‍ഫുള്‍ കപ്പിള്‍സ്; ഒരേസമയം നിയമനിർമ്മാണ സഭകളിൽ തിളങ്ങിയ ദമ്പതിമാർ

കേരള നിയമസഭാ ചരിത്രത്തിലെ അപൂര്‍വ്വതകളുടെ ഏടില്‍ ഇടം പിടിച്ച ദമ്പതികൾ

1 min read|27 Mar 2026, 05:37 pm

ദമ്പതികള്‍ ഒരേ സമയം സാമാജികരാകുന്നത് കേരള നിയമസഭയില്‍ വളരെ അപൂര്‍വമായി മാത്രമേ സംഭവിച്ചിട്ടുള്ളു. രണ്ട് ദമ്പതികളാണ് നിയമസഭാ ചരിത്രത്തിലെ ഈ കൗതുകത്തിന് വഴി തുറന്നിട്ടുള്ളത്, കെ ആര്‍ ഗൗരിയമ്മ-ടി വി തോമസ്, കെ എ ദാമോദര മേനോന്‍-ലീല ദാമോദര മേനോന്‍ എന്നിവരാണത്.

കെ ആര്‍ ഗൗരിയമ്മയും ടി വി തോമസും

കേരളക്കര ആഘോഷിച്ച രാഷ്ട്രീയരംഗത്ത് നിന്നുള്ള ദമ്പതികളാണ് കെ ആര്‍ ഗൗരിയമ്മയും ടി വി തോമസും. മന്ത്രിസഭയിലെത്തിയതിന് പിന്നാലെയാണ് ഗൗരിയമ്മയും ടി വി തോമസും ജീവിതപങ്കാളികളാകുന്നത്. 1957ലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ ആലപ്പുഴയില്‍ നിന്ന് ടി വി തോമസും ചേര്‍ത്തലയില്‍ നിന്ന് കെ ആര്‍ ഗൗരിയമ്മയും മത്സരിച്ച് വിജയിച്ചു. ആദ്യ മന്ത്രിസഭയില്‍ ഇരുവരും മന്ത്രിമാരുമായി. മന്ത്രിമായിരിക്കെ ഇവര്‍ ഒന്നിച്ചുള്ള ജീവിതയാത്രയ്ക്കും തുടക്കം കുറിച്ചു. ഒരേ മന്ത്രിസഭയുടെ ഭാഗമായ ദമ്പതികള്‍ അതിന് ശേഷം ഇന്നുവരെ കേരളത്തിലുണ്ടായില്ലെന്നതും ചരിത്രമാണ്. പിന്നീട് 1967ലും 1970ലും നടന്ന തെരഞ്ഞെടുപ്പുകളിലും ഇരുവരും വിജയിച്ച് സഭയിലെത്തി. പിന്നീട് ഇടതുപക്ഷത്തിന്റെ ഇരുചേരികളിലേക്ക് വഴിപിരിഞ്ഞത് പോലെ വ്യക്തിജീവിതത്തിലും ഇവര്‍ അകന്നുമാറി. പക്ഷെ ഇന്നും കേരളരാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും പവര്‍ഫുള്ളായ ദമ്പതികളായാണ് കെ ആര്‍ ഗൗരിയമ്മയും ടി വി തോമസും ഓര്‍മിക്കപ്പെടുന്നത്.

ദാമോദര മേനോനും ലീല ദാമോദര മേനോനും

മാതൃഭൂമി പത്രാധിപരായിരുന്ന കെ എ ദാമോദര മേനോന്‍ ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് വിദേശത്തെ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലെത്തി സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തയാളാണ്. 1941ല്‍ ദാമോദര മേനോന്റെ ജീവിത പങ്കാളിയായി കോഴിക്കോടെത്തിയപ്പോഴാണ് ദാമോദര മേനോനും സ്വാതന്ത്ര്യസമരത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഭാഗമാകുന്നത്. ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ ദാമോദര മേനോനും ലീലാ ദാമോദര മേനോനും തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ലീല വിജയിക്കുകയും ദാമോദര മേനോന്‍ തോല്‍ക്കുകയും ചെയ്തു. ലീല കുന്ദമംഗലത്ത് നിന്നും ദാമോദര മേനോന്‍ പെരുമ്പാവൂരില്‍ നിന്നുമായിരുന്നു ജനവിധി തേടിയത്. പിന്നീട് 1960ല്‍ വീണ്ടും ഇരുവരും ജനവിധി തേടി. ഇത്തവണ ജനങ്ങള്‍ ദമ്പതികളെ കാത്തു, ലീല കുന്ദമംഗലത്ത് നിന്നും ദാമോദര മേനോന്‍ പറവൂരില്‍ നിന്നും വിജയിച്ച് സഭയിലെത്തി. അങ്ങനെ ഒരേ സമയം നിയമസഭയിലിരുന്ന ദമ്പതികളെന്ന ചരിത്രത്തിന്റെ ഭാഗവുമായി.

നിയമസഭയിൽ മാത്രമല്ല ലോക്സഭയിലും ഒരുമിച്ച്

ഒരേ സമയം ലോക്സഭയിൽ ഒരുമിച്ച് പ്രവർത്തിച്ച മലയാളി ദമ്പതികളും ഉണ്ട്. എ കെ ഗോപാലനും ഭാര്യ സുശീല ഗോപാലനും 1967ൽ കേരളത്തിൽ നിന്ന് ഒരേ സമയം ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എകെജി കാസർകോട് ലോക്സഭമണ്ഡലത്തിൽ നിന്നും സുശീല ഗോപാലൻ അമ്പലപ്പുഴയിൽ നിന്നുമാണ് ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ലോക്സഭയിലും നിയമസഭയിലും ഒരേ കാലയളവില്‍ പ്രവര്‍ത്തിച്ച ദമ്പതിമാരും കേരളത്തിലുണ്ടായിട്ടുണ്ട്. 1957ല്‍ ആലപ്പുഴയില്‍ നിന്ന് സിപിഐഎം നേതാവ് പി ടി പുന്നൂസ് ലോക്സഭയിലെത്തിയപ്പോള്‍ അതേവര്‍ഷം ദേവികുളത്ത് നിന്ന് ഭാര്യ റോസമ്മ പുന്നൂസ് നിയമസഭയുടെ ഭാഗമായി. 2003ല്‍ വയലാര്‍ രവി ലോക്സഭാ എംപിയും ഭാര്യ മേഴ്സി രവി കോട്ടയത്തെ എംഎല്‍എയായതും മറ്റൊരു അപൂര്‍വതയാണ്.

ഇതിന് പുറമേ പങ്കാളിയുടെ മരണത്തിന് പിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എംഎല്‍എമാരായവരും നിയമസഭയിലുണ്ട്. റേച്ചല്‍ സണ്ണി പനവേലി, എലിസബത്ത് മാമ്മന്‍ മത്തായി, ഉമാ തോമസ് എന്നിവരാണ് ഭര്‍ത്താക്കന്മാരുടെ മരണത്തിന് പിന്നാലെ നിയമസഭയിലെത്തിയത്.

Content Highlights: Married Couple who became members of the Kerala Assembly at the same time

To advertise here,contact us