ധൈര്യമുണ്ടെങ്കില്‍ കൗണ്‍സിലറുടെ പേര് വെളിപ്പെടുത്തട്ടെ; ഡീല്‍ ആരോപണത്തില്‍ മുരളീധരനെ വെല്ലുവിളിച്ച് ശ്രീലേഖ

ഡീല്‍ ആരോപണം തോല്‍വിക്ക് മുന്നോടിയായുള്ള മുന്‍കൂര്‍ ജാമ്യം എടുക്കലെന്ന് ശ്രീലേഖ

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ ബിജെപി-സിപിഐഎം ഡീല്‍ ആരോപണത്തില്‍ വാക് പോര് കടുക്കുന്നു. ബിജെപി സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ബിജെപി കൗണ്‍സിലര്‍മാര്‍ രാത്രി പ്രശാന്തിനൊപ്പമാണെന്ന കെ മുരളീധരന്റെ ആരോപണത്തിലാണ് വാക്‌പോര്. കെ മുരളീധരന് ധൈര്യമുണ്ടെങ്കില്‍ കൗണ്‍സിലറുടെ പേര് വെളിപ്പെടുത്തട്ടെയെന്ന് ആര്‍ ശ്രീലേഖ വെല്ലുവിളിച്ചു.

'തോല്‍വിക്ക് മുന്നോടിയായി അവര്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കും. തോറ്റുകഴിഞ്ഞാലും അക്കാര്യം പറയാമല്ലോ. ഡീല്‍ ആരോപണം തോല്‍വിക്ക് മുന്നോടിയായുള്ള മുന്‍കൂര്‍ ജാമ്യം എടുക്കലാണ്. ഞാന്‍ ഒരു വെല്ലുവിളിയും ഉയര്‍ത്തുന്നില്ല. തന്റെ കൂടെ നില്‍ക്കുന്ന കൗണ്‍സിലര്‍മാര്‍ ആരൊക്കെയെന്ന് അറിയാം. തനിക്ക് വേണ്ടി കൗണ്‍സിലര്‍മാര്‍ വോട്ട് പിടിച്ചുനല്‍കും', ആര്‍ ശ്രീലേഖ പറഞ്ഞു.

കോണ്‍ഗ്രസ്-ബിജെപി ഡീലിലെ മുഖ്യകഥാപാത്രം കെ മുരളീധരന്‍ ആണെന്ന് എഎ റഹീം എം പിയും ആരോപിച്ചു. തൃശ്ശൂരില്‍ ഡീല്‍ നടത്തിയത് കെ മുരളീധരനാണ്. വട്ടിയൂര്‍ക്കാവില്‍ മത്സരം സിപിഐഎമ്മും ബിജെപിയും തമ്മിലാണെന്നും എ എ റഹീം പറഞ്ഞു.

വട്ടിയൂര്‍ക്കാവിലെ ഡീല്‍ ആരോപണം വി കെ പ്രശാന്ത് കഴിഞ്ഞദിവസം തന്നെ തള്ളിയിരുന്നു. കെ മുരളീധരന്‍ പരാജയം ഉറപ്പിച്ചുകഴിഞ്ഞെന്നായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് പ്രതികരിച്ചത്. അതുകൊണ്ടാണ് മണ്ഡലത്തില്‍ സിപിഐഎം-ബിജെപി ഡീല്‍ എന്ന് ആരോപിക്കുന്നത്. തോറ്റതിന് ശേഷം പറയാന്‍ പോകുന്ന ന്യായീകരണം ഇപ്പോഴെ പറയുന്നതായി കണക്കാക്കിയാല്‍ മതിയെന്നും വി കെ പ്രശാന്ത് പരിഹസിച്ചു.

Content Highlights: CPIM-BJP deal allegation R sreelekha challenge K Muraleedharan

To advertise here,contact us