തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയിൽ 'ഗ്ലാസ്' ഇല്ല; പ്രതിസന്ധിയിലായി അഹമ്മദ് ദേവർകോവിൽ

ഗ്ലാസ് ചിഹ്നത്തില്‍ അഹമ്മദ് ദേവര്‍ കോവില്‍ പ്രചാരണം തുടങ്ങിയിരുന്നു

കോഴിക്കോട്: കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ എല്‍ഡിഎഫിന് ചിഹ്നപ്രതിസന്ധി. എല്‍ഡിഎഫ് ആവശ്യപ്പെട്ട ഗ്ലാസ് ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയില്‍ ഇല്ല. 2025ല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ നിന്നുമാണ് ഗ്ലാസ് അപ്രത്യക്ഷമായത്. 2024ലെ പട്ടികയില്‍ ഗ്ലാസ് ഉള്‍പ്പെടുത്തിയിരുന്നു. ഐഎന്‍എല്‍ നേതാവ് അഹമ്മദ് ദേവര്‍ കോവിലാണ് കോഴിക്കോട് സൗത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.

ഗ്ലാസ് ചിഹ്നത്തില്‍ അഹമ്മദ് ദേവര്‍ കോവില്‍ പ്രചാരണം തുടങ്ങിയിരുന്നു. ചിഹ്നം പ്രതിസന്ധിയിലായ സാഹചര്യത്തില്‍ ഗ്ലാസ് - അടയാളത്തില്‍ പ്രചരണം തത്കാലം നിര്‍ത്തിവയ്ക്കാന്‍ സിപിഐഎം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചിഹ്നം അനുവദിക്കുന്നതില്‍ വ്യക്തത വരുത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറോട് ജില്ലാ വരണാധികാരി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്നാണ്. വൈകീട്ട് മൂന്ന് മണിവരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം. നിലവില്‍ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം ആകെ 985 സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്. സംസ്ഥാനത്ത് ഏപ്രില്‍ ഒന്‍പതിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് നാലിനാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

കേരളത്തിന് പുറമേ അസം, പുതുച്ചേരി എന്നിവിടങ്ങളിലും ഏപ്രില്‍ ഒന്‍പതിനാണ് വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഏപ്രില്‍ 23നും രണ്ടാംഘട്ടം ഏപ്രില്‍ 29നും നടക്കും. മെയ് നാലിനാണ് പശ്ചിമ ബംഗാളിലും വോട്ടെണ്ണല്‍ നടക്കുന്നത്.

Content Highlights: LDF candidate Ahamed Devarkovil requested the ‘Glass’ symbol for the election, but it is not included in the Election Commission’s list of approved symbols. This has made the situation more complicated for the candidate

To advertise here,contact us