കുട്ടനാട്ടില്‍ യുഡിഎഫിന് ആശ്വാസം; സജി ജോസഫ് പത്രിക പിന്‍വലിക്കും

കുട്ടനാട്ടില്‍ പെയ്‌മെന്റ് സീറ്റ് ആരോപണവും ഉയര്‍ന്നിരുന്നു

ആലപ്പുഴ: കുട്ടനാട്ടില്‍ യുഡിഎഫിന് ആശ്വാസം. കോണ്‍ഗ്രസ് വിമതനായി മത്സരിക്കാനിരുന്ന ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് പത്രിക പിന്‍വലിക്കും. ഇതുസംബന്ധിച്ച് 11 മണിക്ക് സജി മാധ്യമങ്ങളെ കണ്ടേക്കും. കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫില്‍ നിന്ന് ഏറ്റെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സജി ജോസഫ് വിമതനായി മത്സരിക്കാന്‍ തീരുമാനിച്ചത്. കുട്ടനാട്ടില്‍ പെയ്‌മെന്റ് സീറ്റ് ആരോപണവും ഉയര്‍ന്നിരുന്നു.

തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് സജി രാജി വെച്ചിരുന്നു. കൊടിക്കുന്നില്‍ സുരേഷ് വിഭാഗത്തില്‍പ്പെട്ട ആളായിരുന്നു സജി ജോസഫ്. കുട്ടനാട്ടില്‍ കേരള കോണ്‍ഗ്രസ് ജോസഫ് പ്രതിനിധി റെജി ചെറിയാനാണ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെറിയ ഭൂരിപക്ഷത്തിനായിരുന്നു യുഡിഎഫിന് കുട്ടനാട് സീറ്റ് നഷ്ടമായത്. ഇത്തവണ ആ സീറ്റ് റെജി ചെറിയാനിലൂടെ തിരിച്ചുപിടിക്കാനാകുമെന്നാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കണക്ക് കൂട്ടുന്നത്.

അതേ സമയം എംഎല്‍എ ആയാല്‍ തനിക്ക് ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മണ്ഡലത്തിലെ പാവപ്പെട്ട രോഗികള്‍ക്ക് വീതിച്ചു നല്‍കുമെന്ന് റെജി ചെറിയാന്‍ പ്രഖ്യാപിച്ചു. കേരളത്തിലെ മറ്റേതൊരു പ്രദേശത്തുള്ള ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തേക്കാള്‍ വലിയ ദുരിതവും കഷ്ടപ്പാടുമാണ് കുട്ടനാടുകാര്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതിനാല്‍ കുട്ടനാടിന്റെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ലഭിക്കുന്ന വേതനവും അലവന്‍സുകളും സ്വന്തം കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ധാര്‍മ്മികമായി ശരിയല്ല. അതുകൊണ്ട് ജനപ്രതിനിധിയായ തെരഞ്ഞെടുക്കപ്പെട്ടാല്‍ ശമ്പളവും ഇന്ധനവും അടക്കമുള്ള മറ്റ് എല്ലാ ആനുകൂല്യങ്ങളും ഏതെങ്കിലും തരത്തിലുള്ള ചികിത്സാ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നുണ്ടെങ്കില്‍ അതും സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കില്ല. ഇത് കുട്ടനാടിന്റെ കാന്‍സര്‍ രോഗികള്‍ക്കും അരശണര്‍ക്കായും മാറ്റിവയ്ക്കും. ഓരോ മാസവും ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ആര്‍ക്കൊക്കെ നല്‍കി എന്ന് വ്യക്തമാക്കുമെന്നും റെജി ചെറിയാന്‍ പ്രഖ്യാപിച്ചു.

Content Highlights:saji Joseph will withdraw his nomination at kuttanad

To advertise here,contact us