മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ്. ജനപിന്തുണയുള്ളതുകൊണ്ടാണ് പ്രതിപക്ഷ നേതൃസ്ഥാനത്ത് രാഹുൽ ഗാന്ധി ഇരിക്കുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒളിക്കാനും മറയ്ക്കാനും ചിലതുള്ളതുകൊണ്ടാണ് മുഖ്യമന്ത്രിയും ഇടതുപക്ഷവും രാഹുൽ ഗാന്ധിക്കെതിരെ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ബിജെപിയെ പ്രതിരോധിക്കുന്നതിൽ നമ്പർ വൺ രാഹുൽ ഗാന്ധിയാണ്. അതുകഴിഞ്ഞേ മറ്റാരുമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഈ തെരഞ്ഞെടുപ്പിലെ അടവ് പാളി എന്ന് ഇടതുമുന്നണിക്ക് മനസിലായി. ബിജെപിയുമായി അഡ്ജസ്മെൻ്റുള്ള തരത്തിലാണ് പല മണ്ഡലങ്ങളിലും സിപിഐഎം സ്ഥാനാർത്ഥിയെ നിർത്തിയത്. അത് മറയ്ക്കാനാണ് രാഹുൽ ഗാന്ധിയെ വിമർശിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർത്ഥിയെ പിൻവലിക്കാൻ യുഡിഎഫിന് സമ്മർദ്ദം ചെലുത്തേണ്ട കാര്യമില്ല. അവരുടെ പാർട്ടി നയം അവർ സ്വീകരിക്കും. മഞ്ചേശ്വരത്ത് മത്സരിക്കുന്നത് ചീത്ത പേരുണ്ടാകുമെന്ന് അവർക്ക് മനസിലായിക്കാണുമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ലീഗ് നിയന്ത്രണത്തിൽ ആണെന്ന എ കെ ബാലന്റെ ആരോപണത്തിലും കുഞ്ഞാലിക്കുട്ടി മറുപടി പറഞ്ഞു. ഓരോ തെരഞ്ഞെടുപ്പിലും ആവർത്തിച്ച് ഉന്നയിക്കുന്ന കാര്യമാണ് ഇത്. ജനം ഇതെല്ലാം തള്ളിയതാണ്. പിന്നെയും ഈ കാര്യം പറയുന്നത് എന്തൊരു ഗതികേടാണെന്നും അദ്ദേഹം ചോദിച്ചു.
ഇതൊന്നും പറഞ്ഞ് ജനപിന്തുണ ഇല്ലാതാക്കാൻ കഴിയില്ല. മാറിമാറി വിഭജനയം പരീക്ഷിക്കുകയാണ് സിപിഐഎം ചെയ്യുന്നത്. എങ്ങനെ സാമുദായിക വിഭജനം ഉണ്ടാക്കി മുതലാക്കാൻ കഴിയും എന്നാണ് അവർ നോക്കുന്നത്. വെൽഫെയർ പാർട്ടി യുഡിഎഫിനെ പിന്തുണയ്ക്കുന്നത് അവരുടെ രാഷ്ട്രീയ സ്വാതന്ത്ര്യമാണ്. വെൽഫെയർ പാർട്ടി എത്രയോ തവണ വാർത്താ സമ്മേളനം വിളിച്ച്
എൽഡിഎഫിന് പിന്തുണച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയും അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് പിണറായി വിജയന് ഇന്ന് ഉയര്‍ത്തിയത്. രാഹുല്‍ ഗാന്ധി അഖിലേന്ത്യാ നേതാവാണെങ്കിലും പ്രാദേശിക നേതാവിന്റെ ഗൗരവം പോലുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ടാലും കൊണ്ടാലും രാഹുല്‍ ഗാന്ധി പഠിക്കില്ലെന്നും കാര്യങ്ങള്‍ നേരെ ചൊവ്വേ പഠിക്കാത്തതുകൊണ്ട് എത്ര മാത്രം അധഃപതനം ഉണ്ടാകുന്നതെന്ന് അദ്ദേഹത്തിന് മനസിലാക്കാന്‍ കഴിയുന്നില്ലെന്നും പിണറായി വിജയന് പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ തനിക്കെതിരേ കേസെടുത്ത് ചോദ്യംചെയ്ത് ബുദ്ധിമുട്ടിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ കേസില്‍ നടപടി ഉണ്ടായില്ലെന്നും അത് ബിജെപി-സിപിഐഎം അഡ്ജസ്റ്റ്മെന്റിന്റെ ഭാഗമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിനോടായിരുന്നു പിണറായി വിജയന്റെ പ്രതികരണം.
Content Highlight : The Muslim League has come out against the Chief Minister's statement targeting Rahul Gandhi.