പത്തനംതിട്ട: യുഡിഎഫ് അധികാരത്തിൽ വന്നാൽ ചിലപ്പോള് രമേശ് ചെന്നിത്തലയായിരിക്കും മുഖ്യമന്ത്രിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. യുഡിഎഫ് തിരുവല്ല മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു പി ജെ കുര്യൻ്റെ പരാമർശം. യുഡിഎഫിന് അനുകൂല സാഹചര്യമെന്നും എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും പി ജെ കുര്യൻ പറഞ്ഞു.
രമേശ് ചെന്നിത്തലയെ വേദിയിൽ ഇരുത്തിയായിരുന്നു പി ജെ കുര്യന്റെ പരാമർശം. യുഡിഎഫ് ജയിച്ചാൽ ചിലപ്പോൾ മുഖ്യമന്ത്രി രമേശ് ചെന്നിത്തല ആയിരിക്കും എന്നാണ് പി ജെ കുര്യൻ പറഞ്ഞത്. സാറിന് സംശയമുണ്ടോ എന്ന് പ്രവർത്തകർ തമാശരൂപേണ ചോദിച്ചപ്പോൾ തനിക്ക് സംശയം ഒന്നും ഇല്ല എന്നായിരുന്നു പി ജെ കുര്യൻ്റെ മറുപടി. ചെന്നിത്തല പറയുന്നത് മുഖ്യമന്ത്രിയെ പാർട്ടി തീരുമാനിക്കും എന്നാണ്. ഇപ്പോൾ ചെന്നിത്തലയുടെ അടുത്ത് വർഗീസ് മാമൻ ഇരിക്കുന്നതുപോലെ നിയമസഭയിലും ചെന്നിത്തലയുടെ വലതുവശത്ത് അദ്ദേഹമുണ്ടാകുമെന്നും പി ജെ കുര്യൻ പറഞ്ഞു. യുഡിഎഫിന് അനുകൂല സാഹചര്യമാണ് നിലവിലുള്ളത്. എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നുംഒമ്പതാം തിയതി വരെ എല്ലാം മറക്കണമെന്നും പി ജെ കുര്യൻ അഭ്യർത്ഥിച്ചു.
കഴിഞ്ഞ ദിവസം കെ സുധാകരനും മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ പിന്തുണച്ചിരുന്നു. റിപ്പോർട്ടർ ഇലക്ഷൻ ഓൺ വീൽസ് പരിപാടിയിൽ ഡോ അരുൺകുമാറിനോടൊപ്പം സംസാരിക്കുകയായിരുന്നു സുധാകരൻ. യുഡിഎഫ് അതികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയാകാൻ യോഗ്യൻ രമേശ് ചെന്നിത്തലയാണെന്നും താൻ അദ്ദേഹത്തെ നിർദേശിക്കുമെന്നുമാണ് കെ സുധാകരൻ പറഞ്ഞത്.
അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോഴിക്കോടെത്തുന്ന രാഹുൽ ഗാന്ധിക്ക് സ്വാഗതം പറഞ്ഞുകൊണ്ട് രമേശ് ചെന്നിത്തലയുടെ ചിത്രമുള്ള ഫ്ളക്സുകൾ പ്രത്യക്ഷപ്പെട്ടു. രാഹുലിന്റെയും രമേശിന്റേയും ചിത്രങ്ങൾ വെച്ചുകൊണ്ടാണ് ഫ്ലെക്സുകൾ ഉയർന്നത്. രാഹുൽ ബീച്ചിലേക്ക് വരുന്ന വഴിയിൽ അടക്കമാണ് ഫ്ലെക്സുകൾ ഉള്ളത്. കോൺഗ്രസിന്റെ പ്രധാന നേതാക്കൾ അടക്കമുള്ള ഫ്ളക്സിന്റെ തൊട്ടടുത്താണ് രമേശ് ചെന്നിത്തല മാത്രമുള്ള ഫ്ളക്സുകൾ ഉള്ളത്.
Content Highlights: Senior Congress leader PJ Kurien stated that Ramesh Chennithala would become the Chief Minister if the UDF comes to power in Kerala. He made the remark during an election convention in Thiruvalla.