കോഴിക്കോട്: കേരളത്തില്‍ സിജെപി സഖ്യമാണെന്നും ബിജെപി മത്സരിക്കുന്നത് എല്‍ഡിഎഫിന്റെ വിജയത്തിന് വേണ്ടിയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ബിജെപിക്ക് നല്കുന്ന വോട്ട് എല്‍ഡിഎഫിന് നല്‍കുന്നതിന് തുല്യമാണെന്നും അദ്ദേഹം ആരോപിച്ചു. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന യുഡിഎഫ് മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു ഖർഗെ.
ബിജെപിക്ക് കേരളത്തെ മനസിലായിട്ടില്ല. അവര്‍ കേരളത്തിനുള്ളില്‍ അന്യഗ്രഹ ജീവികളെപ്പോലെയാണ്.മതേതരമെന്ന് പറയുന്ന സിപിഐഎം എങ്ങനെ ബിജെപിയുമായി നീക്ക് പോക്കുണ്ടാക്കുമെന്നും അദ്ദേഹം ചോദിച്ചു. സിപിഐഎം സഞ്ചരിക്കുന്നത് ബിജെപിയുടെ അജണ്ടയ്ക്കൊപ്പമാണ്. ദൈവത്തെ പോലും വെറുതെ വിടാത്ത സര്‍ക്കാരാണിത്. കുറ്റക്കാരെ സംരക്ഷിച്ചെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫിനെ തിരികെ കൊണ്ട് വരണം, കേരളത്തെ രക്ഷിക്കണം. യുഡിഎഫ് നയിക്കും, കേരളം ജയിക്കുമെന്നും ഖര്‍ഗെ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് കാട്ടുകൊള്ളയാണ് നടക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ശബരിമലയിലെ സ്വര്‍ണം കവര്‍ന്നു. പോകുന്ന പോക്കില്‍ 200 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു.
ജനകൂട്ടത്തെ വിസ്മയത്തോടെ കാണുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് പറഞ്ഞു. ഇടതുപക്ഷത്തെ ചുരുട്ടി കൂട്ടി ജനമധ്യത്തിലിട്ട് പാഠം പഠിപ്പിക്കും. ജനമധ്യത്തില്‍ ഇട്ട് അപമാനിക്കും. ഇടതുപക്ഷം മാറണം, മാറ്റണം, ചിന്തിക്കണം, തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. തിരുത്തല്‍ വരുത്തി ഇടതുപക്ഷം വരണമെന്ന് ആവശ്യപ്പെടുന്നു. ഇടതുപക്ഷത്തെ ജനങ്ങള്‍ പിടിച്ചു ചവിട്ടി പുറത്താക്കും. കേരളത്തെ ഭരിക്കാന്‍ ഇടതുപക്ഷത്തിന് അവകാശമില്ലെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
നൂറ് സീറ്റ് നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പത്ത് വർഷം കൊണ്ട് കേരളത്തെ തകർത്ത് തരിപ്പണമാക്കി. ലക്ഷക്കണക്കിന് ചെറുപ്പക്കാർ വിദേശത്തേക്ക് പോകുന്നു. കേരളം വൃദ്ധസദനമായി മാറുകയാണ്. കേരള മോഡലിന്റെ നിറംമങ്ങിയിരിക്കുന്നു. കേരളത്തെ രക്ഷിക്കാൻ ഇടതുപക്ഷത്തിന് കഴിയില്ലെന്ന് പത്ത് വർഷം കൊണ്ട് തെളിഞ്ഞു. സാധാരണക്കാരന്റെയും പാവപ്പെട്ടവരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ യുഡിഎഫ് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തെ രക്ഷിക്കാനുള്ള പോരാട്ടമാണിത്. പിണറായി വിജയൻ എന്ന ഏകാധിപതിയുടെ അന്ത്യം കുറിക്കാനുള്ള പോരാട്ടമാണെന്നും ചെന്നിത്തല പറഞ്ഞു.
Content Highlights: Mallikarjun Kharge says BJP is contesting in Kerala for the victory of LDF