പീലി വിടർത്തി നിൽക്കുന്ന ഒരു മയിലിനെപ്പോലെയാണ് കേരളം. ആരെയും ആകർഷിക്കുന്ന അഴകാണ് നമ്മുടെ നാടിന്. വെള്ളച്ചാട്ടങ്ങൾ, മലനിരകൾ, കാടുകൾ, കടൽ, കായൽ തുടങ്ങി എല്ലാം അടങ്ങിയ സുന്ദരഭൂമി. ഇത്തരത്തിൽ ടൂറിസ്റ്റ് ഇടങ്ങൾ കാണാനെത്തുന്നവർക്ക് മതിയായ താമസസൗകര്യവും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കേണ്ടത് സർക്കാരിന്റെ കടമയാണ്. നിലവിൽ ഒരുപാട് സർക്കാർ ഗസ്റ്റ് ഹൗസുകൾ പലയിടത്തുമായിട്ടുണ്ട്. ചിലതാകട്ടെ പുതുമോടി അണിയാനൊരുങ്ങുകയുമാണ്.
മൂന്നാർ അക്കോമഡേഷൻ കോംപ്ലക്സ് (10 മുറികൾ), ഇടുക്കി ഇക്കോ ലോഡ്ജ് (12 കോട്ടേജ്), പീരുമേട് ഇക്കോ ലോഡ്ജ് (12 കോട്ടേജ്), പൊന്മുടി ഗസ്റ്റ് ഹൗസ് (22 മുറികൾ) എന്നിവയാണ് ഇക്കാലയളവിൽ നവീകരിച്ചത്. ഏഴ് മുറികളുള്ള പീരുമേട് ഗസ്റ്റ് ഹൗസും നവീകരിച്ചു. സുൽത്താൻ ബത്തേരി പഴയ ബ്ലോക്ക്, കോവളം ഗസ്റ്റ് ഹൗസിന്റെ നവീകരിച്ച ഹെറിറ്റേജ് ബ്ലോക്ക് തുടങ്ങിയവ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നുണ്ട്.
ഗുരുവായൂർ ഗസ്റ്റ് ഹൗസ് തുറന്നുനൽകിക്കഴിഞ്ഞു. ഇടുക്കി യാത്രിനിവാസും, ദേവികുളം യാത്രിനിവാസിന്റെ നവീകരണ പ്രവർത്തനങ്ങളും പൂർത്തിയാക്കി എത്രയും വേഗം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.
എറണാകുളം, പാലക്കാട്, മൂന്നാർ, മലമ്പുഴ, ദേവികുളം എന്നിവിടങ്ങളിലെ അതിഥി മന്ദിരങ്ങളുടെ നവീകരണത്തിന് ഭരണാനുമതി നൽകിക്കഴിഞ്ഞു.നിലവിൽ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസ് വിപുലീകരണ പ്രവർത്തനങ്ങൾ,ആലുവ ഗസ്റ്റ് ഹൗസ് നവീകരണം, വർക്കല കോട്ടേജ് നവീകരണം, കേരള കന്യാകുമാരി വീട് നവീകരണം, അതിരപ്പള്ളി യാത്രി നിവാസ്, സുൽത്താൻ ബത്തേരി അഡീഷണൽ ബ്ലോക്ക് എന്നിവയുടെ നിർമ്മാണം എന്നിവയെല്ലാം പുരോഗമിക്കുകയാണ്.
കാഴ്ചയും അനുഭവവും ഒരുമിക്കുന്ന, നമ്മെ അത്രയേറെ ആഴത്തിൽ സ്പർശിക്കുന്ന ഒരു പ്രക്രിയയാണ് ടൂറിസം. നമ്മുടെ പ്രകൃതിയെ, ചുറ്റുപാടുകളെ, കെട്ടിടങ്ങളെ തിരക്കുകളില്ലാതെ മനോഹരമായി നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ഇതിനായാണ് ഡിസൈൻ നയം രുപീകരിച്ചിരിക്കുന്നത്. വിവിധ മേഖലകളിൽ ഡിസൈൻ നയം നടപ്പിലാക്കുന്നതിനുള്ള ഒരു മാർഗ്ഗനിർദ്ദേശ ചട്ടക്കൂട് തയ്യാറാക്കുന്നതിനായി 2024 സെപ്റ്റംബർ 26, 27, 28 തീയതികളിൽ ഒരു വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. മൂന്ന് ദിവസത്തെ ചർച്ചകളുടെ ഭാഗമായി ഉന്നയിച്ച നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഡിസൈൻ നയ നിർവ്വഹണ മാർഗ്ഗനിർദ്ദേശത്തിന്റെ അന്തിമ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. ഇതിന് പുറമെ, വിവിധ പദ്ധതികളിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിനായി ടൂറിസം വകുപ്പും കേരള സ്റ്റാർട്ടപ്പ് മിഷനും 22.01.2025 ന് ഒരു ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.
സർക്കാർ ഒരു കാരവൻ നയവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കാരവനുകൾക്ക് സബ്സിഡിയും നൽകുന്നുണ്ട്. നിക്ഷേപത്തെ അടിസ്ഥാനമാക്കിയാണ് സബ്സിഡികൾ നൽകുന്നത്. കാരവൻ ടൂറിസവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പുമായി കരാറുകളിൽ ഏർപ്പെട്ട സംസ്ഥാനത്തെ 14 സംരംഭകർക്ക് 1 കോടി 5 ലക്ഷം രൂപയുടെ സബ്സിഡി ഇതുവരെ നൽകിയിട്ടുണ്ട്. പ്രോത്സാഹനത്തിന്റെ ഭാഗമായി കാരവൻ പാർക്കുകൾ ആരംഭിക്കുന്നവർക്കും നിക്ഷേപ സബ്സിഡി നൽകാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. വാഗമണിൽ സ്വകാര്യ മേഖലയിൽ ഒരു കാരവൻ പാർക്കും നിലവിൽ പ്രവർത്തിക്കുന്നുണ്ട്.
കേരളത്തിലെ ടൂറിസം മേഖലയ്ക്ക് വളരാനായി ആശയങ്ങൾ മാത്രം പോര. സാങ്കേതികവിദ്യ, നയിക്കാൻ കെൽപ്പുള്ള മനുഷ്യർ എന്നിവയും അത്യാവശ്യമാണ്. നൂതന ആശയങ്ങൾ, സംരംഭകത്വം, സാങ്കേതികവിദ്യ എന്നിവയിലൂടെ കേരളത്തിലെ ടൂറിസം മേഖലയിൽ പരിവർത്തനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റാർട്ടർ മിഷനും ടൂറിസം വകുപ്പും ഒരു ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. സാങ്കേതികവിദ്യ, സ്റ്റാർട്ടപ്പ് പോഡ് പ്രോജക്റ്റ്, ക്ലീൻ ടോയ്ലറ്റ് സംവിധാനം, ബഹുഭാഷാ വിവര കിയോസ്ക്കുകൾ, ഫ്രീഡം സ്ക്വയർ എന്നിവയുടെ സഹായത്തോടെ ആധുനിക കാരവാൻ പാർക്കുകൾ സ്ഥാപിക്കാനാണ് ധാരണാപത്രം മുൻഗണന നൽകുന്നത്.
കേരളത്തിലെ ടൂറിസം രംഗത്തിൽ അഭൂതപൂർവമായ വളർച്ചയാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ ഉണ്ടായത്. വനിതകൾ കൂടുതലായി കടന്നുവന്നു, കേരളത്തിലെ പല സ്ഥലങ്ങളും ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. അവാർഡുകൾ ഏറെ ലഭിച്ചു. പല രാജ്യങ്ങളിൽ നിന്നും സഞ്ചാരികൾ കേരളത്തിലേക്ക് ഒഴുകിയെത്തി. ഇവയെല്ലാം തുടരാനുള്ള വഴികളാണ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. കേരള ടൂറിസം ആഗോളതലത്തിൽത്തന്നെ ഒരു ബ്രാൻഡായി മാറിക്കഴിഞ്ഞു. മലയാളിയുടെ ഇച്ഛാശക്തിയും അതിന് പുറകിലുണ്ട് എന്നത് പറയാതെ വയ്യ. 'മലയാളി ഡാ' എന്ന് അഭിമാനിക്കുന്ന നമുക്ക് ടൂറിസം രംഗത്തിന്റെ വളർച്ചയിലും അങ്ങനെതന്നെ അഭിമാനിക്കാം.
Content Highlights: kerala tourism has reached new heights and is aiming for more