'സിപിഐഎം രാഷ്ട്രീയ പോരാട്ടമാണ് നടത്തുന്നത്, വികസന തുടർച്ചയ്ക്ക് ജനം വോട്ട് ചെയ്യും'; ഡീൽ വിവാദത്തിൽ വീണാ ജോർജ്

താന്‍ ജനിച്ചുവളര്‍ന്ന നാടാണ് ഇതെന്നും കഴിഞ്ഞ തവണത്തേക്കാള്‍ തനിക്ക് ഭൂരിപക്ഷം ഇത്തവണ ലഭിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു

പത്തനംതിട്ട: ഡീല്‍ വിവാദത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. സിപിഐഎം തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പോരാട്ടമാണ് നടത്തുന്നതെന്നും വോട്ടിന്റെ കണക്കുകള്‍ നോക്കിയാല്‍ അത് മനസിലാകുമെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു. വികസന തുടര്‍ച്ചയ്ക്ക് ജനം വോട്ടുചെയ്യുമെന്നും വികസനം കണ്‍മുന്നിലുണ്ടെന്നും അവർ പറഞ്ഞു. താന്‍ ജനിച്ചുവളര്‍ന്ന നാടാണ് ഇതെന്നും കഴിഞ്ഞ തവണത്തേക്കാള്‍ തനിക്ക് ഭൂരിപക്ഷം ഇത്തവണ ലഭിക്കുമെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി. പത്തനംതിട്ട ജില്ലയിലെ ആറന്മുള മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വീണാ ജോര്‍ജ്. അബിന്‍ വര്‍ക്കിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.

സംസ്ഥാനത്തെ വിവിധ നിയമസഭാ മണ്ഡലങ്ങളില്‍ സിപിഐഎമ്മും ബിജെപിയും തമ്മില്‍ ഡീല്‍ ഉണ്ടെന്നാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫ് മുന്നണിയുടെയും ആരോപണം. പാലക്കാടുള്‍പ്പെടെ 10 മണ്ഡലങ്ങളില്‍ ബിജെപിയും സിപിഐഎമ്മും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചത്. സിപിഐഎം മനഃപ്പൂര്‍വം ദുര്‍ബലരായ, അല്ലെങ്കില്‍ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശേഷിയുടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ബിജെപിയെ സഹായിക്കുകയാണ് എന്നാണ് ആരോപണം.

പാലക്കാട് മണ്ഡലം സിപിഐഎം സ്വതന്ത്രന് കൈമാറിയതിന് പുറമേ എന്‍ഡിഎയില്‍ ബിജെപിക്ക് മെച്ചപ്പെട്ട വോട്ടുളള മണ്ഡലങ്ങള്‍ ഘടകകക്ഷിയ്ക്ക് വിട്ടുനല്‍കിയതാണ് യുഡിഎഫ് ചൂണ്ടിക്കാട്ടുന്നത്. സ്വര്‍ണക്കടത്ത് കേസ്, ലാവലിന്‍ കേസ് അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ മന്ദഗതിയിലാക്കിയത്, പൂരം കലക്കല്‍, ആര്‍എസ്എസ് നേതാവുമായുളള എഡിജിപിയുടെ കൂടിക്കാഴ്ച്ച തുടങ്ങിയവയ്ക്ക് അനുബന്ധമായാണ് കോണ്‍ഗ്രസിന്റെ ഡീല്‍ ആരോപണം.

Content Highlights: 'CPIM is waging a political battle, people will vote fordevelopment'; Veena George on deal row

To advertise here,contact us