ചിലരുടെ നാമനിർദ്ദേശ പത്രികയിൽ കോടികളുടെ ആസ്തി; അതിൽ എം കെ മുനീർ സാറിനെ നമുക്ക് കൂട്ടാനാവില്ല: ലക്ഷ്മി പ്രിയ

അദ്ദേഹത്തെ ചേര്‍ത്തുപിടിക്കേണ്ടത് പ്രബുദ്ധ കേരളത്തിന്റെ അത്യാവശ്യമാണെന്നും ലക്ഷ്മി

കൊച്ചി: രാഷ്ട്രീയം തൊഴിലായി കൊണ്ടുനടക്കുന്നവരുടെ കൂട്ടത്തില്‍ എം കെ മുനീറിനെ കാണാനാവില്ലെന്ന് നടി ലക്ഷ്മി പ്രിയ. അദ്ദേഹത്തെ ചേര്‍ത്തുപിടിക്കേണ്ടത് പ്രബുദ്ധ കേരളത്തിന്റെ അത്യാവശ്യമാണെന്ന് ലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചു. എം കെ മുനീർ ജപ്തി ഭീഷണി നേരിടേണ്ടി വന്നതിന് പിന്നാലെയാണ് ലക്ഷ്മി പ്രിയയുടെ കുറിപ്പ്.

ഷോപ്പിംഗ് മാളുകളും വിദേശ നിക്ഷേപങ്ങളും മറ്റ് സംരംഭങ്ങളുമൊക്കെ നേടിയ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ജപ്തി ഭീഷണിയില്‍ കിടപ്പാടം പോലും നഷ്ടമാകുന്ന അവസ്ഥയില്‍ അദ്ദേഹമെത്തി എന്നത് ഞെട്ടലുളവാക്കിയെന്നും നടി കുറിച്ചു.

ലക്ഷ്മി പ്രിയയുടെ ഫേസ്ബുക്ക് കുറിപ്പ്

രാഷ്ട്രീയം തൊഴിലായി കൊണ്ടു നടക്കുന്ന ചിലരുടെ നാമ നിര്‍ദേശ പത്രികയില്‍ തനിക്കും കുടുംബത്തിനും കോടികളുടെ ആസ്തി എന്ന് എഴുതിയത് കണ്ട മനുഷ്യരാണ് നാം. ഇവരൊന്നും മറ്റൊരു തൊഴിലില്‍ ഏര്‍പ്പെട്ടതായി നമ്മുടെ അറിവില്‍ ഇല്ല. അവരില്‍ ഡോക്ടര്‍ എം കെ മുനീര്‍ സാറിനെ നമുക്ക് കൂട്ടാനാവില്ല.ജന സേവനത്തിന് എം ബി ബി എസ് ഡോക്ടര്‍ ആയിട്ട് കൂടി അദ്ദേഹത്തിന്റെ പിതാവിന്റെ പാത പിന്തുടര്‍ന്ന് അദ്ദേഹം കേരള രാഷ്ട്രീയത്തില്‍ വന്ന് എം എല്‍ എ ആയി.

അതിനും മുന്‍പ് അദ്ദേഹത്തിന്റെ സഹൃദയത്വം കേരളത്തിലെ സംസ്‌ക്കാരിക സദസ്സില്‍ സാഹിത്യകാരന്‍ എന്ന നിലയില്‍ നാം കണ്ടിട്ടുണ്ട്. മികച്ച വാഗ്മിയും പ്രഭാഷകനും എഡിറ്ററും ഗായകനും ഒക്കെയായി വിവിധ മേഖലകളില്‍ പ്രാവിണ്യം തെളിയിച്ചു. ശേഷം പൊതു പ്രവര്‍ത്തനങ്ങളിലേക്ക്. 2011- 16 കാലയളവില്‍ മന്ത്രിയായും എം എല്‍ എ ആയും തുടരുന്ന അദ്ദേഹം തീര്‍ച്ചയായും അഴിമതിയില്‍ മുങ്ങിയ രാഷ്ട്രീയ തൊഴിലാളികള്‍ക്ക് ഒരു അപവാദം തന്നെയാണ്.അല്ലെങ്കിലും നാട്ടിലേക്ക് തിരിച്ചു പോകാന്‍ ഖജനാവില്‍ നിന്നും ഒരു നാണയം പോലും എടുക്കാതെ കടം വാങ്ങി തിരികെ പോയ പത്ര പ്രവര്‍ത്തകനും വിദ്യാഭ്യാസ വിചക്ഷണനും ദീര്‍ഘകാല വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ മകന് അങ്ങനെ ആകാനല്ലേ സാധിക്കൂ?

എം കെ മുനീര്‍ സാറിന് ഡയബറ്റിസ് സംബന്ധ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ട് എന്ന് അറിയാം. എന്നാല്‍ ഇന്നലെ വളരെ പരിക്ഷീണിതനായ അദ്ദേഹത്തെ സാംസ്‌കാരിക കേരളം വലിയ വേദനയോടെയാണ് കണ്ടത്. ഷോപ്പിംഗ് മാളുകളും വിദേശ നിക്ഷേപങ്ങളും മറ്റ് സംരംഭങ്ങളുമൊക്കെ നേടിയ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ജപ്തി ഭീഷണിയില്‍ കിടപ്പാടം പോലും നഷ്ടമാകുന്ന അവസ്ഥയില്‍ എന്നത് ഞെട്ടലുളവാക്കി……. അത് ചരിത്രത്തെ പിന്നോട്ട് വലിയ്ക്കുകയും സി എച് സാഹിബിന്റെയൊക്കെ ചരിത്രം വീണ്ടും തിരയാനും കാരണമാക്കി.പ്രബുദ്ധ കേരളം രാഷ്ട്രീയ ചിന്തകള്‍ക്കുമപ്പുറത്തേയ്ക്ക് ശ്രീ മുനീര്‍ സാറിനെ ചേര്‍ത്തു പിടിക്കേണ്ടത് അത്യാവശ്യമാണ്.ലക്ഷ്മി പ്രിയ

മാർച്ച് 31-നകം കുടിശ്ശിക അടച്ചില്ലെങ്കിൽ വീട് ജപ്തി ചെയ്യുമെന്ന് കാണിച്ച് സഹകരണ ബാങ്ക് എം കെ മുനീറിന് നോട്ടീസയച്ചിരുന്നു. കോഴിക്കോട് നടക്കാവിലുളള ക്രസന്റ് ഹൗസിനാണ് ജപ്തി സംബന്ധിച്ച നോട്ടീസ് ലഭിച്ചത്. വീട് നവീകരണത്തിനായി ടൗൺ സർവീസ് സഹകരണ ബാങ്കിൽ നിന്ന് മുനീർ 35 ലക്ഷം രൂപയുടെ വായ്പ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ അത് പലിശയടക്കം 58 ലക്ഷം രൂപയായി. ഒരുതവണ ബാങ്ക് വായ്പ പുതുക്കി നൽകിയിരുന്നു. അതിനുശേഷം ഒരിക്കൽപ്പോലും തിരിച്ചടവുണ്ടായില്ല. നിരവധി തവണ ബാങ്ക് അധികൃതർ നോട്ടീസയച്ചിരുന്നു. വായ്പ അടയ്ക്കാൻ മുനീറിന്റെ കുടുംബം സന്നദ്ധത അറിയിച്ചുകൊണ്ട് പരമാവധി ഇളവ് വേണമെന്ന് ബാങ്ക് അധികൃതരോട് അഭ്യർത്ഥിച്ചിരുന്നു. തുടർന്ന് വായ്പ കുടിശ്ശിക 48 ലക്ഷമായി കുറച്ചിരുന്നു. ഈ തുക മുസ്‌ലിം ലീ​ഗ് ഇന്ന് അടച്ചുതീർത്തു.

കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്കിലാണ് പണം അടച്ചത്. ലീഗിൻ്റെ അക്കൗണ്ടിൽ നിന്നാണ് പണം നൽകിയത്. പാണക്കാട് സാദിഖലി തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും സംസാരിച്ചതായും ബാധ്യത പരിഹരിക്കാമെന്ന് പറഞ്ഞതായും മുനീർ നേരത്തെ വ്യക്തമാക്കിയിരുന്നു.

Content Highlights: actress lakshmipriya about m k muneer

To advertise here,contact us