വി ഡി സതീശന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു; നിയമനടപടി സ്വീകരിക്കുമെന്ന് എൽഡിഎഫ്

ഔദ്യോഗിക വാഹനത്തിന്റെ പെനാൽറ്റി അടച്ചിട്ടില്ല, ആസ്തിയും സ്വർണത്തിന്റെ മൂല്യവും കുറച്ച് കാണിച്ചുവെന്ന ആരോപണമാണ് സതീശനെതിരെ ഉയർന്നത്

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നാമനിർദേശ പത്രിക വരണാധികാരി സ്വീകരിച്ചു. ഔദ്യോഗിക വാഹനത്തിന്റെ പെനാൽറ്റി അടച്ചിട്ടില്ല, ആസ്തിയും സ്വർണത്തിന്റെ മൂല്യവും കുറച്ച് കാണിച്ചു എന്നീ ആരോപണം ഉന്നയിച്ച് പറവൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ടൈസൺ മാസ്റ്റർ ഉന്നയിച്ച പരാതിക്ക് പിന്നാലെ സതീശന്റെ പത്രിക പരിഗണിക്കാതെ മാറ്റിവെച്ചിരുന്നു. പറവൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയാണ് വി ഡി സതീശൻ. പ്ലാച്ചിമട സമര സമിതിയാണ് സതീശന് കെട്ടിവെക്കാനുള്ള പണം നൽകിയത്. രണ്ട് സെറ്റ് നാമനിർദേശ പത്രികയാണ് സതീശൻ സമർപ്പിച്ചിരുന്നത്.

ആസ്തി കുറച്ച് കാണിച്ചു, വരുമാന സ്രോതസ്സ് വെളിപ്പെടുത്തിയിട്ടില്ല, പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ലഭിക്കുന്ന ശമ്പളവും ആനുകൂല്യവും എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ, തുക എത്ര എന്ന് പറഞ്ഞിട്ടില്ല തുടങ്ങിയ പരാതികളാണ് ഉന്നയിച്ചിരുന്നത്. അഭിഭാഷകൻ ആണെന്ന് പറഞ്ഞെങ്കിലും വരുമാനത്തെ കുറിച്ച് പറഞ്ഞിട്ടില്ലെന്നും ടൈസൺ മാസ്റ്റർ പരാതിയിൽ പറഞ്ഞിരുന്നു.

സൂക്ഷ്മ പരിശോധന നടത്തുന്ന സമയത്താണ് നാമനിർദേശ പത്രിക സ്വീകരിക്കുന്നതിൽ എതിർപ്പുമായി ടൈസൺ മാസ്റ്റർ രംഗത്തെത്തിയത്. ഇതോടെ സതീശന്റെ പത്രിക മാറ്റിവെച്ചിരുന്നു. അതേസമയം നാമനിർദ്ദേശപത്രികയിലും വി ഡി സതീശന്‍റെ നുണയാണെന്നും സമർപ്പിച്ചത് അസത്യവാങ്മൂലമാണെന്നും സിപിഐഎം ജില്ലാ സെക്രട്ടറി എസ് സതീഷ് ആരോപിച്ചു. പത്രികക്കെതിരെ നിയമവിദഗ്ധരുമായി ആലോചിച്ച് എൽഡിഎഫ് നിയമനടപടി സ്വീകരിക്കുമെന്നും സതീഷ് വ്യക്തമാക്കി.

Content Highlights: The Returning Officer has accepted the nomination papers submitted by Opposition Leader V D Satheesan

To advertise here,contact us