തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വി ഡി സതീശൻ എന്നും നുണ പറയുമെന്നും ഒരു ജാഥയിൽ ഒൻപത് നുണയാണ് പറഞ്ഞതെന്നും എം വി ഗോവിന്ദൻ ആരോപിച്ചു. സതീശൻ ഇപ്പോൾ സിപിഐഎം-ബിജെപി ഡീൽ എന്ന് പറയുകയാണ്. സതീശൻ നടത്തുന്നത് കള്ളപ്രചാരണവേലയാണ്. നേമത്ത് കോൺഗ്രസിന്റെ വോട്ടുകൾ നഷ്ടപ്പെട്ടപ്പോൾ ബിജെപി ജയിച്ചു. ഡീൽ നടത്തുന്നത് കോൺഗ്രസും ബിജെപിയും തമ്മിലാണെന്നും ഗോവിന്ദൻ പറഞ്ഞു.
വികസനത്തെ പറ്റി മിണ്ടാൻ കോൺഗ്രസിന് ധൈര്യമില്ല. വികസനത്തെപ്പറ്റി കോൺഗ്രസിന്റെയും ബിജെപിയുടെയും നിലപാട് എന്താണെന്നും ഗോവിന്ദൻ ചോദിച്ചു. പത്ത് വർഷത്തെ ഒരു വികസന പ്രവർത്തനത്തിനും കോൺഗ്രസിന്റെയും ബിജെപിയുടെയും പിന്തുണയില്ല. വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാൻ അവർ സമ്മതിച്ചില്ല. നാഷണൽ ഹൈവേ നടപ്പിലാക്കില്ലെന്ന് കോൺഗ്രസ് പ്രതിജ്ഞ എടുത്തിരുന്നു. എന്നാൽ ഇച്ഛാശക്തിയോടെ എൽഡിഎഫ് അത് നടപ്പിലാക്കിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐഎം- ബിജെപി ഡീൽ ഉണ്ടെന്ന് സതീശൻ ആരോപിച്ചിരുന്നു. പല സീറ്റുകളിലും ബിജെപിക്ക് സീറ്റില്ലെന്നും പകരം ട്വന്റി -20യാണെന്നും ഇത് ഡീലിന്റെ ഭാഗമാണെന്നുമായിരുന്നു സതീശന്റെ ആരോപണം. സമാന ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. സിപിഐഎം- ബിജെപി ഡീൽ വ്യക്തമാണെന്നും 2021ലെ തെരഞ്ഞെടുപ്പിലും ബിജെപിയുമായി ഡീൽ ഉണ്ടാക്കിയാണ് തുടർഭരണം ഉണ്ടായതെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.
കേരളത്തിലെ സിപിഐഎം ഒരു കാലത്തുമില്ലാത്ത വിധം ബിജെപിയുമായി കൈ കോർത്തിരിക്കയാണ്. എൻഡിഎയിലെ കക്ഷികൾക്ക് കൊടുത്ത സീറ്റ് പരിശോധിച്ചാൽ അത് മനസിലാകും. കോൺഗ്രസ് മുക്ത ഭാരതമാണ് മോദിയുടെ ലക്ഷ്യം. കോൺഗ്രസ് വരരുത് എന്നതാണ് സിപിഐഎമ്മിന്റെ ലക്ഷ്യം. ഈ രണ്ട് ലക്ഷ്യവും ഒരുമിച്ച് ചേരുമ്പോൾ അവർ നടത്തിയ രാഷ്ട്രീയ കള്ളക്കളിയാണ് തുടർഭരണത്തിലേക്ക് വഴിതെളിച്ചത്. ഇപ്പോൾ കേരളത്തിൽ എവിടെനോക്കിയാലും അത് നമുക്ക് പ്രകടമായി കാണാൻ കഴിയുമെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.
Content Highlights: CPIM State Secretary M V Govindan says Opposition Leader VD Satheesan will always lie