സൈന്യത്തില്‍ മാത്രമല്ല, അച്ഛന്‍ വിദേശകാര്യ വകുപ്പിലും റെയില്‍വേയിലും ജോലി ചെയ്തിട്ടുണ്ട്: സന്ദീപ് വാര്യര്‍

പിതാവ് സൈനിക സേവനം നടത്തിയിരുന്നുവെന്ന വിവരം പല വേദികളിലും സന്ദീപ് വാര്യര്‍ വ്യക്തമാക്കിയിരുന്നു

തിരുവനന്തപുരം: അച്ഛന്‍ ഗോവിന്ദ വാര്യരുടെ ജോലി സംബന്ധിച്ച് രാഷ്ട്രീയ എതിരാളികള്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി തൃക്കരിപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യര്‍. ഗോവിന്ദ വാര്യര്‍ ഇന്ത്യന്‍ സൈന്യത്തില്‍ മാത്രമല്ല, വിദേശ കാര്യ വകുപ്പിലും അതിന് ശേഷം ഇന്ത്യന്‍ റെയില്‍വെയിലും ജോലി ചെയ്തിട്ടുണ്ടെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. പാര്‍ട്ടി ചീട്ടില്‍ പിന്‍വാതില്‍ നിയമനം മാത്രം ശീലമുള്ള നിങ്ങള്‍ക്ക് മെറിറ്റില്‍ ജോലി കിട്ടിയവനെ കാണുമ്പോള്‍ അത്ഭുതമായിരിക്കുമെന്നും സന്ദീപ് വാര്യര്‍ പരിഹസിച്ചു.

'പൊന്നു സഖാക്കളെ, ഗോവിന്ദ വാര്യര്‍ എന്ന എന്റെ അച്ഛന്‍ ഇന്ത്യന്‍ സൈന്യത്തില്‍ മാത്രമല്ല, വിദേശ കാര്യ വകുപ്പിലും അതിന് ശേഷം ഇന്ത്യന്‍ റെയില്‍വെയിലും ജോലി ചെയ്തിട്ടുണ്ട്. 1962, 1965, 1971 മൂന്ന് യുദ്ധങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായി സിഗ്‌നല്‍ കോറില്‍ പോരാടി. ബംഗ്ലാദേശ് വിമോചനം നടക്കുമ്പോള്‍ ധാക്കയില്‍ അദ്ദേഹം ഉണ്ടായിരുന്നു. വാര്‍ മെഡലും യുദ്ധപോരാളികള്‍ക്ക് നല്‍കിയ സര്‍ട്ടിഫിക്കറ്റുമൊക്കെ അഭിമാനത്തോടെ ഞങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്', സന്ദീപ് കുറിച്ചു.

'പതിനഞ്ച് വര്‍ഷത്തെ സൈനിക സേവനത്തിന് ശേഷം ഡല്‍ഹിയില്‍ വിദേശകാര്യ വകുപ്പില്‍ ഉദ്യോഗസ്ഥനായി ഏതാണ്ട് രണ്ട് വര്‍ഷം ജോലി ചെയ്തപ്പോഴേക്കും ദക്ഷിണ റെയില്‍വേയില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ആയി ജോലി ലഭിച്ചു. സര്‍വീസ് കാലത്ത് ഒരു അപകടം പോലും ഇല്ലാതെ നടത്തിയ സേവനത്തിനും അദ്ദേഹത്തിന് റെയില്‍വേയുടെ അംഗീകാരം ലഭിച്ചു. പാര്‍ട്ടി ചീട്ടില്‍ പിന്‍വാതില്‍ നിയമനം മാത്രം ശീലമുള്ള നിങ്ങള്‍ക്കൊക്കെ മെറിറ്റില്‍ ജോലി കിട്ടിയവനെ കാണുമ്പോള്‍ അത്ഭുതമായിരിക്കാം. തൃക്കരിപ്പൂരില്‍ തെരഞ്ഞെടുപ്പ് മുറുകുമ്പോള്‍ നിങ്ങള്‍ ഇനിയും കള്ളക്കഥകളുമായി രംഗത്തിറങ്ങും എന്നറിയാം. വ്യക്തിഹത്യയും നുണപ്രചരണവും നിങ്ങളുടെ ശീലമായി പോയല്ലോ.. നടക്കട്ടെ.' എന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

പിതാവ് സൈനിക സേവനം നടത്തിയിരുന്നുവെന്ന വിവരം പല വേദികളിലും സന്ദീപ് വാര്യര്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം തൃക്കരിപ്പൂരില്‍ പങ്കെടുത്ത പരിപാടിയില്‍ പിതാവ് തൃക്കരിപ്പൂരില്‍ സ്റ്റേഷന്‍ മാസ്റ്ററായി സേവനമനുഷ്ഠിച്ചത് ഓര്‍ത്തെടുക്കുകയായിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ആയതോടെയാണ് മറുപടിയുമായി സന്ദീപ് വാര്യര്‍ രംഗത്തെത്തിയത്.

Content Highlights: Sandeep varier Defends his Fathers Military legacy

To advertise here,contact us